ADVERTISEMENT

ന്യൂഡൽഹി ∙ 2002ലെ ഗുജറാത്ത് കലാപത്തിനിടെ, സംഘം ചേർന്നുള്ള പീഡനത്തിന് ഇരയായ ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകണമെന്ന മുൻ ഉത്തരവ് നടപ്പാക്കാത്തത് എന്തുകൊണ്ടെന്ന് ആരാഞ്ഞ സുപ്രീം കോടതി 2 ആഴ്ചയ്ക്കകം ഇതു നടപ്പാക്കണമെന്ന് ഗുജറാത്ത് സർക്കാരിനോടു വീണ്ടും ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏപ്രിൽ 23നാണ് ബിൽക്കീസിനു നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. എന്നാൽ, ഉത്തരവു നടപ്പാക്കാത്തതിനെ ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത.

50 ലക്ഷം രൂപ നഷ്ടപരിഹാരമെന്നത് സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുന്നതല്ലെന്നും വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നഷ്ടപരിഹാരം വൈകുന്നത് എന്തുകൊണ്ടെന്നും 2 ആഴ്ച തന്നെ അധികമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെ‍ഞ്ച് സ്വരം കടുപ്പിച്ചു. ഇതോടെ, വിധി നടപ്പാക്കാമെന്ന് തുഷാർ മേത്ത കോടതിക്ക് ഉറപ്പു നൽകി. കോടതിയലക്ഷ്യ ഹർജി തീർപ്പാക്കുകയാണെന്നും എന്തെങ്കിലും പ്രയാസം നേരിട്ടാൽ ബിൽക്കീസിനു വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെ‍ഞ്ച് പറഞ്ഞു.

കലാപകാരികളിൽനിന്നു രക്ഷപ്പെടാൻ പലായനം ചെയ്യുന്നതിനിടെ 2002 മാർച്ച് 3നാണ് ബിൽക്കീസിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്. ബിൽക്കീസ് അന്ന് 5 മാസം ഗർഭിണിയായിരുന്നു. ബിൽക്കീസിന്റെ മൂന്നര വയസ്സുള്ള മകളുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com