ADVERTISEMENT

ന്യൂഡൽഹി ∙ സർക്കാരിനെയോ ജുഡീഷ്യറിയെയോ സായുധ സേനകളെയോ വിമർശിക്കുന്നതിനെ രാജ്യദ്രോഹമായി കരുതാനാകില്ലെന്നു സുപ്രീം കോടതിയിലെ ജസ്റ്റിസ് ദീപക് ഗുപ്ത കഴിഞ്ഞ മാസം ഏഴിനാണു പൊതുപ്രഭാഷണത്തിൽ വ്യക്തമാക്കിയത്. രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിലുള്ള 124 എ വകുപ്പ് ഏറെ ദുരുപയോഗിക്കപ്പെടുന്നുവെന്നും പുനഃപരിശോധിക്കണമെന്നും ഈ വകുപ്പിനെക്കാൾ മുകളിലാണ് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് ഗുപ്ത ഇതു പറഞ്ഞ് ഒരു മാസം തികയും മുൻപാണ് 49 സംസ്കാരിക പ്രവർത്തകർക്കെതിരായ നടപടി.നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) അവസാനം പുറത്തുവിട്ട കണക്കനുസരിച്ച്, 2014–16 കാലഘട്ടത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി 179 പേരെയാണ് അറസ്റ്റ് ചെയ്തത്. അതിൽ 80% കേസുകളിലും കുറ്റപത്രം നൽകിയിട്ടില്ല. 90% കേസുകളിലും വിചാരണ നടന്നിട്ടില്ല. ആകെ 2 കേസുകളിലാണു ശിക്ഷയുണ്ടായത്.

കനയ്യ, ഷെഹ്‍ല, മഞ്ജിത് മഹന്ത...

കശ്മീരിലെ സൈനിക നടപടികളെ വിമർശിച്ചതിനു കശ്മീരിൽ നിന്നുള്ള വിദ്യാർഥി നേതാവ് ഷെഹ്‍ലാ റാഷിദിനെതിരെ അടുത്തിടെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തിരുന്നു.പൗരത്വ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത എഴുത്തുകാരൻ ഹിരേൻ ഗൊഹൈൻ, കിസാൻ മുക്തി സംഗ്രാം സമിതി നേതാവ് അഖിൽ ഗൊഗോയ്, മാധ്യമപ്രവർത്തകൻ മഞ്ജിത് മഹന്ത എന്നിവർക്കെതിരെ ജനുവരിയിൽ സമാന കേസെടുത്തു. 2016ൽ ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടു കനയ്യ കുമാർ ഉൾപ്പെടെ നാൽപതിലേറെ പേർക്കെതിരെ കേസുണ്ടായി.

Deepak-Gupta
ജസ്റ്റിസ് ദീപക് ഗുപ്ത

ജനാധിപത്യത്തിന്റെ തിരുത്തൽ മാർഗം

സർക്കാരിന്റെ നടപടികളെ വിമർശിച്ചു സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും തുറന്ന കത്തെഴുതുന്നതു പുതുമയുള്ള കാര്യമല്ല. അടുത്തകാലത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 5 മുൻ വിദേശകാര്യ സെക്രട്ടറിമാരും 6 മുൻ സംസ്ഥാന പൊലീസ് മേധാവികളും മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുമുൾപ്പെടെ അൻപതിലേറെപ്പേർ തുറന്ന കത്തെഴുതിയിരുന്നു.

തങ്ങൾ 15 തുറന്ന കത്തുകളെഴുതിയെങ്കിലും ഒന്നിനോടു പോലും സർക്കാർ പ്രതികരിച്ചില്ലെന്നാണ് ഇവർ പിന്നീടു വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം യുപിയിലെ ബുലന്ദ്ഷഹറിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ പൊലീസ് ഇൻസ്പെക്ടർ സുബോധ്കുമാർ സിങ് കൊല്ലപ്പെട്ടപ്പോൾ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് എൺപതോളം മുൻ സർക്കാർ ഉദ്യോഗസ്ഥർ തുറന്ന കത്തെഴുതി.

ബ്രിട്ടിഷ് വകുപ്പ്: ഇരയായവരിൽ ഗാന്ധിജിയും

മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികം രാജ്യം ആഘോഷിച്ചതിനു തൊട്ടുപിന്നാലെയാണ് അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ളവർക്കെതിരായ കേസെന്നതു ശ്രദ്ധേയം. 1870ൽ ബ്രിട്ടിഷുകാരുടെ കാലത്തു ശിക്ഷാനിയമത്തിൽ ഉൾപ്പെടുത്തിയതാണ് 124എ വകുപ്പ്. ബ്രിട്ടിഷ് ഭരണകാലത്ത്, 1918 ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ഗാന്ധിജിയെ 6 വർഷം തടവിനു ശിക്ഷിച്ചിരുന്നു – ഭരണകൂടത്തെ വിമർശിച്ചതിന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com