ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ തക്കം പാർത്ത് പാക്ക് അധീന കശ്മീരിലെ ക്യാംപുകളിലുള്ളത് അഞ്ഞൂറോളം ഭീകരരെന്നു കരസേന. ഇതിനു പുറമേ ജമ്മു കശ്മീരിലെ ഉൾപ്രദേശങ്ങളിൽ 200 – 300 ഭീകരർ രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്നും വടക്കൻ സേനാ കമാൻഡർ ലഫ്. ജനറൽ രൺബീർ സിങ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഫെബ്രുവരിയിൽ വ്യോമസേന തകർത്ത ബാലാക്കോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാംപ് വീണ്ടും സജീവമായെന്ന സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പരാമർശങ്ങൾക്കു പിന്നാലെയാണ് അതിർത്തി മേഖലയുടെ ചുമതല വഹിക്കുന്ന സേനാ കമാൻഡർ ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച കണക്കു പുറത്തുവിട്ടത്. ക്യാംപുകളിലെ നീക്കം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

ഭരണഘടനയുടെ 370 –ാം വകുപ്പ് ഭേദഗതി ചെയ്ത ശേഷം കശ്മീരിൽ ക്രമസമാധാനനില മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ആയുധങ്ങൾ അതിർത്തി വഴി കടത്തുന്നതിനു പകരം ഡ്രോൺ (ആളില്ലാ ചെറു വിമാനം) ഉപയോഗിച്ച് അവ ഇന്ത്യയിലേക്കെത്തിക്കുന്നതിനുള്ള പരീക്ഷണങ്ങൾ പാക്കിസ്ഥാൻ സജീവമാക്കിയതായി സേനയ്ക്കു വിവരം ലഭിച്ചിട്ടുണ്ട്. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ അതിർത്തിയിൽ ജാഗ്രത കർശനമാക്കിയ സാഹചര്യത്തിലാണ്, ആകാശമാർഗം അവ എത്തിക്കുന്നതിന്റെ സാധ്യതകൾ തേടുന്നത്. അതിർത്തിയോടു ചേർന്നുള്ള വനമേഖലകളിൽ ആയുധങ്ങൾ ഇറക്കാനാണു പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത്. അടുത്തിടെ അതിർത്തി കടന്ന് പഞ്ചാബിൽ 2 പാക്ക് ഡ്രോണുകൾ അതിക്രമിച്ചു കയറിയിരുന്നു.

പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനം ഇന്ന് ആരംഭിച്ചേക്കും. ടൂറിസ്റ്റുകൾക്കായി താഴ്‌വര തുറന്നുകൊടുത്തതിനെ തുടർന്നാണ് ഈ തീരുമാനം. ഫോണില്ലെങ്കിൽ ടൂറിസ്റ്റുകൾ വരില്ലെന്ന് ട്രാവൽ ഏജൻസികൾ സർക്കാരിനെ അറിയിച്ചിരുന്നു. താഴ്‌വരയിൽ 40 ലക്ഷം പോസ്റ്റ് പെയ്ഡ് വരിക്കാരുണ്ട്. പ്രീ പെയ്ഡ് സേവനം പിന്നാലെ ലഭ്യമാക്കും. ഇന്റർനെറ്റ് കിട്ടാൻ വീണ്ടും വൈകും.

ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള ബജറ്റുകൾ ഗവർണറുടെ നേതൃത്വത്തിൽ തയാറാക്കിവരുകയാണ്. തിങ്കളാഴ്ച പൂർത്തിയാകും.

കശ്മീരിന്റെ പ്രത്യേകപദവി പിൻവലിച്ചതിനെ തുടർന്ന് അടച്ചിട്ട കടകമ്പോളങ്ങൾ 68–ാം ദിവസമായ ഇന്നലെയും തുറന്നില്ല. പൊതുഗതാഗതവും ഇതുവരെ പുനരാരംഭിച്ചിട്ടില്ല. എന്നാൽ സ്വകാര്യവാഹനങ്ങൾ തടസ്സമില്ലാതെ ഓടുന്നുണ്ട്. വഴിവാണിഭക്കാരും സജീവമാണ്. മിക്കയിടത്തും നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ടെങ്കിലും താഴ്‌വരയിൽ പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളിൽ ഇപ്പോഴും വിലക്കുകൾ നിലനിൽക്കുകയാണ്. വൻജനക്കൂട്ടം എത്തിയാൽ പ്രശ്നമുണ്ടാകുമെന്ന് ആശങ്കയുള്ളതിനാൽ വലിയ പള്ളികളിലെങ്ങും വെള്ളിയാഴ്ച നമസ്കാരം നടത്താൻ 2 മാസമായി അനുവദിച്ചിട്ടില്ല.

നിയന്ത്രണരേഖയിൽ ഇന്ത്യൻ ഭടന് വീരമൃത്യു

ജമ്മു ∙ രജൗറി ജില്ലയിലെ നിയന്ത്രണരേഖയിൽ പാക്ക് വെടിവയ്പിലും ഷെൽ ആക്രമണത്തിലും സൈനികൻ നായിക് സുഭാഷ് ഥാപ്പ (25) വീരമൃത്യു വരിച്ചു. ബംഗാളിലെ ‍ഡാ‍ർജലിങ് സ്വദേശിയാണ്. ജമ്മുവിലെ അഖ്നൂർ സെക്ടറിൽ ഷെൽ ആക്രമണത്തിൽ 2 ജവാന്മാർക്കു പരുക്കേറ്റു. നൗഷേര സെക്ടറിലും ഇന്നലെ വെടിനിർത്തൽ ലംഘനമുണ്ടായി.

ഭീകരർക്ക് ധനസഹായം: 4 പേർ അറസ്റ്റിൽ

ഭീകരപ്രവർത്തനങ്ങൾക്കു പണം നൽകിവന്ന 4 പേർ യുപി പൊലീസിന്റെ പിടിയിലായി. ലാക്കിംപുർ ജില്ലയിലെ നിഗാസൻ പ്രദേശത്തുള്ള ഉമ്മദ് അലി, സഞ്ജയ് അഗർവാൾ, സമീർ സൽമാനി, അയ്‍രാജ് അലി എന്നിവരാണ് വ്യാഴാഴ്ച രാത്രി അറസ്റ്റിലായത്. 

നേപ്പാളിൽ നിന്നു പണം കൊണ്ടുവന്നു ഭീകരപ്രവർത്തനങ്ങൾക്കു വിനിയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നു പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവർ കുടുങ്ങിയതെന്ന് യുപി ഡിജിപി ഒ.പി സിങ് പറഞ്ഞു. 

ഇവരിൽ നിന്ന് ഇന്ത്യൻ, നേപ്പാൾ കറൻസികളും നിരവധി മൊബൈൽ ഫോണുകളും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ 4 കൂട്ടാളികളെയും തിരിച്ചറി‍ഞ്ഞു. 

വിദേശരാജ്യങ്ങളിൽ നിന്ന് നേപ്പാളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം കൈമാറുകയും അക്കൗണ്ട് ഉടമകൾക്കു 5% കമ്മിഷൻ നൽകി പണം പിൻവലിക്കുകയുമാണ് ചെയ്തിരുന്നതെന്ന് പിടിയിലായവർ വെളിപ്പെടുത്തി. പിൻവലിച്ച പണം ഇന്ത്യൻ രൂപയിലാക്കി പിന്നീട് ഭീകരർക്കു നൽകും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com