ADVERTISEMENT

ലക്നൗ ∙ ഹിന്ദു സംഘടനാ നേതാവ് കമലേഷ് തിവാരി കൊല്ലപ്പെട്ടു 3 ദിവസം കഴിഞ്ഞിട്ടും കൊലപാതകികൾ ഇരുൾമറയിൽ. കൊല നടത്തിയവർ വ്യക്തമായ തെളിവുകൾ അവശേഷിപ്പിച്ചാണ് രക്ഷപ്പെട്ടതെങ്കിലും കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരെ ഇനിയും പിടികൂടാനായിട്ടില്ല. 

സംഭവത്തിന്റെ തലേന്ന് ഷെയ്ഖ് അഷ്ഫഖുൾ ഹുസൈൻ, മുയിനുദ്ദീൻ പഠാൻ എന്നിവർ കമലേഷിന്റെ വീടിനു സമീപം ഹോട്ടലിൽ മുറിയെടുത്തിരുന്നുവെന്ന് വ്യക്തമായി. ഇവരുടെ മുറിയിൽ നിന്നു രക്തം പുരണ്ട കാവി കുർത്തയും കത്തിയും ടവലും പുതിയ ഫോണും കണ്ടെടുത്തു.

ഹോട്ടലിലും കമലേഷിന്റെ വീട്ടിലുമുള്ള സിസിടിവി ക്യാമറകളിൽ ഇരുവരും കാവി കുർത്ത ധരിച്ച്  പലഹാരപ്പെട്ടിയുമായി പോകുന്ന ദൃശ്യങ്ങൾ വ്യക്തമാണ്. സൂറത്തിൽ നിന്നു വാങ്ങിയ പലഹാരപ്പെട്ടി സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തു. പ്രതികൾ ഇതു വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. 

ഇത്രയും തെളിവുകൾ ലഭിച്ചിട്ടും കേസ് അന്വേഷിക്കുന്ന ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡിനും (എടിഎസ്) യുപിയിലെ പ്രത്യേക സംഘത്തിനും കൊലയാളികളെ കണ്ടെത്താനായിട്ടില്ല.

ഗൂഢാലോചന നടത്തിയ 5 പേരെ ലക്നൗവിൽ നിന്നും സൂറത്തിൽ നിന്നുമായി അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കൊലയാളികളെക്കുറിച്ചു വിവരം തരുന്നവർക്കു യുപി പൊലീസ് 2.5 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. 

കമലേഷ് കൊല്ലപ്പെട്ട സാഹചര്യത്തിൽ തന്റെ ജീവനു ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും സാധ്വി പ്രാചി ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത് ഷായെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com