ADVERTISEMENT

ന്യൂഡൽഹി ∙ പാക്കിസ്ഥാനിലെ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാരയിലേക്ക് അടുത്ത മാസം പോകുന്ന സർവകക്ഷി തീർഥാടക സംഘത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ഉൾപ്പെടുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്. എന്നാൽ, പാക്കിസ്ഥാനിലേക്കല്ല, മൻമോഹൻ സിങ്ങും താനുമുൾപ്പെടുന്ന സംഘം കർതാർപൂർ ഇടനാഴിയിലൂടെ ഗുരുദ്വാരയിലേക്കു മാത്രമാണു പോകുന്നതെന്നും അമരിന്ദർ വിശദീകരിച്ചു.

പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽ നിന്നു 4 കിലോമീറ്റർ അകലെ പാക്കിസ്ഥാനിലെ നരോവൽ ജില്ലയിൽ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകൻ ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നതു ദർബാർ സാഹിബിലാണ്. ഗുരു നാനാക്കിന്റെ 550–ാം ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് അടുത്ത മാസത്തെ തീർഥാടനം.

ഇന്ത്യയിൽ നിന്നുള്ള തീർഥാടകർക്കു വീസയില്ലാതെ കർതാർപുരിലേക്കു പോകുന്നതിനാണ് ഇടനാഴി. തീർഥാടകർക്കു പാക്കിസ്ഥാൻ പെർമിറ്റ് നൽകും. അടുത്ത മാസം 9നാണ് ഇടനാഴിയുടെ ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങിന് മൻമോഹൻ സിങ്ങിനെ ക്ഷണിക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ചടങ്ങിൽ പങ്കെടുക്കില്ലെന്നും തീർഥാടനം മാത്രമാണ് ഉദ്ദേശ്യമെന്നും മൻമോഹൻ സിങ്ങിന്റെ ഓഫിസ് വ്യക്തമാക്കി.

പാക്കിസ്ഥാനിലെ പഞ്ചാബിലാണു മൻമോഹൻ സിങ് ജനിച്ചത്. 1947 ൽ വിഭജനകാലത്താണു കുടുംബം ഇന്ത്യയിലേക്കു വന്നത്. പിന്നീട്, 10 വർഷം പ്രധാനമന്ത്രിയായിരുന്നപ്പോൾ ഉൾപ്പെടെ ഇതുവരെ മൻമോഹൻ പാക്കിസ്ഥാനിൽ പോയിട്ടില്ല.തീർഥാടനത്തിനു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ചോദിച്ചിട്ടുണ്ടെന്ന് അമരിന്ദർ പറഞ്ഞു. ഇടനാഴിയുടെ ഇന്ത്യൻ ഭാഗത്തെ ഉദ്ഘാടനത്തിലും ഗുരു നാനാക്കിന്റെ ജന്മവാർഷികാഘോഷത്തിലും രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com