ADVERTISEMENT

ന്യൂഡൽഹി ∙ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഫോർട്ടിസ് ഹെൽത്ത്കെയർ മുൻ പ്രമോട്ടർമാരായ മൽവിന്ദർ സിങ്, സഹോദരൻ ശിവിന്ദർ സിങ്, റെലിഗെയർ എൻറർപ്രൈസസ് (ആർഇഎൽ) മുൻ ചെയർമാൻ സുനിൽ ഗോധ്വാനി, കവി അറോറ, അനിൽ സക്സേന എന്നിവരെ 4 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

ആർഇഎൽ സഹോദരസ്ഥാപനമായ റെലിഗെയർ ഫിൻവെസ്റ്റ് ലിമിറ്റഡ് (ആർഎഫ്എൽ) പ്രമോട്ടർമാരായിരിക്കെ സ്ഥാപനത്തിൽ നിന്നു വായ്പയെടുത്ത് മൽവിന്ദറും ശിവിന്ദറും അവരുടെ മറ്റു കമ്പനികളിൽ നിക്ഷേപിച്ച് കമ്പനിക്കു 2,397 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റ വിഭാഗമാണ് (ഇഒഡബ്ലിയു) ഇവരെ അറസ്റ്റ് ചെയ്തത്. ആർഎഫ്എല്ലിൽ ഉന്നത പദവികൾ വഹിച്ചിരുന്നവരാണ് അറോറയും സക്സേനയും. പ്രമുഖ ഔഷധ കമ്പനിയായ റാൻബക്സിയുടെ മുൻ ഉടമകളാണ് മൽവിന്ദറും ശിവിന്ദറും. 

ഇതേസമയം, ആർഎഫ്എൽ സാമ്പത്തികത്തട്ടിപ്പു കേസിലെ പ്രഥമവിവര റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൽവിന്ദർ നൽകിയ ഹർജിയിൽ പൊലീസിനു നോട്ടിസ് അയയ്ക്കുന്ന കാര്യത്തിൽ ഡൽഹി ഹൈക്കോടതി തീരുമാനം മാറ്റിവച്ചു. വ്യാഴാഴ്ച അറസ്റ്റിലാവുന്നതിന് തൊട്ടു മുൻപാണ് മൽവിന്ദർ ഹർജി നൽകിയത്. 

ഇതിനിടെ, ഡെയ്ചി – റാൻബക്സി കേസിൽ ആർഎച്ച്സി ഹോൾഡിങ്സ് പ്രമോട്ടർമാരായ മൽവിന്ദറിനും ശിവിന്ദറിനും പണമൊന്നും നൽകാനില്ലെന്ന് വ്യക്തമാക്കി രാധാ സോമി സത്‍സംഗ് ബിയാസ് തലവൻ ഗുരീന്ദർ സിങ് ധില്ലൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. 

റാൻബക്സി വിലയ്ക്കു വാങ്ങിയ ജപ്പാൻ കമ്പനി ഡെയ്ചി സാംഖ്യോയ്ക്ക് ആർബിട്രേഷൻ കോടതി വിധിച്ച 3500 കോടി രൂപ 30 ദിവസത്തിനുള്ളിൽ ഡൽഹി ഹൈക്കോടതി റജിസ്ട്രാർ ജനറലിന്റെ പേരിൽ നിക്ഷേപിക്കാൻ ആർഎച്ച്സി ഹോൾഡിങ്സിനോടും ധില്ലൻ കുടുംബത്തോടും കഴിഞ്ഞ മാസം കോടതി ആവശ്യപ്പെട്ടിരുന്നു. 

പണം നൽകാനുണ്ടെന്ന ആർഎച്ച്സി ഹോൾഡിങ്സിന്റെ അവകാശവാദം ശരിയല്ലെന്ന് ധില്ലൻ പറയുന്നു. കോടതി ഇരു കക്ഷികളുടെയും പ്രതികരണം തേടി. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com