ADVERTISEMENT

ന്യൂഡൽഹി ∙ മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളാവും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാളെയും മറ്റന്നാളും തമിഴ്നാട്ടിലെ മഹാബലിപുരത്തു ചർച്ച ചെയ്യുക. രണ്ടാം അനൗപചാരിക ഉച്ചകോടിയുടെ ഒൗദ്യോഗിക പ്രഖ്യാപനം ഇരുരാജ്യങ്ങളും ഇന്നലെയാണു നടത്തിയത്.

യുഎൻ രക്ഷാസമിതിയിലുൾപ്പെടെ കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അനുകൂല നിലപാടാണ് ചൈന സ്വീകരിച്ചിരുന്നതെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണു പ്രശ്നമെന്ന് കഴിഞ്ഞ ദിവസം നിലപാടു മാറ്റി. അതിനു പിന്നാലെയാണ് മഹാബലിപുരം ഉച്ചകോടിയെക്കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായത്. എന്നാൽ, ഇന്നലെ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഷിയും തമ്മിൽ ബെയ്ജിങ്ങിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തുവിട്ട സംയുക്ത പത്രക്കുറിപ്പിൽ ചൈന വീണ്ടും പഴയ നിലപാടിലേക്കു മാറി.

യുഎൻ ചാർട്ടറിന്റെയും രക്ഷാസമിതി പ്രമേയങ്ങളുടെയും ഉഭയകക്ഷി കരാറുകളുടെയും അടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കണമെന്നും സ്ഥിതി സങ്കീർണമാക്കുന്ന ഏകപക്ഷീയ നടപടികളെ തങ്ങൾ എതിർക്കുന്നുവെന്നുമാണ് ചൈന വ്യക്തമാക്കിയത്. ഇന്ത്യയുടെ നിലപാട് ചൈനയ്ക്ക് അറിയാമെന്നും ആഭ്യന്തര വിഷയങ്ങളിൽ മറ്റു രാജ്യങ്ങൾ പരാമർശങ്ങൾ നടത്തേണ്ടതില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ഇതിനോടു പ്രതികരിച്ചത്.

ചുരുക്കത്തിൽ, ഷി – മോദി ഉച്ചകോടിയുടെ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ ചൈന നടത്തിയ നിലപാടു മാറ്റം കൂടിക്കാഴ്ചയുടെ സ്വഭാവത്തെ ബാധിക്കാമെന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. ലഡാക്കിനു കേന്ദ്ര ഭരണപ്രദേശ പദവി നൽകാനുള്ള തീരുമാനം ഉച്ചകോടിയിൽ ചൈന ഉന്നയിക്കാനുള്ള സാധ്യത സർക്കാർ വൃത്തങ്ങൾ പൂർണമായി തള്ളിക്കളയുന്നില്ല.

ഏതു രാജ്യങ്ങൾ തമ്മിലും അഭിപ്രായ ഐക്യമില്ലാത്ത വിഷയങ്ങളുണ്ടാവാമെന്നും കശ്മീരിന്റെയും ലഡാക്കിന്റെയും കാര്യത്തിൽ പരമാധികാരം ഉപയോഗിച്ചെടുത്ത തീരുമാനങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരണം ആവശ്യമെങ്കിൽ അതിനു തയാറാണെന്നും സർക്കാർവൃത്തങ്ങൾ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മിയാണ് പരിഹാരം വേണ്ടതായ വിഷയങ്ങളുടെ പട്ടികയിൽ പ്രധാനം. 

ലോക വ്യാപാര സംഘടനയുമായി (ഡബ്ല്യുടിഒ) ബന്ധപ്പെട്ടും പൊതുവിൽ വ്യാപാര വിഷയത്തിലും യുഎസ് സ്വീകരിക്കുന്ന നടപടികൾ പശ്ചാത്തലത്തിൽ നിർത്തിയാവും ഷി – മോദി ചർച്ച. ചൈനയുമായി യുഎസ് വ്യാപാര യുദ്ധം തുടരുമ്പോൾ, ഇന്ത്യയെ വികസ്വര രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാണ് ഡബ്ല്യുടിഒയിൽ യുഎസ് ആവശ്യപ്പെട്ടിട്ടുള്ളത്.

ആർസിപിഇയുടെ ഭാഗമായാൽ ചൈനീസ് ഉൽപന്നങ്ങളുടെ കുത്തൊഴുക്കുണ്ടാകുമെന്നാണ് ഇന്ത്യയുടെ ആശങ്ക. ചൈനയിൽനിന്നുള്ള ഇറക്കുമതി ക്രമാതീതമായാൽ തടയാൻ വ്യവസ്ഥ വേണമെന്നു നിർദേശിക്കാമെന്നാണ് ഇന്ത്യയുടെ ആലോചന, വിപണി ഏകദേശം 20 വർഷം കൊണ്ടു പൂർണമായി തുറന്നുകൊടുക്കാമെന്നും. സ്വാഭാവികമായും ഇക്കാര്യങ്ങളിൽ ചൈനയുടെ നിലപാടാണ് നിർണായകം.

യുഎൻ രക്ഷാസമിതിയുടെ പുനഃക്രമീകരണം, പ്രതിരോധം, സുരക്ഷ, ഭീകരവാദം, അതിർത്തിത്തർക്ക വിഷയത്തിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ അടുത്ത കൂടിക്കാഴ്ച എപ്പോൾ നടത്തണം തുടങ്ങിയ കാര്യങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com