sections
MORE

വലിയ ചുവട്, നിറയെ പ്രതീക്ഷ; ചൈനയുടെ വരുംകാല നീക്കങ്ങൾ നിർണായകം

pm-modi-xi-jinping
ചൈനീസ് പ്രസിഡന്റ് ഷി ചിൻപി‌ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കരകൗശല വസ്തുക്കളുടെ പ്രദർശനം കാണുന്നു.
SHARE

ന്യൂഡൽഹി ∙ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യത്തിന്റെ തലവനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അനൗപചാരിക ഉച്ചകോടിയിൽ വ്യാപാരം മെച്ചപ്പെടുത്താനുള്ള നടപടികൾക്കു പ്രാധാന്യം ലഭിച്ചതു സ്വാഭാവികം. ചൈനയുമായുള്ള വ്യാപാരത്തിലെ കമ്മി ഇന്ത്യയുടെ വലിയ ആശങ്കയാണ്. ബാങ്കോക്കിൽ മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാർ ചർച്ചകൾ നടക്കുന്ന അതേ ദിവസങ്ങളിലായിരുന്നു മഹാബലിപുരത്തെ ഉച്ചകോടി.

∙പുകയാതെ കശ്മീർ

കശ്മീർ പ്രശ്നം മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ചർച്ച ചെയ്തില്ലെന്നാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കിയത്. ഉച്ചകോടിക്ക് ഇന്ത്യയിലേക്കു വരുന്നതിനു മുൻപ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ബെയ്ജിങ്ങിൽ നടത്തിയ ചർച്ചയെക്കുറിച്ച് ഷി പരാമർശിച്ചുവെന്നും ഗോഖലെ പറഞ്ഞു. അനൗപചാരിക ഉച്ചകോടി, സ്വതന്ത്രമായും കൃത്യമായും അഭിപ്രായങ്ങൾ വ്യക്തമാക്കാനുള്ള അവസരമെന്നാണ് വുഹാനിൽ കഴിഞ്ഞ വർഷം രണ്ടു നേതാക്കളും വിലയിരുത്തിയത്. പരസ്പരം സംസാരിക്കാൻ താൽപര്യമുള്ള വിഷയങ്ങൾ മാത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അനൗപചാരിക ഉച്ചകോടിക്കുണ്ട്. അതുകൊണ്ടുതന്നെ കശ്മീർ ഒഴിവാക്കിയത് അസാധാരണമെന്നു കരുതാനാവില്ല.

∙ പ്രായോഗികതയിൽ ഊന്നി സഹകരണം

ഭിന്നത, തർക്കമായി മാറുന്നത് ഒഴിവാക്കി വേണം ഏതു വിഷയവും കൈകാര്യം ചെയ്യേണ്ടതെന്ന് വുഹാനിൽ ഉണ്ടാക്കിയ ധാരണ ഇന്നലെയും നേതാക്കൾ എടുത്തുപറഞ്ഞുവെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ദോക്‌ ലായിലെ സംഘർഷത്തിനു പിന്നാലെയായിരുന്നു വുഹാൻ ഉച്ചകോടി. കശ്മീർ കാര്യത്തിൽ യുഎൻ രക്ഷാസമിതിയിൽ ഉൾപ്പെടെ പാക്ക് അനുകൂല നിലപാടാണ് ചൈന സ്വീകരിച്ചിട്ടുള്ളത്. സഹകരണം കൂടുതൽ മെച്ചപ്പെട്ടു എന്നതാണ് വുഹാനു ശേഷം ഉണ്ടായ പുരോഗതിയെന്ന് ഷി ഇന്നലെ പറഞ്ഞു. ഭിന്നത മാറ്റിവച്ച്, സാമ്പത്തിക വളർച്ചയ്ക്കു പറ്റിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രായോഗിക സഹകരണമായി വിലയിരുത്താം. സാമ്പത്തിക– വ്യാപാര ചർച്ചകൾക്കായി ഉന്നത സംവിധാനമെന്ന തീരുമാനം അതുകൊണ്ടുതന്നെ ശ്രദ്ധേയമാണ്.

