ADVERTISEMENT

ന്യൂഡൽഹി ∙ പതിറ്റാണ്ടുകളായി സമാധാനം നിലനിൽക്കുന്ന ഇന്ത്യ – ബംഗ്ലദേശ് അതിർത്തിയിൽ ബംഗ്ലദേശ് സേനാംഗം നടത്തിയ വെടിവയ്പിൽ ബിഎസ്എഫ് ജവാനു വീരമൃത്യു. മറ്റൊരു ജവാനു ഗുരുതര പരുക്കേറ്റു. 

ഇന്ത്യൻ മീൻപിടിത്തക്കാരെ പിടിച്ചുവച്ച സംഭവത്തിൽ ഫ്ലാഗ് മീറ്റിങ് (അതിർത്തിയിലെ സേനാതല ചർച്ച) നടത്തി മടങ്ങിയ ബിഎസ്എഫ് സംഘത്തിനു നേരെ ബോർഡർ ഗാർഡ് ബംഗ്ലദേശ് (ബിജിബി) സേനാംഗം വെടിവയ്ക്കുകയായിരുന്നു.

ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ അതിർത്തി പ്രദേശമായ കക്മരിചാരിൽ നടന്ന ആക്രമണത്തിൽ ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ യുപി ഫിറോസാബാദ് സ്വദേശി വിജയ് ഭാൻ സിങ് ആണു മരിച്ചത്. 

പരുക്കേറ്റ കോൺസ്റ്റബിൾ രജ്‌വീർ യാദവ് ചികിത്സയിലാണ്. പിടിച്ചുവച്ച 3 മീൻപിടിത്തക്കാരിൽ ഒരാളെ ബംഗ്ലദേശ് മോചിപ്പിച്ചിട്ടില്ല.

സംഭവത്തിനു പിന്നാലെ ബിജിബി മേധാവി മേജർ ജനറൽ ഷഫീനുൽ ഇസ്‍ലാമിനെ ഹോട്‌ലൈനിൽ ബന്ധപ്പെട്ട് ബിഎസ്എഫ് മേധാവി വി.കെ. ജോഹ്റി ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചു. സൈനികനുണ്ടായ പിഴവാണെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

സംഭവത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ റിപ്പോർട്ട് തേടി. 4096 കിലോമീറ്റർ നീളമുള്ള ഇന്ത്യ – ബംഗ്ലദേശ് രാജ്യാന്തര അതിർത്തിയിൽ സുരക്ഷ ശക്തമാക്കി.

രോഷപ്രകടനം, നിറയൊഴിക്കൽ

അതിർത്തിയിലെ പദ്മ നദിയിൽ മീൻ പിടിച്ചതിനാണു 3 പേരെ ബംഗ്ലദേശ് സേന ഇന്നലെ രാവിലെ 9നു പിടികൂടിയത്. ഇവരിൽ 2 പേരെ വിട്ടയച്ചെങ്കിലും മുർഷിദാബാദ് സ്വദേശി പ്രണബ് മണ്ഡലിനെ തടഞ്ഞുവച്ചു.

മടങ്ങിയെത്തിയ മീൻപിടിത്തക്കാർ വിവരമറിയിച്ചതനുസരിച്ചു ബിഎസ്എഫ് പോസ്റ്റ് കമാൻഡറുടെ നേതൃത്വത്തിൽ ആറംഗ സംഘം നദി കടന്നു ബംഗ്ലദേശ് സേനയെ സമീപിച്ചു. കടുത്ത ഭാഷയിൽ പ്രതികരിച്ച ബംഗ്ലദേശ് സേന ബിഎസ്എഫ് സംഘത്തെ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചു.

രംഗം വഷളായതോടെ ചർച്ച മതിയാക്കി ബോട്ടിൽ മടങ്ങിയ സംഘത്തിനു നേരെ ബംഗ്ലദേശ് സേനാംഗം സയ്ദ് വെടിവയ്ക്കുകയായിരുന്നു. തലയ്ക്കു വെടിയേറ്റ വിജയ് തൽക്ഷണം മരിച്ചു. ബോട്ട് ഓടിച്ചിരുന്ന രജ്‌വീറിനും വെടിയേറ്റെങ്കിലും ബോട്ട് മുങ്ങാതെ അദ്ദേഹം കരയ്ക്കടുപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com