ADVERTISEMENT

മംഗളൂരു ∙ കർണാടക സംഗീതത്തിനു സാക്‌സഫോൺ വശ്യത പകർന്ന കദ്രി ഗോപാൽനാഥ് (69) ഇനി ഓർമ. അസുഖബാധയെതുടർന്ന് വ്യാഴാഴ്ച മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യം വെള്ളിയാഴ്ച പുലർച്ചെയായിരുന്നു. സംസ്കാരം പിന്നീട്. മംഗളൂരു പദവിനങ്ങടി സ്വദേശിയാണ്.

ഹൃദ്രോഗ ശസ്‌ത്രക്രിയ കഴിഞ്ഞപ്പോൾ വിശ്രമിക്കണമെന്നു ഡോക്ടർമാർ നിർദേശ‍ിച്ചിരുന്നെങ്കിലും സാക്‌സഫോണില്ലാതെ ജീവിക്കാനാവില്ലെന്ന നിലപാടാണ് കദ്രി എടുത്തത്.

പാശ്ചാത്യ സംഗീതോപകരണമായ സാക്‌സഫോണിനെ കർണാടക സംഗീത സദസ്സുകൾക്കു പരിചയപ്പെടുത്തിയ കദ്രി ഗോപാൽനാഥ് 1949 ഡിസംബർ 6ന് ദക്ഷിണ കന്നഡയിലെ ബണ്ട്‌വാളിനടുത്ത നാഗരിയിലാണു ജനിച്ചത്. നാദസ്വര വിദ്വാനായ അച്ഛൻ തനിയപ്പയിൽ നിന്നു സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ച അദ്ദേഹം സംഗീത ലോകത്തേക്കു ചുവടു വച്ചതും നാദസ്വരത്തിൽ തന്നെ. പക്ഷേ, യാദൃച്ഛികമായി മൈസൂരു കൊട്ടാരത്തിലെ ബാൻഡ് സംഘത്തിന്റെ സാക്‌സഫോൺ വാദനം കേൾക്കാനിടയായതു വഴിത്തിരിവായി. തുടർന്ന് ഇരുപതു കൊല്ലത്തോളം നീണ്ട കഠിന പരിശീലനത്തിനു ശേഷമാണ് സാക്‌സഫോണിലൂടെ കർണാടക സംഗീതമെന്ന മോഹം കദ്രി സഫലീകരിച്ചത്.  

1994ൽ ലണ്ടൻ റോയൽ ആൽബർട്ട് ഹാളിൽ നടന്ന ബിബിസിയുടെ പ്രൊമനീഡ് കച്ചേരിയിൽ ക്ഷണം കിട്ടിയ ആദ്യത്തെ കർണാടക സംഗീതജ്ഞൻ, ബർലിനിലും പ്രേഗിലും നടന്ന ജാസ് ഫെസ്റ്റിവലുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ച കലാകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. ഇരുപതോളം സിനിമകൾക്കു വേണ്ടി സാക്‌സഫോൺ വായിച്ചിട്ടുണ്ട്. ഡ്യൂയറ്റ് എന്ന തമിഴ്സിനിമയിൽ എ.ആർ.റഹ്മാൻ ഈണമിട്ട ‘അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി’ എന്ന  ഗാനം തുടങ്ങുന്നത് കദ്രിയുടെ സാക്സഫോണിൽ നിന്നാണ്. പാട്ടു പോലെ തന്നെ പ്രാധാന്യമേറിയ  ഈ മ്യൂസിക്കൽ ബീറ്റ് ഏറെ ശ്രദ്ധേയമായിരുന്നു.  

2004ൽ രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കർണാടക കലാശ്രീ പുരസ്‌കാരം, ചെന്നൈ ഇന്ത്യൻ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ സംഗീത കലാശിഖാമണി പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ: എം.സരോജിനി. മക്കൾ: പുല്ലാങ്കുഴൽ-സാക്‌സഫോൺ കലാകാരൻ ജി.ഗുരുപ്രസാദ് (ദുബായ്), തെലുങ്ക്-കന്നഡ സംഗീത സംവിധായകനും ഗായകനുമായ മണികാന്ത് കദ്രി (ചെന്നൈ), അംബികാ മോഹൻ (കദ്രി'സ് മ്യൂസിക് അക്കാദമി, മംഗളൂരു).

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com