ADVERTISEMENT

വ്യാപാരം, നിക്ഷേപം, പരസ്പര വിശ്വാസം എന്നിവ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപി‌ങ്ങും തമ്മിലുള്ള രണ്ടാം അനൗപചാരിക ഉച്ചകോടിക്കു മഹാബലിപുരത്തു സമാപനം. വ്യാപാരക്കമ്മി, ചൈനയിലെ ചില മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്കുള്ള നിയന്ത്രണം തുടങ്ങിയ വിഷയങ്ങളെല്ലാം പരിഹരിക്കുന്നതിനായി രൂപംനൽകുന്ന ഉന്നതതല സംവിധാനത്തിൽ ധനമന്ത്രി നിർമല സീതാരാമനും ചൈനീസ് ഉപപ്രധാനമന്ത്രി ഹ്യു ചുൻഹ്വയും അംഗങ്ങളായിരിക്കും. അടുത്ത വർഷം മൂന്നാം ഉച്ചകോടിക്കുള്ള ഷിയുടെ ക്ഷണം മോദി സ്വീകരിച്ചു.

കശ്മീർ ചർച്ചയായില്ല. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചൈന സന്ദർശന വിവരങ്ങൾ ഷി മോദിയെ അറിയിച്ചു. ദോക് ലാ പ്രതിസന്ധിക്കു ശേഷം പ്രതിരോധ ചർച്ചകൾ പുനരാരംഭിക്കാൻ ധാരണയായി. ഇതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചൈന സന്ദർശിക്കും. മാനസ സരോവർ തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാനും കാലാവസ്ഥ വ്യതിയാനം, ഭീകരവാദം തുടങ്ങിയ പ്രശ്നങ്ങളിൽ യോജിച്ചു നീങ്ങാനും തീരുമാനിച്ചു.

ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ നയതന്ത്രതല ചർച്ചയ്ക്കു ശേഷം വി‌ദേശകാര്യ സെക്രട്ടറി വിജയ്  ഗോഖലെയാണു ധാരണകൾ പ്രഖ്യാപിച്ചത്. ചൈന‌യുടെ ഭാഗത്തു നിന്നു പ്രഖ്യാപനമോ വാർത്താക്കുറിപ്പോ ഉണ്ടായില്ല. 2 ദിവസങ്ങളിലായി 7 മണിക്കൂർ മോദിയും ഷി ചിൻപിങ്ങും ഒരുമിച്ചുണ്ടായിരുന്നു. ‌ചർച്ചകൾക്കും ഉച്ചവിരുന്നിനും ശേഷം ചൈനീസ് പ്രസിഡന്റ് ചെന്നൈ വിമാനത്താവളത്തിൽ നി‌ന്ന് നേപ്പാളിലേക്കു പോയി.

English Summary: 2-day Modi-Xi Chennai Connect informal summit ends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com