ADVERTISEMENT

ഹൂസ്റ്റൺ (യുഎസ്) ∙ ‘ഇന്ത്യാരവം’ മുഴങ്ങിയ മണിക്കൂറുകൾ ഉള്ളലിഞ്ഞാസ്വദിച്ച്, പാട്ടും നൃത്തവുമായി ഗൃഹാതുരത്വം പങ്കിട്ടു പ്രവാസികൾ വിശിഷ്ടാതിഥികൾക്കായി കാത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തുമെന്നും ഒരു മണിക്കൂറിലേറെ ചെലവിടുമെന്നും വൈറ്റ്ഹൗസ് അറിയിപ്പു വന്നതുമുതൽ തന്നെ ഇന്ത്യൻ സമൂഹം ആഘോഷത്തിലായിരുന്നു. 

മോദി വിമാനമിറങ്ങിയതുതന്നെ ‘ഹൗഡി ഹൂസ്റ്റൺ’ (ഹലോ ഹൂസ്റ്റൺ) എന്ന ട്വിറ്റർ കുശലാന്വേഷണത്തോടെയായിരുന്നു. ഹൂസ്റ്റണിലെ പ്രധാനചടങ്ങായ ‘ഹൗഡി മോദി’യുടെ അതേ ആവേശം സ്ഫുരിക്കുന്ന ഹൃദ്യമായ മറുചോദ്യം. അമേരിക്കൻ ശൈലിയിലുള്ള ‘ഹലോ’യാണ് ‘ഹൗഡി’. വാഷിങ്ടൻ ഡിസിയിൽ നിന്നു വിമാനം കയറിയെന്നും ‘ഹൂസ്റ്റണിൽ സുഹൃത്ത് മോദിക്കൊപ്പം കാണാമെന്നും ഗംഭീര ദിനമായിരിക്കു’മെന്നും തൽസമയം ട്വിറ്റർ സന്ദേശങ്ങളുമായി ട്രംപും ആവേശത്തിനു മിഴിവേകി. തീർച്ചയായും ഗംഭീര ദിനമായിരിക്കും എന്നു മോദിയുടെ മറുപടി പിന്നാലെയെത്തി. ഇതാദ്യമായാണ് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ വംശജരുടെ ഇത്ര വലിയൊരു സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 

ഹൂസ്റ്റൺ വിമാനത്താവളത്തിൽ ഇന്ത്യയിലെ യുഎസ് സ്ഥാനപതി കെനത്ത് ജസ്റ്റർ, യുഎസിലെ ഇന്ത്യൻ സ്ഥാനപതി ഹർഷവർധൻ ഷ്റിഗ്‌ല എന്നിവരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരാണു മോദിയെ വരവേറ്റത്.  

90 മിനിറ്റ് സാംസ്കാരിക പരിപാടികളോടെയായിരുന്നു ‘ഹൗഡി മോദി’ തുടക്കം. ഹൂസ്റ്റണിലെ ഡെമോക്രാറ്റിക് പാർട്ടിക്കാരനായ മേയർ സിൽവസ്റ്റർ ടേണറാണു സ്വാഗതം പറഞ്ഞത്. ഒൻപതരയോടെ മോദിയും ട്രംപും വേദിയിലെത്തി. അരമണിക്കൂർ ട്രംപിന്റെ പ്രസംഗം. തുടർന്ന്, മോദി സംസാരിച്ചു തുടങ്ങിയതോടെ ജനസമുദ്രം ഇളകിമറിഞ്ഞു. കരഘോഷവും ‘മോദി മോദി’ വിളികളുമായി എൻആർജി സ്റ്റേഡിയത്തിൽ ആവേശം അലതല്ലി. 

 

ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടേണർ, നഗരത്തിന്റെ ആലങ്കാരിക താക്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വാഗതോപഹാരമായി നൽകുന്നു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com