ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീർ അതിർത്തിയിൽ തുടർച്ചയായ മൂന്നാം ദിവസവും വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാന്റെ പ്രകോപനം. രജൗറി ജില്ലയിലുണ്ടായ ഷെല്ലാക്രമണത്തിലും വെടിവയ്പിലും ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. എയ്ഡ് പോസ്റ്റിൽ കാവൽ നിൽക്കുകയായിരുന്ന സൈനികനാണു കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിലെ മേന്ദർ സെക്ടറിൽ നടത്തിയ ഷെല്ലാക്രമണത്തിൽ  2 ഗ്രാമീണർക്കു പരുക്കേറ്റു. കനത്ത ഷെല്ലാക്രമണത്തെത്തുടർന്ന് അതിർത്തിയിലെ സ്കൂളിൽ കുടുങ്ങിയ വിദ്യാർഥികളെ ഇന്ത്യൻ സേന രക്ഷിച്ചു. സുരക്ഷയ്ക്കായി ഗ്രാമീണരെ ഭൂഗർഭ അറകളിലേക്കു മാറ്റിയതായി സേനാ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ചിലെ കർമാറ ഗ്രാമത്തിൽ വീണ 3 ഷെല്ലുകൾ സേന നിർവീര്യമാക്കി. വരുംദിവസങ്ങളിലും പാക്ക് ആക്രമണം തുടരുമെന്ന വിലയിരുത്തലിൽ അതിർത്തിയിലുടനീളം സേന അതീവ ജാഗ്രതയിലാണ്. 

പാക്ക് അധിനിവേശ കശ്മീരിലെ നീലം താഴ്‍വരയിൽ വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾ സന്ദർശനം നടത്തുന്നതിനാൽ വെടിവയ്പ് ഒഴിവാക്കണമെന്നു കഴിഞ്ഞ ദിവസം ഇന്ത്യയോടു പാക്കിസ്ഥാൻ അഭ്യർഥിച്ചിരുന്നു. സമ്മതമറിയിച്ച് ഇന്ത്യൻ സേന സംയമനം പാലിച്ചതിന്റെ മറവിലാണ് ഇന്നലെ ഉച്ചയ്ക്കു പാക്കിസ്ഥാൻ ആക്രമണം അഴിച്ചുവിട്ടത്. പിന്നാലെ, ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. 

കഴിഞ്ഞ ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ നീലം താഴ്‍വരയിലെ 3 ഭീകര ക്യാംപുകൾ തകർത്തുവെന്ന ഇന്ത്യയുടെ വാദം അടിസ്ഥാനരഹിതമാണെന്നു തെളിയിക്കാനാണു വിദേശ പ്രതിനിധികളെ പാക്കിസ്ഥാൻ അവിടേക്കെത്തിച്ചത്. സ്ഥലം സന്ദർശിക്കാനുള്ള ക്ഷണം ഇന്ത്യ സ്വീകരിച്ചില്ലെന്ന് പാക്കിസ്ഥാൻ വിമർശിച്ചു. 

ഡ്രോൺ വീഴ്ത്തി ബിഎസ്എഫ്

പാക്കിസ്ഥാനിൽ നിന്നു പഞ്ചാബിലെ ഹുസൈനിവാല അതിർത്തി വഴി ഇന്ത്യയിലേക്ക് 3 ഡ്രോണുകൾ (ആളില്ലാ ചെറു വിമാനം) അതിക്രമിച്ചു കയറി. അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) അവയെ വെടിവച്ചു വീഴ്ത്തിയതായി റിപ്പോർട്ടുണ്ടെങ്കിലും സേന ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പഞ്ചാബ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കി.

ഡ്രോണുകൾ കണ്ടെത്തിയാൽ ഉടൻ വിവരമറിയിക്കാൻ അതിർത്തിയിലെ ഗ്രാമീണർക്കു ബിഎസ്എഫ് നിർദേശം നൽകി. ഈ മാസം രണ്ടാം തവണയാണു പാക്ക് ഡ്രോണുകൾ ഇന്ത്യയിലേക്കു കടന്നുകയറുന്നത്. 

പഞ്ചാബിലെ ഫിറോസ്പുരിൽ അതിർത്തിക്കു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ 2 പാക്ക് സ്വദേശികളെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. 

 3 ഭീകരരെ വധിച്ചു

ന്യൂഡൽഹി∙ തെക്കൻ കശ്മീരിലെ ത്രാലിൽ ഒളിവിൽ കഴിഞ്ഞ 3 ഭീകരരെ ഇന്ത്യൻ സേന വധിച്ചു. ജയ്ഷെ മുഹമ്മദ് അംഗങ്ങളായ ഇവരുടെ ഒളിത്താവളം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സേനാ നടപടി. താവളത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. കശ്മീരിൽ കഴിഞ്ഞ ഓഗസ്റ്റിൽ 2 സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളാണിവർ. ഈ മാസമാദ്യം അനന്ത്നാഗിൽ 3 ഭീകരരെ സേന വധിച്ചിരുന്നു.

∙ ഇന്ത്യ ഒരുകാലത്തും ആക്രമണ സ്വഭാവം കാട്ടിയിട്ടില്ല. എന്നാൽ, രാജ്യത്തിനെതിരായ ഏതാക്രമണത്തിനും ശക്തമായ മറുപടി നൽകാനുള്ള ശേഷി ഇന്ത്യൻ സേനകൾക്കുണ്ട്.

രാജ്നാഥ് സിങ് (കേന്ദ്ര പ്രതിരോധ മന്ത്രി)

ഇന്ത്യക്കും പാക്കിസ്ഥാനും യുഎസ് വിമർശനം

വാഷിങ്ടൻ∙ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും വർത്തമാന സാഹചര്യങ്ങളിൽ യുഎസിന് ആശങ്ക. പാക്കിസ്ഥാനിലെ വർധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനവും മതപരമായ വിവേചനവുമാണ് ആശങ്കയ്ക്കു വഴിവയ്ക്കുന്നതെങ്കിൽ ഇന്ത്യയുടെ കാര്യത്തിൽ അതു ന്യൂനപക്ഷ വിവേചനവും ഗോസംരക്ഷണവുമായി ബന്ധപ്പെട്ട ആക്രമണങ്ങളുമാണ്. 

നിയമവും ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാൻ യുഎസ് നയതന്ത്രജ്ഞയും ദക്ഷിണ, മധ്യേഷ്യയുടെ ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറിയുമായ ആലീസ് ജി വെൽസ് ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു.

ഇന്ത്യയുടെ കാര്യത്തിൽ, ദലിതരും മുസ്ലിംകളും അടക്കമുള്ള മതന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമണവും ചില സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന മതംമാറ്റവിരുദ്ധ നിയമവും തെല്ലും അഭികാമ്യമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഇതേസമയം, ഇന്ത്യയുടെ  പൊതുസമൂഹവും ജനാധിപത്യ പ്രസ്ഥാനങ്ങളും  വലുപ്പം കൊണ്ടും വികസനകാര്യങ്ങളിൽ നേരിടുന്ന വെല്ലുവിളികൾ കൊണ്ടും കൂടുതൽ പ്രസക്തമാണെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com