ADVERTISEMENT

ന്യൂഡൽഹി ∙ സാമ്പത്തിക നയങ്ങളുടെ കാര്യങ്ങളിൽ മോദി സർക്കാരും ബിജെപിയും ഒരുവശത്തും ആർഎസ്എസും സ്വദേശി ജാഗരൺ മഞ്ചും (എസ്ജെഎം) ബിഎംഎസും മറുവശത്തുമായി പോരു മുറുകുന്നു. വാജ്പേയി സർക്കാരിന്റെ കാലത്ത് വിദേശ മുതൽമുടക്ക് ഉൾപ്പെടെയുള്ള ഉദാരവൽക്കരണ നടപടികളുടെ പേരിൽ സർക്കാരും സംഘുമായുണ്ടായ ഏറ്റുമുട്ടലിനു സമാനമാണ് സ്ഥിതി.

നേരത്തേയുള്ള എതിർപ്പുകൾ

മേഖലാ സമ്രഗ സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാർ സംബന്ധിച്ചതാണ് പുതിയ തർക്കം, നോട്ട് നിരോധനം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപന, ബാങ്കുകളുടെ ലയനം തുടങ്ങിയവയെ എസ്ജെഎം ചോദ്യം ചെയ്തിരുന്നു. നോട്ട് നിരോധനം തൊഴിൽ നഷ്ടത്തിനു വഴിവച്ചെന്നും നിലവിലെ സാമ്പത്തിക മാന്ദ്യത്തിൽ അതിനുൾപ്പെടെ പങ്കുണ്ടെന്നുമാണ് എസ്ജെഎം വിലയിരുത്തിയത്.

എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം ഇതുവരെ നടക്കാതിരുന്നത് തങ്ങളുടെ എതിർപ്പുമൂലമെന്നാണ് എസ്ജെഎം അവകാശപ്പെടുന്നത്. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും വിൽക്കുന്നതിനെ എസ്ജെഎം എതിർക്കുന്നു.ബാങ്കുകൾ ലയിപ്പിക്കുന്നതിൽ ജീവനക്കാരുടെ തൊഴിൽ നഷ്ടം ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് ബിഎംഎസ് പറയുന്നത്. 

സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തല്ല ബാങ്കുകൾ ലയിപ്പിക്കേണ്ടതെന്നാണ് എസ്ജെഎമ്മിന്റെ വാദം. ആർസിഇപി ഇന്ത്യയ്ക്കു ദോഷകരമെന്നതിനു പുറമേ, സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഇത്തരം നടപടികൾ ആലോചിക്കാൻ പോലും പാടില്ലെന്നും എസ്ജെഎമ്മിനു നിലപാടുണ്ട്.

 പഴയ പോര്

വിദേശ മുതൽമുടക്ക്, ആഭ്യന്തര ഉൽപാദകരെയും സംരംഭകരെയും പ്രതിസന്ധിയിലാക്കുന്ന കരാറുകൾ എന്നിവ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കു തടസമാകുമെന്നും ഇത് പ്രത്യയശാസ്ത്രത്തിനു യോജിക്കുന്നതല്ലെന്നുമാണ് സംഘ് നേരത്തെ മുതൽ സ്വീകരിക്കുന്ന നിലപാട്. നരസിംഹ റാവു സർക്കാരിന്റെ കാലത്ത് ലോക വ്യാപാര സംഘടനയിൽ (ഡബ്ള്യുടിഒ) ഇന്ത്യ അംഗമാകുന്നതിനെ ആർഎസ്എസ് എതിർത്തിരുന്നു.

ഡബ്ള്യുടിഒ വ്യവസ്ഥകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി, ഇൻഷുറൻസ് മേഖലയിൽ വിദേശ മുതൽമുടക്ക് അനുവദിക്കാനും പേറ്റന്റ് നിയമം ഭേദഗതി െചയ്യാനും വാജ്പേയ് സർക്കാർ നടപടികളെടുത്തപ്പോൾ ആർഎസ്എസ് ‘മുന്നറിയിപ്പു ദിനം’ പ്രഖ്യാപിച്ചു. ഇപ്പോൾ, ആർസിഇപിക്കെതിരെ പ്രഖ്യാപിച്ചിട്ടുള്ള പ്രക്ഷോഭവും മുന്നറിയിപ്പെന്നാണ് പ്രധാനമന്ത്രിക്കുള്ള നിവേദനത്തിൽ എസ്ജെഎം വ്യക്തമാക്കിയിട്ടുള്ളത്.

അവഗണിക്കപ്പെടുന്ന എതിർപ്പ്

വാജ്പേയി സർക്കാരിന്റെ കാലത്ത്, പാർട്ടി നേതൃനിരയിലുള്ളവർ സ്വദേശി അനുഭാവമുള്ളവരായിരുന്നുവെന്നും ഇപ്പോൾ സ്ഥിതി അതല്ലെന്നുമാണ് നിലപാടുകൾ അവഗണിക്കപ്പെടുന്നതിനു കാരണമായി സംഘ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സംഘിന് പാർട്ടിക്കും സർക്കാരിനും മേൽ സ്വാധീനം കുറഞ്ഞെന്ന് അവർ സമ്മതിക്കുന്നു. 

നിതി ആയോഗിന്റെയും മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെയും ഉപദേശമാണ് നടപ്പാക്കപ്പെടുന്നതെന്നും സാമ്പത്തിക മാന്ദ്യം നേരിടാനുള്ള നടപടികൾ ഫലം കാണുന്നില്ലെന്നും വിമർശനവുമുണ്ട്. 370ാം വകുപ്പ്, മുത്തലാഖ്, ദേശീയ പൗര റജിസ്റ്റർ തുടങ്ങി സംഘിന് താൽപര്യമുള്ള പല വിഷയങ്ങളിലും നടപടിയെടുത്തെന്നും ഏക സിവിൽ കോഡ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുമെന്നും പാർട്ടിവൃത്തങ്ങൾ വാദിക്കുന്നു; സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ആദ്യ നാളുകളിലെ അതേ വാദങ്ങൾ ഇപ്പോൾ ആവർത്തിച്ചാൽ വിലപ്പോകില്ലെന്നും. വാജ്പേയിയുടെ കാലത്ത്, വിമർശനങ്ങൾ ഫലിക്കാതെ വന്നപ്പോൾ വിവാദങ്ങളിലൂടെ സർക്കാരിനെ സമ്മർദത്തിലാക്കുകയെന്ന തന്ത്രം സംഘ് പ്രയോഗിച്ചിരുന്നു. 

അടുത്തയാഴ്ച ആർഎസ്എസിന്റെ നേതൃയോഗം ഭുവനേശ്വറിൽ ചേരുന്നുണ്ട്. അതിൽ സർക്കാരിന്റെ സാമ്പത്തിക നയവും തങ്ങളുടെ നിലപാടുകളോടുള്ള സമീപനവും ചർച്ച ചെയ്യുമെന്ന് സംഘ് വൃത്തങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com