ADVERTISEMENT

ന്യൂഡൽഹി ∙ ഫ്രാൻസിൽ നിന്നു വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളിൽ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചുള്ള ആയുധങ്ങളും സാങ്കേതിക സൗകര്യങ്ങളും സജ്ജമാക്കാൻ വ്യോമസേന. കഴിഞ്ഞ ദിവസം ഫ്രാൻസിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആദ്യ വിമാനം ഏറ്റുവാങ്ങിയെങ്കിലും ഇതുൾപ്പെടെ 4 എണ്ണം അടുത്ത മേയിൽ മാത്രമേ ഇന്ത്യയിലെത്തൂ. ആയുധങ്ങളും സാങ്കേതിക സൗകര്യങ്ങളും സജ്ജമാക്കുന്നതിനു വേണ്ടിയാണ് ഈ കാലതാമസം. വ്യോമസേനയുടെ ആവശ്യപ്രകാരം റഫാൽ നിർമാതാക്കളായ ഡാസോ ഏവിയേഷൻ വിമാനങ്ങളിൽ ആയുധങ്ങൾ സ്ഥാപിക്കും.

ആകെ 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. 18 എണ്ണം 2021 ഫെബ്രുവരിയിൽ എത്തും. ബാക്കിയുള്ളവ 2022ൽ സേനയുടെ ഭാഗമാകും. 18 എണ്ണം വീതം ഹരിയാനയിലെ അംബാല, ബംഗാളിലെ ഹാസിമാര വ്യോമതാവളങ്ങളിൽ നിലയുറപ്പിക്കും. പാക്ക്, ചൈന വ്യോമാതിർത്തിക്ക് ഇവ കാവലൊരുക്കും. 

ആയുധബലം

∙ 9.3 ടൺ ആയുധങ്ങൾ വിമാനത്തിനു വഹിക്കാം. 

∙ മീറ്റിയോർ ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ ടു എയർ മിസൈൽ – ആകാശത്തെ ലക്ഷ്യം തകർക്കാനുള്ള മിസൈൽ. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന മിസൈലിന്റെ ദൂരപരിധി: 120 – 150 കിലോമീറ്റർ. 

∙ സ്കാൽപ് എയർ ടു ഗ്രൗണ്ട് ക്രൂസ് മിസൈൽ. ആകാശത്തു നിന്നു കരയിലെ ലക്ഷ്യത്തിലേക്കു തൊടുക്കുന്ന മിസൈൽ. ദുരപരിധി 300 കിലോമീറ്റർ. ഒരു വിമാനത്തിന് 2 സ്കാൽപ് മിസൈലുകൾ വഹിക്കാം. ഇറാഖിൽ ഭീകര സംഘടനയായ ഐഎസ് ക്യാംപുകളിൽ മുൻപ് റഫാലിലെ സ്കാൽപ് മിസൈലുകൾ ഉപയോഗിച്ച് ഫ്രാൻസ് ആക്രമണം നടത്തിയിട്ടുണ്ട്.

∙ മീറ്റിയോർ, സ്കാൽപ് വിഭാഗത്തിലുള്ള മിസൈലുകൾ നിലവിൽ പാക്കിസ്ഥാന്റെ പക്കലില്ല. 

സാങ്കേതിക സൗകര്യങ്ങൾ

∙ അത്യാധുനിക റഡാർ.

∙ ശത്രു സേനയുടെ റഡാറുകൾ നിശ്ചലമാക്കാനുള്ള സംവിധാനം. 

∙ ലഡാക്ക് പോലെ ഉയർന്ന മേഖലകളിൽനിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എൻജിൻ കരുത്ത്. 

∙ ശത്രുസേനയുടെ മിസൈലുകൾ വഴിതിരിച്ചു വിടാനുള്ള സാങ്കേതിക വിദ്യ. 

ആർബി 001

രാജ്നാഥ് ഏറ്റുവാങ്ങിയ റഫാലിന്റെ ടെയിൽ നമ്പർ (വിമാനത്തിന്റെ വാലിൽ രേഖപ്പെടുത്തിയിരിക്കുന്ന തിരിച്ചറിയൽ നമ്പർ) ആർബി 001. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബധൗരിയയുടെ പേരു സൂചിപ്പിച്ചാണ് ‘ആർബി’ എന്നു രേഖപ്പെടുത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com