ADVERTISEMENT

ന്യൂഡൽഹി ∙ വരൾച്ചയും വനനശീകരണവും വേട്ടയാടുന്ന നാട്ടിൽ, പച്ചപ്പു പുതയ്ക്കാൻ ‘ഹരിത മതിൽ’ പദ്ധതി ഇന്ത്യ പരിഗണിക്കുന്നു. ഗുജറാത്തിലെ പോർബന്തറിൽ തുടങ്ങി ഡൽഹി ഹരിയാനയിലെ സോനിപ്പത്ത് വരെ നീളുന്ന 1400 കിലോ മീറ്റർ നീളത്തിലും 5 കിലോമീറ്റർ വീതിയിലും ഹരിത മതിൽ ഒരുക്കുകയാണു ലക്ഷ്യം. ആഫ്രിക്കൻ യൂണിയൻ മുൻകൈ എടുത്തു നിർമിക്കുന്ന ഹരിത വൻ മതിലിന്റെ മാതൃക പിൻപറ്റിയാണ് ഇന്ത്യയും പച്ചമതിലൊരുക്കുന്നത്.

ആരവല്ലി പർവതനിരകൾക്ക് അനുബന്ധമായി ഒരുക്കുന്ന ഹരിത മതിൽ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിലൂടെയാണു കടന്നുപോകുക. പാക്കിസ്ഥാനിൽ നിന്നും പശ്ചിമ ഇന്ത്യയിലെ മരുക്കാറ്റിൽ നിന്നുള്ള പൊടിക്കാറ്റിനെ അടക്കം തടയാനുള്ള വഴിയായും ഹരിതമതിലിനെ കാണുന്നു. പ്രാഥമിക തല ചർച്ചയിൽ പദ്ധതിക്ക് അനുകൂല പ്രതികരണം ലഭിച്ചു.

മരുവൽക്കരണത്തെ ചെറുക്കുക, കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കുക എന്നീ ലക്ഷ്യങ്ങളിൽ ഇന്ത്യ നടത്തുന്ന വിപ്ലവകരമായ ചുവടുവയ്പായി ഇതിനെ മാറ്റാമെന്നാണു സർക്കാർ വിലയിരുത്തൽ. രാജ്യത്ത് ഉപയോഗശൂന്യമായ 260 ലക്ഷം ഹെക്ടർ ഭൂമി 2030 ആകുമ്പോഴേക്കും ഫലപ്രദമാക്കി മാറ്റുമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിനു കൂടി യോജിച്ചതാവും പദ്ധതി. ഗ്രാമീണവികസനം, പ്രാദേശിക സഹകരണം, പാരിസ്ഥിതിക മാനേജ്മെന്റ് തുടങ്ങിയവയും പദ്ധതി വഴി ഉറപ്പാക്കും.

അതേസമയം, ഒരു പതിറ്റാണ്ട് മുൻപേ ആഫ്രിക്കൻ യൂണിയൻ ലക്ഷ്യമിട്ട പദ്ധതി ഇപ്പോഴും ലക്ഷ്യത്തിലെത്തിയിട്ടില്ല. പല രാജ്യങ്ങളും അനുകൂലമായി പ്രതികരിക്കാത്തതാണു കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com