ADVERTISEMENT

ന്യൂഡൽഹി ∙ ഐഎൻഎക്സ് മീഡിയ അഴിമതി സംബന്ധിച്ച സിബിഐ കേസിൽ മുൻ കേന്ദ്ര മന്ത്രി പി.ചിദംബരത്തിനു സുപ്രീം കോടതി ജാമ്യമനുവദിച്ചു.

എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലായതിനാൽ അദ്ദേഹം മോചിതനാവില്ല.

ജസ്റ്റിസ് ആർ.ഭാനുമതി അധ്യക്ഷയായ ബെഞ്ച് ഉപാധികളോടെയാണ് ഹൈക്കോടതി വിധി റദ്ദാക്കി ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപയുടെ വീതം 2 ആൾജാമ്യത്തിനു പുറമേ, പാസ്പോർട്ട് വിചാരണക്കോടതിയെ ഏൽപിക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ വിദേശത്തുപോകരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

സാക്ഷികളെ സ്വാധീനിച്ചേക്കുമെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. എന്നാൽ, ഇത് ഊഹവും ആശങ്കയും മാത്രമാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2 മാസം ചിദംബരം കസ്റ്റഡിയിലായിരുന്നു, അന്വേഷണവുമായി സഹകരിച്ചിട്ടുമുണ്ട്, കേസിൽ കുറ്റപത്രവും നൽകിക്കഴിഞ്ഞു.

ജാമ്യ ഹർജിയിൽ കേസിന്റെ വിശദാംശങ്ങളിലേക്കു കടന്ന ഹൈക്കോടതി നടപടിയെയും സുപ്രീം കോടതി വിമർശിച്ചു.

സാമ്പത്തിക കുറ്റങ്ങൾ ആരോപിക്കപ്പെടുന്നവർ രാജ്യം വിടുകയെന്നതു ദേശീയ പ്രതിഭാസമാണെന്ന് സോളിസിറ്റർ ജനറൽ ഉന്നയിച്ച വാദം അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശത്തുനിന്നു നിക്ഷേപം നേടുന്നതിനു വിദേശ നിക്ഷേപ പ്രോൽസാഹന ബോർഡ് അനുമതി നൽകിയതിൽ അഴിമതി ആരോപിച്ചുള്ളതാണ് കേസ്. 2017 മേയിൽ സിബിഐ കേസ് റജിസ്റ്റർ ചെയ്തു, കഴിഞ്ഞ ഓഗസ്റ്റ് 21നാണ് അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com