ADVERTISEMENT

സാക്സഫോൺ ചക്രവർത്തിയായി ഡോ. കദ്രി ഗോപാൽനാഥിനെ കിരീടം ചൂടിച്ചതു ചെന്നൈ നഗരമാണ്. നിമിത്തമായത് പ്രശസ്ത  സംഗീതജ്ഞൻ പത്മഭൂഷൺ ടി.വി. ഗോപാലകൃഷ്ണനും. സാക്സഫോണിനെ കർണാടക സംഗീത ലോകത്തിനു പരിചയപ്പെടുത്തിയ പ്രിയ ശിഷ്യന്റെ ഓർമകളിലൂടെ ഗോപാലകൃഷ്ണൻ.

മകന്റെ ഉപനയന ചടങ്ങിന് സാക്സഫോൺ വായിക്കാൻ എത്തിയപ്പോഴാണു കദ്രിയെ ആദ്യം കണ്ടത്. സഹോദരീ ഭർത്താവാണു പരിചയപ്പെടുത്തിയത്. 17 വയസ്സു മാത്രമുണ്ടായിരുന്ന യുവാവിന്റെ പ്രതിഭ തിരിച്ചറിഞ്ഞതോടെ ഒപ്പം കൂട്ടി. വലിയ ഉയരങ്ങളിലെത്തുമെന്ന് അന്നേ ഉറപ്പിച്ചിരുന്നു. ഏറെക്കാലം ഒപ്പം നിന്നു സംഗീതവും സാക്സഫോണും അഭ്യസിച്ചു. മകനെപ്പോലെയാണു ഞാനും കുടുംബവും കദ്രിയെ കണ്ടത്. ആ കൈവിരലുകളുടെ മാന്ത്രികത പരമാവധി സദസ്സുകളിൽ എത്തണമെന്ന് ഗുരു എന്ന നിലയിൽ എപ്പോഴും ആഗ്രഹിച്ചു. രാജ്യത്തെ പ്രശസ്ത സംഗീതജ്ഞർക്കു കദ്രിയെ പരിചയപ്പെടുത്തിയതിന്റെ കാരണവും അതുതന്നെ. പിന്നീട് സാക്സഫോൺ എന്നാൽ കദ്രി എന്നു ലോകം വിലയിരുത്തി.

അസാമാന്യ പ്രതിഭയുണ്ടായിരുന്ന കലാകാരനാണു കദ്രി. നാഗസ്വരത്തിലും കഴിവു തെളിയിച്ചിട്ടുണ്ട്. സംഗീതം പൈതൃകമായി ലഭിച്ചതായിരുന്നു. ഭംഗിയായി സംസാരിക്കും. ആരെയും പിണക്കില്ല. സദസ്സും കലാകാരനും തമ്മിൽ അകലം പാടില്ല എന്ന ഉപദേശം മരണം വരെ പാലിച്ചു. വേദിക്ക് ഇണങ്ങും പോലെ എല്ലാത്തരം സംഗീതവും സാക്സഫോണിൽ വായിച്ചിരുന്നു. 

ഞാനുൾപ്പെടെയുള്ള മുതിർന്ന സംഗീതജ്ഞർ ചേർന്നു തുടങ്ങിവച്ച ചെന്നൈ മാർഗഴി മഹോത്സവം ഉദ്ഘാടനം ചെയ്യാൻ 10 വർഷമായി മുടങ്ങാതെ എത്തിയിരുന്നു. വിദ്യാരംഭത്തിന് അനുഗ്രഹം വാങ്ങാൻ എത്തുന്ന പതിവും മുടക്കിയിട്ടില്ല. മാധുര്യം, താളം, ലയം, ശ്രുതി എല്ലാം ഒത്തുചേർന്ന സംഗീതമാണു കദ്രിയെ സാക്സഫോണിന്റെ മുഖമായി മാറ്റിയത്. ലോക സംഗീതത്തിനു തന്നെ തീരാനഷ്ടമാണ് ഈ വിയോഗം. മകനെയാണു നഷ്ടപ്പെട്ടത്. സംഗീതം ഉള്ളിടത്തോളം കദ്രി ഗോപാൽനാഥ് എന്ന പേര് സ്വർണ ലിപികളിൽ തന്നെ നിലനിൽക്കും.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com