∙ ആശങ്കകൾ തീരുന്നില്ല

വ്യാപാര കമ്മിയിൽ ഇന്ത്യ ഉന്നയിച്ച ആശങ്കയോട് എത്ര ക്രിയാത്മകമായി ചൈന പ്രതികരിക്കുമെന്ന് ക്രമേണ വ്യക്തമാകേണ്ട കാര്യമാണ്. മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനത്തിലും കയറ്റുമതിയിലും ഊന്നൽ കൊടുക്കുന്ന രാജ്യമാണ് ചൈന. മത്സരശേഷിയിൽ ഇന്ത്യ വളരെ പിന്നിലാണ്. കൂടുതൽ വിപണി നേടുകയെന്നല്ലാതെ, മറ്റു രാജ്യങ്ങളുടെ കമ്മി പരിഹരിക്കുക ചൈനയുടെ ലക്ഷ്യമല്ല. ഇന്ത്യയിൽ നിന്നുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് ചൈന അവസരം നൽകുമ്പോഴും തൊഴിലവസരത്തിൽ വീണ്ടും ചൈനയ്ക്കുതന്നെയാണു മെച്ചമെന്നും ഇന്ത്യയ്ക്കു നേട്ടമില്ലാത്ത സ്ഥിതിയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആർസിഇപിയുടെ കാര്യത്തിലും സന്തുലിത സമീപനം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും, ഇന്ത്യൻ വിപണിയിലെ പരമാവധി സാന്നിധ്യമെന്ന ലക്ഷ്യം മുൻനിർത്തിയല്ലാത്ത തീരുമാനം ചൈനയിൽ നിന്നു പ്രതീക്ഷിക്കേണ്ട.

∙ പങ്കാളിത്തം ഉൽപാദനത്തിലും

ഉൽപാദനത്തിലെ പങ്കാളിത്തമാണ് ഇന്നലെ ചർച്ച ചെയ്ത മറ്റൊരു വിഷയം. ഇന്ത്യയിലെ ഉൽപാദന സാഹചര്യം അനുകൂലമല്ലെന്ന വിലയിരുത്തലാണ് ചൈനീസ് കമ്പനികൾക്കുള്ളത്. ഇതിനു പരിഹാരമുണ്ടാകാതെ പങ്കാളിത്തത്തിന് ചൈനീസ് കമ്പനികൾ താൽപര്യപ്പെടുമോയെന്ന ചോദ്യമുണ്ട്. കൂട്ടായ ശ്രമത്തിലൂടെ വളർച്ച സാധ്യമാകുന്ന മേഖലയായി എടുത്തുകാട്ടുന്നത് ടൂറിസമാണ്. അതിനുള്ള നടപടികൾക്ക് ഇരുരാജ്യങ്ങളും താൽപര്യം വ്യക്തമാക്കിയിട്ടുമുണ്ട്.

ആർസിഇപി: ഇന്ത്യയുടെ  ആശങ്ക ചർച്ച ചെയ്യും

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്തം (ആർസിഇപി) സംബന്ധിച്ച കരാറിനെപ്പറ്റി ഇന്ത്യയ്ക്കുള്ള ആശങ്ക ചർച്ച ചെയ്യാമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപി‌ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പുനൽകി. ഐടി, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ നിക്ഷേപം നടത്താൻ ഷി ഇന്ത്യൻ കമ്പനികളെ ക്ഷണിക്കുകയും ചെയ്തു. നിക്ഷേപകർക്കു വീസ ഇളവ് ഉൾ‌പ്പെടെ ചർച്ച ചെയ്യും. 

ചർച്ചയിലെ മറ്റു ചില ധാരണകൾ:

∙ ജനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനു പ്രത്യേക ഊന്നൽ. ഇന്ത്യ- ചൈന നയത‌ന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികം പരിഗണിച്ച് അടുത്ത വർഷം ഇരു രാജ്യങ്ങളിലും 35 പരിപാടികൾ വീതം സംഘടിപ്പിക്കും.

∙പല്ലവ രാജധാനിയായിരുന്ന മഹാബലിപുരവും ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ഫ്യൂജിയനും തമ്മിൽ 2000  വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന വ്യാപാരബന്ധത്തിന്റെ ചരി‌ത്ര അടയാളങ്ങൾ കണ്ടെത്തുന്നതിനു സംയുക്ത ഗവേഷണം. ‌∙ ചൈനീസ് വിപ്ലവത്തിന്റെ 70–ാം വാർഷികം, ഇന്ത്യൻ ‌സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം എന്നിവയുമായി ബന്ധപ്പെട്ട് വി‌നോദസഞ്ചാരത്തിന് ഊന്നൽ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA