sections
MORE

മുണ്ടുടുത്ത് മോദി വണക്കം ചൊല്ലി ചെന്നൈ: നമോഷി

HIGHLIGHTS
  • കരിക്കിൻവെള്ളം മുതൽ കഥകളി വരെ; രസം പകർന്ന് സാമ്പാറും ചെട്ടിനാടും
INDIA-CHINA-DIPLOMACY
പ്രത്യേക വിമാനത്തിൽ ചെന്നൈയിൽ വന്നിറങ്ങിയ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ തമിഴ് പാരമ്പര്യ കലകളുടെ അകമ്പടിയോടെ വരവേൽക്കുന്നു.
SHARE

ചെന്നൈ ∙ ചരിത്രത്തിലേക്കു നീളുന്ന ഊഷ്മളതയും വർത്തമാനത്തിലെ രസതന്ത്രവും ഒരുമിച്ചപ്പോൾ മഹാബലിപുരം ലോകത്തോടു വിളിച്ചു പറഞ്ഞു- ഇന്ത്യ ചൈന ഭായ് ഭായ്. കശ്മീർ മുതൽ വ്യാപാരക്കമ്മി വരെയുള്ള വിഷയങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിൽ കല്ലുകടിയാണെങ്കിലും കല്ലിൽ കൊത്തിയ ശിൽപങ്ങൾ കഥ പറയുന്ന മഹാബലിപുരത്തു മോദിയും ഷിയും നേരിൽ കണ്ടപ്പോൾ തെളിഞ്ഞതു നിറഞ്ഞ സൗഹൃദം. ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയതു മുതൽ അത്താഴ വിരുന്നു കഴിഞ്ഞു താമസിക്കുന്ന ഹോട്ടലിലേക്കു മടങ്ങുന്നതുവരെ ഷിക്കു നഗരം സമ്മാനിച്ചതു മനോഹര നിമിഷങ്ങൾ.    

കരിക്കിൻ വെള്ളം മുതൽ കഥകളിവരെ അതിനുള്ള ഉപാധിയായി. ചൈന എയറിന്റെ പ്രത്യേക വിമാനത്തിൽ ഷി വന്നിറങ്ങിയതു ഭരതനാട്യം മുതൽ പൊയ്കാൽ കുതിരവരെയുള്ള തമിഴ് പാരമ്പര്യ കലകളുടെ അകമ്പടിയോടെയുള്ള സ്വീകരണത്തിലേക്ക്. ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി തുടങ്ങിയവർ ചേർന്നു നഗരത്തിലേക്കു സ്വാഗതം ചെയ്തു.

ഹോട്ടലിലേക്കുള്ള വഴിയിൽ ജനക്കൂട്ടം ചൈനയുടെയും ഇന്ത്യയുടെയും പതാകകൾ വീശി. ഗിണ്ടിയിലെ ഹോട്ടലിൽ വിശ്രമിച്ച ശേഷം മഹാബലിപുരത്തേക്കുള്ള യാത്രയിലും ഇടവിട്ടു സാംസ്കാരിക വിരുന്ന്.

ഷി ചിൻ പിങ്ങിനെ തമിഴ് ട്വീറ്റോടെ ‌സ്വാഗതം ചെ‌യ്ത മോ‌ദി, മഹാബലിപുരത്തു നേരിട്ടു സ്വീകരിക്കാൻ തനി തമിഴ് സ്റ്റൈലിൽ മുണ്ടും വേഷ്ടിയും ധരിച്ചാണെത്തിയത്. സ്യൂട്ടിന്റെ ഔപചാരികത ഒഴിവാക്കി കറുത്ത പാന്റ്സും വെള്ള ഷർട്ടുമായിരുന്നു ഷിയുടെ വേഷം. ഇരുവരും അർജുന തപസ്സ്, പഞ്ചരഥം, കൃഷ്ണന്റെ വെണ്ണക്കട്ടി തുടങ്ങിയ സ്മാരകങ്ങൾ നടന്നു കണ്ടു. ദ്വിഭാഷികൾ കൂ‌‌‌ടെയുണ്ടായിരുന്നെങ്കിലും ഷി ചിൻ പി‌ങ്ങിനു മോ‌ദി ത‌ന്നെ ശിൽപങ്ങളെക്കുറിച്ചു വിവരണം നൽകി. ചരിത്രതൽപരനായ ഷി വിശദമായി ചോദ്യങ്ങൾ ചോദിച്ച്, വിദ്യാർഥിയെപ്പോലെ ഉത്തരങ്ങൾക്കു കാതോർത്തു. ഓരോ സ്മാരകത്തിനു മുന്നിലും പുഞ്ചിരിച്ചു കൈകൊടുത്തു ഫോട്ടോ ഷൂട്ട്. പഞ്ചരഥത്തിനു സമീപം പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ 15 മിനിറ്റോളം വിശ്രമം. വർത്തമാനത്തിനു കൂട്ടായി ഇളനീരിന്റെ മധുരം. ഷിക്ക് ഇളനീരും ടിഷ്യു പേപ്പറും നൽകി മോദി തികഞ്ഞ ആതിഥേയനായി.

തീരക്ഷേത്രം കണ്ട്, വലംവച്ച ശേഷം അര മണിക്കൂർ നീണ്ട കലാപ്രകടനങ്ങൾ ഇരുവരും ഒരുമിച്ച് ആസ്വദിച്ചു. പിന്നീട് ഉച്ചകോടി വേദിയായ കോവളം ഫിഷർമെൻസ് ഗ്രോവിൽ അത്താഴവിരുന്ന്. രുചിയായി തക്കാളി രസം, സാമ്പാർ, കടല കുറുമ, കാശി ഹൽവ, ചെട്ടിനാട്, കാരക്കുടി പരമ്പരാഗത വിഭവങ്ങൾ. 

ഉച്ചകോടി നയതന്ത്ര ബന്ധത്തിൽ പുതിയ സൂര്യോദയമാകുമോ എന്നറിയാൻ ഇനിയും കാത്തിരിക്കണം.

തീരക്ഷേത്രത്തിന് തിളക്കമായി മലയാളി താരങ്ങൾ 

മഹാബലിപുരം ∙ ചരിത്രമുറങ്ങുന്ന തീരക്ഷേത്ര പരിസരത്തെ നൃത്തമണ്ഡപമാക്കിയ സാംസ്കാരിക വിരുന്നിൽ നിറഞ്ഞാടിയതു മലയാളി കലാകാരൻമാർ. 28 മിനിറ്റിൽ ഗാന്ധി മുതൽ രാമൻ വരെയും ഭരതനാട്യം മുതൽ കഥകളിവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങിന്റെയും മുന്നിൽ കാഴ്ചകളായി നിറഞ്ഞു. സാംസ്കാരിക വിരുന്നൊരുക്കിയത് ചെന്നൈ കലാക്ഷേത്ര.

വേദിയുണർന്നത് ഭരതനാട്യത്തോടെ. പിന്നാലെ കഥകളിയും മോഹിനിയാട്ടവും എത്തിയതോടെ വേദിക്കു മലയാളിത്തം. കലാക്ഷേത്ര സ്ഥാപക രുക്മിണീ ദേവിയുടെ നൃത്തനാടകമായ മഹാപട്ടാഭിഷേകത്തിന്റെ ഭാഗമായ സേതുബന്ധന‌മാണു പിന്നാലെയെത്തിയത്. 

ശേഷം ഗാന്ധിജിയുടെയും രുക്മിണീ ദേവിയുടെയും ആശയങ്ങൾ ഉൾപ്പെടുത്തിയുള്ള ശാന്തിസൂത്ര നൃത്തനാടകത്തിലെ ഭാജുരേ ഭയ്യായെന്ന ഭാഗം അരങ്ങിൽ. ഭരതനാട്യത്തിലെ തില്ലാനയ്ക്കു ശേഷം സംഘാംഗങ്ങൾ ഒരുമിച്ചു രഘുപതി രാഘവ രാജാറാം പാടിയതോടെ കലാവിരുന്നിനു തിരശ്ശീല വീണു. ഷി ചിൻ പിങ്ങും മോദിയും ‌കലാകാരന്മാർക്കൊപ്പം വേദിയിൽ ഫോട്ടോയെടുത്ത ശേഷമാണു മടങ്ങിയത്.

58 കലാകാരന്മാരിൽ നാൽപതോളം പേർ മലയാളികളായിരുന്നു. കലാക്ഷേത്ര ഡയറക്ടർ രേവതി രാമചന്ദ്രന്റെ നേതൃത്വത്തിൽ സദനം ബാലകൃഷ്ണൻ, ഹരിപത്മൻ, ജയകൃഷ്ണൻ, രാജേഷ്, ശ്രീനാഥ്, ഗിരീഷ്, കൈലാഷ് നാഥൻ, സഞ്ജിത് ലാൽ, അതുൽ, സായ്ശങ്കർ, ഹരിപ്രസാദ്, അനിൽ കുമാർ, ശശിധരൻ എന്നിവർ അരങ്ങിലും അണിയറയിലുമുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA