ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് ഏകീകൃത വ്യക്തി നിയമം നടപ്പാക്കുന്നതിനെ പലവട്ടം അനുകൂലിച്ചിട്ടും ഇതിനായി ഒരു ശ്രമവും നടക്കുന്നില്ലെന്നു സുപ്രീം കോടതി. ഏകീകൃത നിയമം നടപ്പാക്കിയ ഗോവ ഇക്കാര്യത്തിൽ മാതൃകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗോവ നിവാസികളുടെ പിന്തുടർച്ചാവകാശവും ദായക്രമവും നിർണയിക്കുന്ന 1867 ലെ പോർച്ചുഗീസ് വ്യക്തി നിയമവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുൾപ്പെട്ട ബ‍ഞ്ചിന്റെ പരാമർശം.

രാജ്യമെങ്ങും ഏകീകൃത വ്യക്തി നിയമം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്കു ചുമതലയുണ്ടെന്ന് ഭരണഘടനയുടെ  44 ാം വകുപ്പിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനായി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നത്  ആശ്ചര്യകരമാണ്. ഹിന്ദു നിയമങ്ങൾ 1956 ൽ ക്രോഡീകരിച്ചെങ്കിലും രാജ്യമെങ്ങും ഏക നിയമം ഇതുവരെ ഉണ്ടായിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

ഗോവൻ നിവാസികളുടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വസ്തുവകകളുടെ പിന്തുടർച്ചാവകാശം സംബന്ധിച്ച പ്രത്യേക നിയമമായ പോർച്ചുഗീസ് വ്യക്തി നിയമം, ഇന്ത്യൻ നിയമമോ രാജ്യാന്തര നിയമമോ എന്ന വിഷയമാണ് കോടതി പരിശോധിച്ചത്. കേന്ദ്രസർക്കാർ അംഗീകരിക്കുകയും പാർലമെന്റിൽ പാസാക്കുകയും ചെയ്തതിനാൽ ഈ നിയമം ഗോവയിൽ നിലനിൽക്കുമെന്ന് കോടതി തീർപ്പു കൽപ്പിച്ചു. നിയമം വിദേശത്തു നിന്നു വന്നതാണെങ്കിലും ഇന്ത്യൻ നിയമമായി മാറിക്കഴിഞ്ഞു. ഇനി അതു വിദേശ നിയമമല്ല. – കോടതി വ്യക്തമാക്കി.

സംസ്ഥാനത്തിനു പുറത്തു സ്ഥിരതാമസക്കാരായ ഗോവൻ നിവാസികളുടെ പിന്തുടർച്ചാവകാശത്തിന് പോർച്ചുഗീസ് വ്യക്തിനിയമം മാനദണ്ഡമാക്കാമോ എന്ന പ്രശ്നവും കോടതി പരിശോധിച്ചു. ‘ഗോവൻ പൗരന്മാർ എന്നൊരു വിഭാഗമില്ല, എല്ലാവരും ഇന്ത്യൻ പൗരന്മാരാണ്. അതിനാൽ, രാജ്യത്തു നിലനിൽക്കുന്ന നിയമം അനുസരിച്ചു ഗോവക്കാർക്ക് എവിടെയും വസ്തു വാങ്ങുകയോ വിൽക്കുകയോ ചെയ്യാം’– കോടതി വിധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com