ADVERTISEMENT

പട്ന ∙ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണൻ‌ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾക്കെതിരെ എടുത്ത രാജ്യദ്രോഹക്കേസ് അവസാനിപ്പിക്കാൻ ബിഹാർ പൊലീസ് തീരുമാനിച്ചു. ‘ദുഷ്ടലാക്കോടെയും അടിസ്ഥാനമില്ലാതെയും’ പരാതി നൽകിയതിന് അഭിഭാഷകൻ സുധീർ ഓജയ്ക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചതായും ബിഹാർ പൊലീസ് വക്താവ് ജിതേന്ദ്ര കുമാർ അറിയിച്ചു.

അടൂരിനു പുറമേ ചരിത്രകാരൻ രാമചന്ദ്ര ഗുഹ, സംവിധായകരായ ശ്യാം ബെനഗൽ, മണിരത്‌നം, അനുരാഗ് കശ്യപ് എന്നിവരടക്കം 49 പേർക്കെതിരെയാണു മുസഫർപുർ സദർ പൊലീസ് സ്റ്റേഷനിൽ രാജ്യദ്രോഹക്കുറ്റം അടക്കം വിവിധ വകുപ്പുകൾ ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രശസ്തിക്കു വേണ്ടിയാണു സുധീർ ഓജ പരാതി നൽകിയതെന്നും മുസഫർപുർ എസ്എസ്പി മനോജ് കുമാർ സിൻഹ പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി 2 ദിവസത്തിനകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

കോടതി നിർദേശമനുസരിച്ചായിരുന്നു എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നും നവംബർ 11നകം റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

എൻഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടിയുമായി സുധീർ ഓജയ്ക്കുള്ള ബന്ധം ബിഹാറിൽ നിതീഷ് കുമാർ സർക്കാരിനു ക്ഷീണമായിരുന്നു. ഇതേ തുടർന്ന് കേസ് അവസാനിപ്പിക്കാൻ പൊലീസിനു സർക്കാർ നിർദേശമുണ്ടായതായാണു സൂചന.

ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദിയും ഓജയ്ക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. കേസിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും ആർഎസ്എസിനെയും വലിച്ചിഴയ്ക്കരുതെന്നും കേസുമായി പാർട്ടിക്കു ബന്ധമില്ലെന്നും സുശീൽ മോദി വ്യക്തമാക്കി.

പ്രമുഖർക്കെതിരെ പൊതുതാൽപര്യ ഹർജികൾ ഫയൽ ചെയ്തു ശ്രദ്ധ നേടുന്നതു പതിവാക്കിയാളാണു സുധീർ ഓജ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഋതിക് റോഷൻ തുടങ്ങിയവർക്കെതിരെയും നേരത്തെ ഓജ കോടതിയെ സമീപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com