ADVERTISEMENT

ന്യൂഡൽഹി∙ ആൾക്കൂട്ടക്കൊലകൾ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമല്ലെന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളിലുണ്ടാകുന്ന സംഭവങ്ങളെ അങ്ങനെ വിശേഷിപ്പിക്കുന്നത് രാജ്യത്തെ അപമാനിക്കാനുള്ള ശ്രമമാണെന്നും ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവത്. ഇത്തരം അക്രമങ്ങൾ നടത്തുന്നവരെ സംഘം അനുകൂലിച്ചിട്ടില്ലെന്നും സ്വയം സേവകർ ഇത്തരം അക്രമങ്ങൾക്കെതിരായി പ്രവർത്തിക്കണമെന്നും നാഗ്പുരിലെ ആസ്ഥാനത്ത് വിജയദശമി പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

സ്വാർഥ താൽപര്യക്കാർ ജാതിയുടെയും ഭാഷയുടെയും മറ്റും പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. അതിനിടയ്ക്ക്, ഒരു വിഭാഗത്തെ മറ്റൊരു കൂട്ടർ ആക്രമിക്കുന്നതായ വാർത്തകൾ വരുന്നു. പലതും കെട്ടിച്ചമച്ചതോ വളച്ചൊടിച്ചതോ ആണ്. എന്തു തന്നെയായാലും ഈ അക്രമങ്ങൾ നിയമവിരുദ്ധമാണ്. ഇത് സമുദായങ്ങൾ തമ്മിലുള്ള ബന്ധത്തെ ഇല്ലാതാക്കുന്നു. എത്ര പ്രകോപനമുണ്ടായാലും നിയമവ്യവസ്ഥയെ ബഹുമാനിച്ചാണു മുന്നോട്ടുപോകേണ്ടത്.

ഹിന്ദുക്കളെ സംഘടിപ്പിക്കുകയും മുസ്‍ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ സംഘം എതിർക്കുകയും ചെയ്യുന്നു എന്നു ചിലർ പ്രചരിപ്പിക്കുന്നു. സംഘത്തെ അടുത്തറിയാത്തവർക്കിടയിൽ അത് അവിശ്വാസവും ഭയവുമുണ്ടാക്കുന്നു. സ്വഭാഷ, സ്വഭൂഷ (സ്വന്തം വസ്ത്രം), സ്വസംസ്കൃതി (സ്വന്തം സംസ്കാരം) എന്നിവയെക്കുറിച്ചു പൂർണവിവരം തരുന്ന വിദ്യാഭ്യാസരീതിയാണു നാടിന് ആവശ്യമെന്നും ഭഗവത് പറഞ്ഞു. ശിവ് നാടാർ മുഖ്യാതിഥിയായിരുന്നു. നിതിൻ ഗഡ്കരി, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരടക്കമുള്ള പ്രമുഖർ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com