ADVERTISEMENT

മുംബൈ∙ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രിക്കു തുറന്ന കത്തെഴുതിയതിന് അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടിയെ അതിശക്തമായ അപലപിച്ച്  സംസ്കാരിക രംഗത്തെ 180 പ്രമുഖർ പ്രധാനമന്ത്രിക്കു തുറന്ന കത്തെഴുതി. നടൻ നസറുദീൻ ഷാ, ഛായാഗ്രാഹകൻ ആനന്ദ് പ്രധാൻ, വിഖ്യാത ചരിത്രകാരി റോമില ഥാപ്പർ, ആക്ടിവിസ്റ്റ് ഹർഷ് മന്ദർ തുടങ്ങിയവർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

രാജ്യത്തു വർധിച്ചു വരുന്ന ആൾക്കൂട്ട കൊലപാതകങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കഴിഞ്ഞ ജൂലൈയിൽ 49 പ്രമുഖർ പ്രധാനമന്ത്രിക്കു തുറന്ന കത്തയച്ചതു രാജ്യദ്രോഹക്കുറ്റമായി പരിഗണിച്ച് ബിഹാറിലെ മുസഫർപുറിൽ കേസ്  റജിസ്റ്റർ  ചെയ്തിരുന്നു. കത്ത് രാജ്യത്തിന്റെ പ്രതിഛായ മോശമാക്കിയെന്നും പ്രധാനമന്ത്രിയുടെ സദ്ഭരണത്തെ അപകീർത്തിപ്പെടുത്തിയെന്നും ആരോപിച്ചാണ് കേസെടുത്തത്. ഇതിനെ ചോദ്യം ചെയ്തും അപലപിച്ചുമാണ് പ്രധാനമന്ത്രിക്ക് പുതിയ കത്ത് അയച്ചത്.

‘‘ ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയിൽ രാജ്യത്തു നിലനിൽക്കുന്ന പ്രശ്നം സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയാൽ അതെങ്ങനെ രാജ്യദ്രോഹക്കുറ്റം ആകും?  കോടതിയെ ദുരുപയോഗം ചെയ്തു ജനങ്ങളുടെ ശബ്ദം അടിമച്ചർത്തുകയല്ലേ ചെയ്യുന്നത്’’– കത്തിൽ ചോദിക്കുന്നു.

എഴുത്തുകാരായ അശോക് വാജ്പേയി, ജെറി പിന്റോ, അക്കാദമീഷ്യൻ ഇറ ഭാസ്കർ, കവി ജീത് തയ്യിൽ, ഷംസുൾ ഇസ്ലാം, സംഗീതജ്ഞൻ ടി.എം. കൃഷ്ണ, സംവിധായകനും ആക്ടിവിസ്റ്റുമായ സാബാ ദേവാൻ തുടങ്ങിയവർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. സഹപ്രവർത്തകർ അയച്ച കത്തിലെ ഒരോ വാചകത്തെയും പിന്തുണയ്ക്കുന്നുവെന്നും അവർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com