ADVERTISEMENT

പട്ന ∙ രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്ന കത്തെഴുതിയ 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി ബിഹാർ പൊലീസ് കേസെടുത്തു. സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, മണിരത്നം, അപർണ സെൻ, അനുരാഗ് കശ്യപ്, ആശ ആചി ജോസഫ്, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, നടിമാരായ രേവതി, കൊങ്കണ സെൻ ശർമ, എഴുത്തുകാരൻ അമിത് ചൗധരി, ഡോ. ബിനായക് സെൻ, മലയാളി നടിയും മോഡലുമായ കനി കുസൃതി എന്നിവരുൾപ്പെടെയുള്ളവർക്ക് എതിരെയാണ് മുസഫർപുർ സദർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസ്.സാംസ്കാരിക നായകർ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ രാജ്യത്തിന്റെ പ്രതിഛായ തകർക്കുകയും വിഘടനവാദത്തെ പിന്തുണയ്ക്കുകയും ചെയ്തതിനാൽ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ സുധീർ കുമാർ ഓജ നൽകിയ ഹർജിയിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചത്. പ്രധാനമന്ത്രിയുടെ സദ്ഭരണത്തെ താറടിച്ചു കാണിക്കാനും കത്തിൽ ശ്രമിച്ചതായി ഹർജിയിൽ ആരോപിച്ചിരുന്നു.

ഓഗസ്റ്റ് 20ലെ കോടതി വിധി അനുസരിച്ചാണ് ഇന്നലെ പൊലീസ് കേസെടുത്തത്. രാജ്യദ്രോഹത്തിനു പുറമേ സമാധാന ലംഘനത്തിന് ഇടയാക്കുന്ന തരത്തിൽ മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
‘ജയ് ശ്രീറാം’ പോർവിളിയായി മാറിയെന്ന കത്തിലെ പരാമർശത്തിനെതിരെ സംഘപരിവാർ രൂക്ഷവിമർശനം നടത്തിയിരുന്നു. ന്യൂനപക്ഷങ്ങളെയും ദലിതരെയും ലക്ഷ്യമിട്ടുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും വിയോജിപ്പുകൾ കൂടി ഉൾക്കൊള്ളുന്നതാണ് ജനാധിപത്യമെന്നും കത്തിൽ സാംസ്കാരിക നായകർ അഭിപ്രായപ്പെട്ടിരുന്നു. ജൂലൈ 23 നാണ് മോദിക്ക് കത്തയച്ചത്.

aparna-sen-Shyam-Benegal-ManiRatnam
അപർണ സെൻ, ശ്യാം ബെനഗൽ, മണിരത്നം

ജനാധിപത്യവിരുദ്ധം: അടൂർ ഗോപാലകൃഷ്ണൻ

‘‘ഗാന്ധിജിയുടെ ചിത്രത്തിൽ വെടിവയ്ക്കുകയും ഗോഡ്സെയെ ആരാധിക്കുകയും ചെയ്യുന്നവർ ഇവിടെ രാജ്യദ്രോഹികളല്ല. അവരെല്ലാം എംപിമാരാകും. മാന്യമായി കത്തയച്ചവർക്കെതിരെയാണു കേസ്. ഈ കേസ് ജനാധിപത്യവിരുദ്ധമാണ്. ഇതിന്റെ പേരിൽ കേസ് എടുത്തത് അവിശ്വസനീയമാണ്. സാമാന്യബോധമുള്ളവർ ഇത്തരം ഹർജി അംഗീകരിക്കില്ല.

ഹർജി സ്വീകരിച്ചതുതന്നെ ആശ്ചര്യമുണ്ടാക്കുന്നു. കോടതിയുടെ നിലപാടിൽ ആശങ്കയുണ്ട്. ജനാധിപത്യ അവകാശങ്ങൾ ഉപയോഗിച്ചു മാന്യമായ ഭാഷയിലാണു ഞങ്ങൾ പ്രധാനമന്ത്രിക്കു കത്തയച്ചത്. ഏതെങ്കിലും സർക്കാരിനോ വ്യക്തിക്കോ എതിരെയല്ല കത്ത്. ധിക്കാരപരമായ ഒന്നും അതിൽ ഇല്ല. അനീതി ചൂണ്ടിക്കാട്ടുകയായിരുന്നു ലക്ഷ്യം.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com