ADVERTISEMENT

ബെംഗളൂരു ∙ആദായ നികുതി വകുപ്പ് റെയ്ഡിനു പിന്നാലെ കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ പിഎ എൻ.എസ്.രമേഷിനെ (38) മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ജ്ഞാനഭാരതി സർവകലാശാല ക്യാംപസിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിർത്തിയിട്ടിരുന്ന കാറിൽ രമേശിന്റെതെന്നു സംശയിക്കുന്ന കുറിപ്പും കണ്ടെടുത്തു. അപമാനം ഭയന്നാണ് ജീവനൊടുക്കുന്നതെന്നും ഭാര്യയെയും കുട്ടികളെയും ആദായനികുതി വകുപ്പ് ഉപദ്രവിക്കരുതെന്ന അപേക്ഷയും കത്തിലുണ്ട്.

കോൺഗ്രസ് നേതാക്കളായ പരമേശ്വരയുടെയും മുൻ കേന്ദ്രമന്ത്രി ആർ. ജാലപ്പയുടെയും വസതികളിലും കുടുംബട്രസ്റ്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2 ദിവസം റെയ്ഡ് നടന്നിരുന്നു. റെയ്ഡ് കഴിയും വരെ പരമേശ്വരയ്ക്കൊപ്പം ഉണ്ടായിരുന്ന രമേഷ് ഇന്നലെ രാവിലെയാണ് മടങ്ങിയെത്തിയത്. റെയ്ഡുമായി ബന്ധപ്പെട്ടു പേര് വലിച്ചിഴയ്ക്കപ്പെട്ടതിൽ രമേഷ് അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന.

കർണാടക പിസിസി ഓഫിസിൽ ടൈപ്പിസ്റ്റ് ആയി ജോലിയിൽ പ്രവേശിച്ച രമേഷ്, പിന്നീട് പരമേശ്വരയുടെ സഹായി ആവുകയായിരുന്നു. രമേഷ് ജീവനൊടുക്കിയത് എന്തിനെന്നു മനസ്സിലാകുന്നിലെന്ന് പരമേശ്വര പറഞ്ഞു. റെയ്ഡിനെ തുടർന്നുള്ള ചോദ്യം ചെയ്യലിന് ചൊവാഴ്ച ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

റെയ്ഡിനു പിന്നാലെയുള്ള മരണത്തിൽ കോൺഗ്രസും രേമേഷിന്റെ ബന്ധുക്കളും ആദായ നികുതി വകുപ്പിന് എതിരെ ആക്ഷേപവുമായി രംഗത്തെത്തി. കഫേ കോഫി ഡേയിലെ വി.ജി. സിദ്ധാർഥയ്ക്കു ശേഷം കർണാടകയിൽ ആദായനികുതി വകുപ്പിന്റെ രണ്ടാമത്തെ ഇരയാണ് രമേഷ് എന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. അതേസമയം രമേഷിന്റെ വസതിയിൽ റെയ്ഡ് നടത്തുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ആദായനികുതി വകുപ്പ്  അറിയിച്ചു.

2 ദിവസമായി നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 8.82 കോടി പിടിച്ചെടുത്തിരുന്നു.  185 മെഡിക്കൽ സീറ്റുകളിൽ അനധികൃതമായി പ്രവേശനം നടത്തിയതുമായി ബന്ധപ്പെട്ട് 100 കോടി രൂപയുടെ ഇടപാടുകൾക്കു തെളിവു ലഭിച്ചതായും അധികൃതർ അവകാശപ്പെട്ടിരുന്നു.

English Summary: G Parameshwara's PA committed suicide due to tax raids: Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com