ADVERTISEMENT

തേനി (തമിഴ്നാട്) ∙ തമിഴ്നാട്ടിലെ വിവിധ മെഡിക്കൽ കോളജുകളിൽ നടന്ന നീറ്റ് തട്ടിപ്പു കേസിൽ 2 പേർ കൂടി അറസ്റ്റിൽ. കാഞ്ചീപുരം സവിത മെഡിക്കൽ കോളജിലെ ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിയായ പ്രിയങ്ക (18), മാതാവ് മൈനാവതി (49) എന്നിവരെയാണ് ഇന്നലെ തമിഴ്നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്.

2 പേരെയും തേനി കോടതി റിമാൻഡ് ചെയ്തു. ഇതോടെ നീറ്റ് തട്ടിപ്പു കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. ഇന്നലെ അറസ്റ്റിലായ പ്രിയങ്കയും ആൾമാറാട്ടം നടത്തി മറ്റൊരാളെക്കൊണ്ടു പരീക്ഷ എഴുതിക്കുകയായിരുന്നു. ഇങ്ങനെ ലഭിച്ച സ്കോർ ഉപയോഗിച്ചാണു കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്.  കേസിൽ നേരത്തേ അറസ്റ്റിലായ ഉദിത് സൂര്യയുടെ സുഹൃത്താണു പ്രിയങ്ക. 

ഉദിത് സൂര്യയുടെ പിതാവും വ്യാജഡോക്ടറുമായ വെങ്കിടേഷ് വഴിയാണു തട്ടിപ്പുസംഘം പ്രിയങ്കയുടെ മാതാവുമായി ബന്ധപ്പെട്ടത്.സിബിസിഐഡിയുടെ ചോദ്യം ചെയ്യലിലാണു പ്രിയങ്കയുടെ പേര് മറ്റു പ്രതികൾ പറഞ്ഞത്.

അറസ്റ്റിലായ പ്രതികളുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നുസിബിസിഐഡി എസ്പി വിജയകുമാർ ‘മനോരമ’യോടു പറഞ്ഞു. പ്രിയങ്കയുടെ എംബിബിഎസ് പ്രവേശനം സംബന്ധിച്ചു സവിത മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ദാമോദറിനെയും കോളജ് സൂപ്രണ്ട് ‍ഡോ. പൊന്നമ്പല നമശ്ശിവായയെയും സിബിസിഐഡി ചോദ്യം ചെയ്തു. നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതിന് 3 വിദ്യാർഥികളും മാർക്ക് ലിസ്റ്റിൽ കൃത്രിമം കാണിച്ചതിന് 2 വിദ്യാർഥികളും അടക്കം 5 എംബിബിഎസ് വിദ്യാർഥികളാണ് ഇതിനകം പിടിയിലായത്.

തേനി മെഡിക്കൽ കോളജ് വിദ്യാർഥിയായിരുന്ന ഉദിത് സൂര്യ, പിതാവ് വെങ്കിടേഷ്, ചെന്നൈ എസ്ആർഎം മെഡിക്കൽ കോളജിലെ പ്രവീൺ, പിതാവ് ശരവണൻ, ചെന്നൈ ശ്രീബാലാജി മെഡിക്കൽ കോളജിലെ വിദ്യാർഥിയും തൃശൂർ സ്വദേശിയുമായ രാഹുൽ, പിതാവ് ഡേവീസ്, ധർമപുരി മെഡിക്കൽ കോളജിലെ വിദ്യാർഥി മുഹമ്മദ് ഇർഫാൻ, പിതാവ് മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. അഭിരാമി എന്ന വിദ്യാർഥിയും നീറ്റ് പരീക്ഷയിൽ അപരനെ ഉപയോഗിച്ചെങ്കിലും എംബിബിഎസ് പ്രവേശനം നേടിയതു സ്വന്തം റാങ്ക് ലിസ്റ്റ് ഉപയോഗിച്ചായതിനാൽ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. തട്ടിപ്പിന് ഇടനിലക്കാരായി പ്രവർത്തിച്ചവരെയും പകരം പരീക്ഷ എഴുതിയവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.'

English Summary: Two more arrests on NEET exam fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com