ADVERTISEMENT

ന്യൂഡൽഹി ∙ കർഷക വായ്പ എഴുതിത്തള്ളുന്ന പദ്ധതിയുടെ പേരിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. തിരഞ്ഞെടുപ്പു വേളയിൽ വാഗ്ദാനം ചെയ്ത വായ്പ ഇളവ് കോൺഗ്രസ് സർക്കാർ കർഷകർക്കു പൂർണമായി ലഭ്യമാക്കിയില്ലെന്ന സിന്ധ്യയുടെ പരാമർശം കമൽനാഥിനെയും സർക്കാരിനെയും വെട്ടിലാക്കി. ഇരുവരും തമ്മിൽ രൂക്ഷമായ അധികാരത്തർക്കം നിലനിൽക്കെയാണ് സിന്ധ്യയുടെ  പരാമർശം. 

2 ലക്ഷം രൂപ വരെയുള്ള വായ്പ എഴുതിത്തള്ളുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, 50,000 രൂപ വരെയുള്ള വായ്പകൾ മാത്രമാണ് എഴുതിത്തള്ളിയത്. 2 ലക്ഷം രൂപ വരെയുള്ളത് എത്രയും വേഗം ഒഴിവാക്കണം – സിന്ധ്യ ആവശ്യപ്പെട്ടു. 

രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരമുള്ള പദ്ധതി എന്ന രീതിയിലാണു കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ വായ്പ ഇളവ് പ്രഖ്യാപിച്ചത്. അധികാരത്തിലെത്തിയതിനു പിന്നാലെ വാഗ്ദാനം പാലിച്ചുവെന്ന കമൽനാഥിന്റെയും സർക്കാരിന്റെയും അവകാശവാദം ഖണ്ഡിക്കുന്നതാണു സിന്ധ്യയുടെ വാക്കുകൾ. 

വീണു കിട്ടിയ അവസരം ആയുധമാക്കിയ ബിജെപി കമൽനാഥിനെ കടന്നാക്രമിച്ചു. സിന്ധ്യയുടെ പരാമർശങ്ങൾക്ക് കമൽനാഥ് മറുപടി നൽകണമെന്നു മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. 

അതേസമയം, മധ്യപ്രദേശ് കോൺഗ്രസ് ഘടകം പ്രസിഡന്റ് സ്ഥാനം നൽകണമെന്ന സിന്ധ്യയുടെ ആവശ്യത്തിനു വഴങ്ങാൻ കമൽനാഥ് ഇനിയും തയാറായിട്ടില്ല. പ്രസിഡന്റ് സ്ഥാനവും കമൽനാഥാണു വഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com