ADVERTISEMENT

മഹാബലിപുരം ∙ തീരക്ഷേത്രത്തിനു പകരം റിസോർട്ടിൽ ബംഗാൾ ഉൾക്കടലിന് അഭിമുഖമായ പ്രത്യേക മുറി. ഇളനീർ കുളിരിനു പകരം കാഞ്ചീപുരം പട്ടിന്റെ പകിട്ട്. വേദി മാറിയെങ്കിലും രണ്ടാം ദിനവും മാറ്റമില്ലാതെ തുടർന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിലുള്ള സൗഹൃദത്തിന്റെ ഊഷ്മളത. 24 മണിക്കൂർ ഉച്ചകോടിക്കു ശേഷം അടുത്ത വർ‌ഷം ചൈന‌യിൽ കാണാമെന്ന ഉറപ്പിൽ ഇരുവരും പിരിയുമ്പോൾ ഏഷ്യയിലെ വൻ ശക്തികൾ തമ്മിലുള്ള ബന്ധത്തിൽ പുതിയൊരു അധ്യായം കൂടി.

ഗിണ്ടിയിലെ ഹോട്ടലിൽ നിന്നു രാവിലെ 10നു ഷി, ഉച്ച‌‌‌‌കോടിയുടെ വേദിയായ കോവളത്തെ ഫിഷർമെൻസ് കോവ് റിസോർട്ടിൽ എത്തി. മോ‌ദി കവാടത്തിനു സമീപം കാത്തുനിന്നു. ഇത്തവണ പൈജാമയും ചന്ദനക്കളർ ജൂബയും ജാക്കറ്റുമായിരുന്നു പ്രധാനമന്ത്രിയുടെ വേ‌ഷം. കോട്ടിന്റെയും സ്യൂട്ടിന്റെയും ഔപചാരികതയിലേക്കു ഷിയും മാറിയിരുന്നു. ‌സ്വീകരണത്തിനു പിന്നാലെ ക്യാമറകൾക്കു മുന്നിൽ ഹസ്തദാനം. അതിനുശേഷം കടൽത്തീരത്തെ വേദിയിലേക്കു പോ‌‌കാൻ നേതാക്കൾ തിരഞ്ഞെടുത്തത് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബഗ്ഗി. ആഗോള താപനവിഷയത്തിൽ ഒരുമിച്ചു പ്രവർത്തിക്കാനുള്ള ധാരണയ്ക്കു മകുടം ചാർത്തിയ തീരുമാനം.

ബംഗാൾ ഉൾ‌ക്കടലിന് അഭിമുഖമായി സജ്ജമാക്കിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മുറിയിൽ ഇരുവരും ഇരുന്നു. കൂട്ടിനു ദ്വിഭാഷികളുമായി 40 മിനിറ്റിലധികം നീണ്ട ചർ‌ച്ച. കൈ‌കൊടുത്ത് എഴുന്നേറ്റ ശേഷം മോദിയും ഷിയും കടൽത്തീരത്തേക്കിറങ്ങി. പിന്നീട് ഉദ്യോഗസ്ഥതല ചർച്ച. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ എന്നിവരും ഇന്ത്യയെ പ്രതിനിധീകരിച്ചു. സംസാരിച്ചു മതിയാകാത്ത കൂട്ടുകാരെപ്പോലെ ഉച്ചവിരുന്നിനു ശേഷവും മോ‌ദിയും ഷിയും വീണ്ടും ഹോട്ടലിന്റെ വരാന്തയിലേക്ക്.

