ADVERTISEMENT

ന്യൂഡൽഹി ∙ യുപി കോൺഗ്രസ് ഘടകം അടിമുടി അഴിച്ചു പണിതതിനു പിന്നാലെ പുതിയ ഭാരവാഹികൾക്കു ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരിശീലന ക്ലാസ്. താഴെത്തട്ടിലുള്ള പ്രവർത്തകരുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനു പരിശീലനം നൽകാനാണു പ്രിയങ്കയുടെ നേതൃത്വത്തിൽ ശിൽപശാല.

നാളെ മുതൽ 16 വരെ റായ്ബറേലിയിൽ സംഘടിപ്പിക്കുന്ന ശിൽപശാലയിൽ പാർട്ടിയുടെ പരിശീലന, ഐടി സെൽ മേധാവികളും പങ്കെടുക്കും. മണ്ഡലത്തിന്റെ എംപി കൂടിയായ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഭാരവാഹികളെ അഭിസംബോധന ചെയ്യാൻ എത്തിയേക്കും.

ഭാരവാഹികളിൽ പലരും പുതുമുഖങ്ങളായതിനാൽ, വിവിധ രാഷ്ട്രീയ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം ആവശ്യമാണെന്നു വിലയിരുത്തിയാണു ശിൽപശാലയ്ക്കു പ്രിയങ്ക മുൻകയ്യെടുത്തത്. വോട്ടർമാരുമായുള്ള ഇടപെടൽ, സമൂഹ മാധ്യമങ്ങളുടെ ഉപയോഗം എന്നിവയിൽ പരിശീലനം നൽകും. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ പാർട്ടിയുടെ പൊതുനിലപാട് ഭാരവാഹികളെ അറിയിക്കും.

2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വെല്ലുവിളിയുയർത്താൻ സംഘടനാതലത്തിൽ കോൺഗ്രസ് ശക്തിയാർജിക്കണമെന്നാണു പ്രിയങ്കയുടെ നിലപാട്. ഇതിനു പാർട്ടിയെ ഒരുക്കാൻ ലക്ഷ്യമിട്ടാണു മുൻ സമിതിയെ പൂർണമായി ഒഴിവാക്കി പുതിയ ഭാരവാഹി സംഘത്തെ തിരഞ്ഞെടുത്തത്. കിഴക്കൻ യുപിയുടെ ചുമതലയാണു വഹിക്കുന്നതെങ്കിലും ഫലത്തിൽ യുപിയിലുടനീളം പ്രിയങ്കയാണു കോൺഗ്രസിന്റെ കാര്യങ്ങൾ നിശ്ചയിക്കുന്നത്. പടിഞ്ഞാറൻ യുപിയുടെ ചുമതല ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ ഒഴിഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com