sections
MORE

സുരക്ഷയിൽ കുരുങ്ങി മഹാ‌ബലിപുരം

modi-xi-mahabalipuram
അതിരുകളില്ല: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും മഹാബലിപുരത്തു സംഭാഷണത്തിനിടെ.
SHARE

മഹാബലിപുരം ∙ ഉച്ചകോടിക്കുവേണ്ടി പഴുതടച്ച സുരക്ഷ ഒരുക്കിയപ്പോൾ ചരി‌ത്രനഗരം നിശ്ചലം. ദിവസങ്ങൾക്കു മുമ്പു തന്നെ വിനോദ സ‌ഞ്ചാരികൾക്കു വിലക്കേർപ്പെടുത്തിയിരുന്ന നഗരത്തിൽ ഇന്നലെ രാവിലെ മുതൽ ഗതാഗതം നിരോധിച്ചതോടെ മഹാ‌ബലിപുരത്തും പരിസര പ്രദേശങ്ങളിലും ആളനക്കമില്ലാതായി. തീരത്തോടു ചേർന്ന് തീരസേനാ കപ്പൽ സജ്ജമാക്കി നിർത്തിയും റോഡിൽ പൊലീസിനെ വിന്യസിച്ചും ഒരുക്കിയത് സപ്തതല സുരക്ഷ.

പ്രദേശത്തെ വീടുകളിൽ ഇന്നലെ സുരക്ഷാ ഉദ്യോഗസ്ഥർ അവസാനവട്ട പരിശോധന നടത്തി. പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും കടന്നുപോകുന്ന സമയത്തു വീടുകളിൽ നിന്നു പുറത്തിറങ്ങുന്നവർ ബാരിക്കേഡിനു പിന്നിൽ തന്നെ നിൽക്കണമെന്നു നിർദേശം നൽകി. 

സുരക്ഷാ ക്രമീകരണങ്ങൾ ചെന്നൈ വിമാനത്താവളത്തിൽ നിന്നു മഹാബലിപുരം വരെ നീണ്ടു. ചെന്നൈ - മഹാബലിപുരം പാതയായ ഈസ്റ്റ്‌കോസ്റ്റ് റോഡിൽ രാവിലെ മുതൽ വാഹനങ്ങൾ വിരളമായിരുന്നു. പ്രത്യേക വേലി കെട്ടി വാഹനങ്ങളുടെ വേഗം നിയന്ത്രിച്ചായിരുന്നു പരിശോധന. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള 15,000 പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചത്. മഹാബലിപുരം, ചെങ്കൽപ്പേട്ട മേഖലകളിലെ ഭൂരിഭാഗം സ്‌കൂളുകൾക്കും അവധി നൽകി. മഹാബലിപുരത്തെ നൂറിലധികം ചെറുകിട കച്ചവടകേന്ദ്രങ്ങൾ ദിവസങ്ങൾക്കു മു‌ൻപേ അടപ്പിച്ചിരുന്നു.

പ്രസിഡന്റ് താമസിക്കുന്ന ഐടിസി ഗ്രാൻഡ് ചോളയിലും പ്രധാനമന്ത്രി താമസിക്കുന്ന കോവളത്തെ താജ് ഫിഷർമെൻസ് ഗ്രോവ് ഹോട്ടലിലും കനത്ത സുരക്ഷയുണ്ട്. ടിബറ്റൻ വിദ്യാർഥികൾ പ്രതിഷേധം നടത്തിയതോടെ പരിശോധന വീണ്ടും കർശനമാക്കി. 

ടിബറ്റൻ പ്രതിഷേധം; അഞ്ചു പേർ അറസ്റ്റിൽ

മഹാബലിപുരം ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ് എത്തുന്നതിനു മണിക്കൂറുകൾക്കു മു‌ൻപ് നഗരത്തിൽ ടിബറ്റൻ വംശജരുടെ പ്രതിഷേധം. ഷി താമസിക്കുന്ന ഗി‌ണ്ടിയിലെ ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിനു മുന്നിൽ രാവിലെ പതിനൊന്നോടെ പ്രതിഷേധിച്ച സ്ത്രീകളുൾപ്പെടെയുള്ള അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.  

പ്രതിഷേധിക്കാൻ ബെംഗളൂരുവിൽ നിന്നെത്തിയ ആറംഗ സംഘത്തെയും വിമാനത്താവളത്തിൽ നിന്നു കസ്റ്റഡിയിലെടുത്തു. ‌നേരത്തെ എഴുത്തുകാരൻ ടെൻസിൻ സുൻഡെ ഉൾപ്പെടെ 42 ടിബറ്റൻ വംശജരെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, ‘ഗോ ബാക്ക്’ മോദി ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി. തമിഴിനും ഇംഗ്ലിഷിനും പുറമേ, ചൈനീസ് ഭാഷയിലും ഹാഷ് ടാഗ് പ്രചരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA