ADVERTISEMENT

മുംബൈ ∙ ഗർജിക്കുന്ന കടുവയാണു ശിവസേനയുടെ പതാകയിലെ ചിഹ്നം. ബാൽ താക്കറെയുടെ തീതുപ്പുന്ന വാക്കുകളും കടിച്ചുകീറാൻ വെമ്പിനിൽക്കുന്ന ആ കടുവയും മഹാരാഷ്ട്രയെ പലവട്ടം വിറപ്പിച്ചിട്ടുണ്ട്. എന്നാൽ, പാർട്ടി പിറന്നിട്ട് 5 പതിറ്റാണ്ടിനിപ്പുറം കൂപ്പുകൈകളുമായി പുഞ്ചിരിച്ചുനിൽക്കുന്ന ഒരു യുവാവാണ് ശിവസേനയുടെ പുതിയ മുഖം - ആദിത്യ താക്കറെ.

ഒരു കയ്യിൽ ‘കടുവയുടെ’ കൊടിയും മറുകയ്യിൽ സൗമ്യമുഖമുള്ള ആദിത്യയുടെ കട്ടൗട്ടുകളുമായി ശിവസേനക്കാർ ജയ് വിളിച്ചു നടന്നുനീങ്ങുകയാണ്. അറബിക്കടലിന്റെ തീരം ചേർന്നുള്ള വർളി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ആദിത്യ (29) നിയമസഭയിലേക്കു ജനവിധി തേടുന്നത്; ശിവസേനയുടെ 53 വർഷത്തെ ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന താക്കറെ കുടുംബാംഗം. ബാൽ താക്കറെയുടെ കൊച്ചുമകൻ. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകൻ.

മുംബൈയിലേക്കു കുടിയേറ്റം പെരുകിയപ്പോൾ അറുപതുകളിൽ മണ്ണിന്റെ മക്കളെ ഒരുമിപ്പിച്ച് ബാൽ താക്കറെ രൂപീകരിച്ചതാണു ശിവസേന. ജയന്തി ജനതയിൽ ജീവിതമാർഗം തേടിയെത്തിയ മദ്രാസികൾക്കു നേരെയാണ് ആദ്യം കയ്യോങ്ങിയത്. മുണ്ടുടുത്തവരെ കണ്ടാൽ ഹാലിളകുന്നൊരു ‘കടുവ’യായിരുന്നു അന്ന് ശിവസേന. തുടർന്ന് ഗുജറാത്തികളും ബിഹാറികളുമെല്ലാം സേനയുടെ ചൂടറിഞ്ഞു.

കാലം മാറിയപ്പോൾ ശിവസേന മാറി, ശൈലിയും. ആദിത്യ മുന്നോട്ടുവയ്ക്കുന്നത് പുതിയ ശിവസേന. 24 മണിക്കൂറും തുറന്നുപ്രവർത്തിക്കുന്ന മുംബൈ എന്ന ആശയം മുന്നോട്ടുവച്ചത് ആദിത്യയാണ്. മഹാരാഷ്ട്രയിലെ പ്ലാസ്റ്റിക് നിരോധനം, മുംബൈ നഗരത്തിൽ ആർക്കും വന്ന് വ്യായാമം ചെയ്യാവുന്ന ഓപ്പൺ ജിംനേഷ്യം തുടങ്ങിയ ആശയങ്ങൾ ആദിത്യ മുന്നോട്ടുവയ്ക്കുന്നു. 

ബോംബെ സ്കോട്ടിഷ് സ്കൂളിലും മുംൈബ സെന്റ് സേവ്യേഴ്സ് കോളജിലും പഠനം. തുടർന്ന് നിയമപഠനത്തിനു േശഷമാണ് യുവസേനാ അധ്യക്ഷനാകുന്നത്. ‘‘രാഷ്ട്രീയവുമായി ചേർന്നാണ് ഞാൻ വളർന്നത്. ജനങ്ങൾക്കും നാടിനുമായി പ്രവർത്തിക്കാൻ അതിലും വലുതായി മറ്റൊരവസരമില്ല. രാഷ്ട്രീയം തന്നെയാണ് എന്റെ വഴിയെന്നു നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. 2012 മുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും സജീവമായി പ്രചാരണം നടത്തി’’ - ശിവസേന പ്രവർത്തകർ നെഞ്ചുപറിച്ചു മുഴക്കുന്ന മുദ്രാവാക്യങ്ങൾക്കിടെ ആദിത്യ പറഞ്ഞു. അവരുടെ ഭാവി മുഖ്യമന്ത്രിയാണ് വർളിയിലെ ബിഡിഡി ചാളിലൂടെ കൂപ്പുകൈകളുമായി നടന്നുപോകുന്നത്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com