ADVERTISEMENT

ശ്രീനഗർ ∙ കശ്മീരിൽ നാളെ 12 മണിക്ക് 40 ലക്ഷം മൊബൈൽ ഫോണുകൾക്കു വീണ്ടും ജീവൻ വയ്ക്കും. ആദ്യപടിയായി പോസ്റ്റ് പെയ്ഡ് മൊബൈൽ ഫോൺ സേവനം മാത്രമാണ് ലഭ്യമാക്കുക. കശ്മീരിലെ 10 ജില്ലകളിലും ഇതു ബാധകമാണ്. ആകെയുള്ള 60 ലക്ഷം മൊബൈൽ ഫോൺ വരിക്കാരിൽ 40 ലക്ഷമാണ് പോസ്റ്റ് പെയ്ഡ് വരിക്കാർ.

69 ദിവസമായി പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ ക്ലേശിച്ച കശ്മീർ നിവാസികൾക്ക് വലിയ ആശ്വാസം നൽകുന്ന നടപടിയാണിത്. പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാലാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. കരുതൽ തടങ്കലിലുള്ള രാഷ്ട്രീയ നേതാക്കളെ വിട്ടയയ്ക്കുന്ന കാര്യവും സർക്കാർ പരിശോധിച്ചുവരുകയാണെന്ന് അദ്ദേഹം അറിയിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഓഗസ്റ്റ് 5ന് ടെലിഫോൺ, ഇന്റർനെറ്റ് സംവിധാനങ്ങൾ വിലക്കിയതായിരുന്നു. ഏതാനും ആഴ്ചകൾക്കകം ലാൻഡ് ഫോൺ ബന്ധം പടിപടിയായി പുനഃസ്ഥാപിച്ചെങ്കിലും മൊബൈൽ ഫോൺ, ഇന്റർനെറ്റ് വിലക്ക് തുടർന്നു. 20 ലക്ഷം പ്രീപെയ്ഡ് വരിക്കാരാണ് വിലക്കിന്റെ പരിധിയിൽ ഇനിയുള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടുതൽ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താനും നടപടിയായി.

കുട്ടികളുടെ സുരക്ഷയിലുള്ള ആശങ്ക കാരണം അവരെ സ്കൂളിലയയ്ക്കാത്ത മാതാപിതാക്കൾക്കും ബിസിനസ് നടത്താൻ കഴിയാതിരുന്ന വ്യാപാരികൾക്കും മറ്റും പൂർവസ്ഥിതിയിലേക്കു അതിവേഗം മടങ്ങാനാവുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ജമ്മു കശ്മീരിലെ 99% സ്ഥലങ്ങളിലെയും വിലക്കുകൾ പൂർണമായി നീക്കിയതായി രോഹിത് കൻസാൽ അറിയിച്ചു. എട്ടോ പത്തോ പൊലീസ് സ്റ്റേഷനുകളിൽ ഒഴികെ ഒരിടത്തും ആൾസഞ്ചാരത്തിനു വിലക്കില്ല. നിയന്ത്രണങ്ങൾ കുറച്ചുകൊണ്ടുവരുകയാണ്. വിലക്കുകൾ മൂലം ഭീകരാക്രമണങ്ങൾ തടയാൻ കഴിഞ്ഞെന്നും അതിനാൽ ഒരാളുടെ പോലും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Postpaid Mobile Phones To Be Restored In Kashmir From Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com