ADVERTISEMENT

ന്യൂഡൽഹി ∙ പാക്ക് അധീന കശ്മീരിൽ നിന്ന് ആദ്യം ജമ്മു കശ്മീർ സംസ്ഥാനത്തിനു പുറത്തും പിന്നീട് സംസ്ഥാനത്തും താമസമാക്കിയ 5300 കുടുംബങ്ങളെ കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി. ഇവർക്ക് 5.5 ലക്ഷം രൂപ വീതം സഹായം ലഭിക്കും. ആദ്യം തന്നെ സംസ്ഥാനത്തു വന്നു താമസമാക്കിയവർക്കു മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം നേരത്തെ നൽകിയത്. പിന്നീടു വന്നവരെ ഉൾപ്പെടുത്തിയിരുന്നില്ല. ഇവരെ കൂടി ഉൾപ്പെടുത്താൻ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.

പിഎം–കിസാൻ പദ്ധതിയിൽ ഉൾപ്പെടുന്ന കർഷകർക്കു ആധാർ നമ്പർ നൽകാനുള്ള സമയപരിധി അടുത്ത മാസം 30 വരെ നീട്ടാൻ മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. വർഷം തോറും 3 ഗഡുക്കളിലായി മൊത്തം 6000 രൂപ നൽകുന്ന പദ്ധതിയുടെ പ്രയോജനം ഇതിനകം 7 കോടി കർഷകർക്കു ലഭിച്ചതായി മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.

3 നേതാക്കളെ മോചിപ്പിക്കുന്നു

ശ്രീനഗർ ∙ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ഓഗസ്റ്റ് 5ന് അറസ്റ്റ് ചെയ്ത മൂന്നു രാഷ്ട്രീയ പ്രവർത്തകരെ വിട്ടയയ്ക്കാൻ സംസ്ഥാന ഭരണകൂടം തീരുമാനിച്ചു. യാവർ മിർ, നൂർ മുഹമ്മദ്, ഷോയിബ് ലോൺ എന്നിവരെയാണ് മോചിപ്പിക്കുന്നത്. ഇവരിൽനിന്നു നല്ലനടപ്പ് കരാർ എഴുതി വാങ്ങുമെന്ന് അധികൃതർ പറഞ്ഞു. മുൻമുഖ്യമന്ത്രിമാരുൾപ്പെടെ 250 ലേറെ പേർ ഇപ്പോഴും കശ്മീരിൽ തടവിലാണ്.

കോളജുകൾ തുറന്നു; കുട്ടികൾ വന്നില്ല

ജമ്മു ∙ കശ്മീർ താഴ്‌വരയിൽ ഓഗസ്റ്റ് 5 മുതൽ അടഞ്ഞുകിടക്കുന്ന കോളജുകൾ ഇന്നലെ തുറന്നെങ്കിലും ജീവനക്കാർ ഹാജരായതല്ലാതെ കുട്ടികൾ വന്നില്ല. സ്കൂളുകൾ കഴിഞ്ഞയാഴ്ച തുറന്നെങ്കിലും കുട്ടികൾ ഹാജരായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com