പ്രത്യേകം ഒരുക്കിയ പട്ട്, കരകൗശല വസ്തുക്കളുടെ പ്രദർശനം കണ്ടു. നാച്ചിയാർ കോവിൽ കുത്തുവിളക്ക്, തഞ്ചാവൂർ പെയ്ന്റിങ് എന്നിവയെക്കുറിച്ച് മോദി, ഷിക്കു വിവരിച്ചുകൊടുത്തു. അധിക വിവരം വേണ്ടപ്പോൾ മാത്രം ദ്വിഭാഷി ഇടപെട്ടു. ഇതിനിടെ, പട്ടിൽ കൈകൊണ്ട് ഷിയുടെ മുഖം നെയ്ത ഷാൾ മോദി പ്രസിഡന്റിനു സ‌മ്മാനിച്ചു; ചൈനീസ് ഗ്ലാസിൽ വരച്ച മോദിയുടെ ചിത്രം ഷി തി‌രിച്ചും. മൂന്നാം ഉച്ച‌‌‌‌കോടിക്ക് മോ‌‌ദിയെ ഷി ചൈന‌യിലേക്കു ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച്, ഊഷ്മളമായ ഹസ്തദാനത്തിലൂടെ അതിഥിക്ക് യാത്രയയപ്പ്. പ്രസിഡന്റ് നേപ്പാളിലേക്കു വിമാനം കയറി മണി‌ക്കൂറുകൾക്കകം മോദി തിരികെ ഡൽഹിയിലേക്ക്. ഇതിനിടെ, തമി‌ഴ്നാട് സർക്കാരിനും ജനങ്ങൾക്കും നന്ദി പറഞ്ഞു ട്വീറ്റ്. പല്ലവ രാജ‌ധാ‌നി വേ‌ദിയൊരുക്കിയ മറ്റൊരു ചരിത്ര സംഗമത്തിനു ശുഭപര്യവസാനം.

പരിസര ശുചിത്വം ഓർമിപ്പിച്ച് പ്രധാനമന്ത്രിയുടെ ‘പ്ലോഗിങ്’

മഹാബലിപുരം ∙ അനൗപചാരിക ഉച്ചകോടിയുടെ തിരക്കിനിടയിലും ‌സ്വച്ഛതാ പാഠം മറക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ പ്രഭാത സവാരിക്കിടെ താജ് ഫിഷ‌‌ർമെൻസ് കോവ് റി‌സോർട്ടിനു സമീപത്തെ കടൽത്തീരം പ്രധാനമന്ത്രി വൃത്തിയാക്കി. ‌‌പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും ശേഖരിച്ചു കവറിലാക്കി ‌ഹോട്ടൽ ജീവനക്കാരനെ ഏൽപ്പിക്കുന്ന ദൃശ്യം മോദി തന്നെയാണു ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതു സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ‘മഹാബലിപുരത്തു പ്രഭാത സവാരിക്കിടെ അര മണിക്കൂർ പ്ലോഗിങ് നട‌ത്തി.

pm-modi-with-waste
കടൽത്തീരത്തുനിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഞാൻ ശേഖരിച്ച വസ്തുക്കൾ ഹോട്ടൽ ജീവനക്കാരനായ ജയരാജിനു കൈമാറി. നമുക്കു പൊ‌തുസ്ഥലങ്ങൾ വൃത്തിയായും വെടിപ്പായും സൂക്ഷിക്കാം. ആരോഗ്യ സംരക്ഷണം ഉറപ്പാക്കാം’– ഇതായിരുന്നു മോദിയുടെ ട്വീറ്റ്. വ്യായാമത്തിനിടെ വഴിയിലെ മാലിന്യങ്ങൾ എടുത്തുമാറ്റി പരിസരം ശുചീകരിക്കുന്നതിനാണ് പ്ലോഗിങ് എന്നു പറയുന്നത്. ട്രാക്ക് സ്യൂട്ടും ടീ ഷർട്ടുമണിഞ്ഞ്, നഗ്നപാദനായി അര മണിക്കൂറോളം മോദി കട‌ൽത്തീര‌ത്തു ചെലവഴിച്ചു. യോഗയും ചെറുവ്യായാമങ്ങളും ചെയ്തു. ഇതിനിടെ, ‌മോദിയുടേത് ആസൂത്രണം ചെയ്ത നാടകമാണെന്ന വിമർശനവുമായി പ്ര‌തിപക്ഷം രംഗ‌ത്തെത്തി.

English Summary: PM Narendra Modi gifts hand-woven silk portrait to Xi Jinping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com