ADVERTISEMENT

അഗർത്തല ∙ ഫ്ലൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട 225 കോടി രൂപയുടെ അഴിമതിക്കേസിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ത്രിപുര മുൻ പൊതുമരാമത്തു മന്ത്രിയുമായ ബാദൽ ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ എംഎൽഎയായ ബാദൽ ചൗധരി ഹൃദ്രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുമ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. പൊതുമരാമത്തുവകുപ്പ് മുൻ ചീഫ് എൻജിനീയർ സുനിൽ ഭൗമിക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുൻ ചീഫ് സെക്രട്ടറി യശ്പാൽ സിങ്ങും കേസിൽ പ്രതിയാണ്.

638 കോടി രൂപയുടെ പദ്ധതിയിൽ 225 കോടി അധികമായി ചെലവിട്ടു എന്നതാണ് പ്രധാന ആരോപണം. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനുള്ള ആർഎസ്എസ്–ബിജെപി പദ്ധതിയുടെ ഭാഗമാണു കേസെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഡൽഹിയിൽ ആരോപിച്ചു.

2008–09ൽ, ഫ്ലൈ ഓവർ നിർമാണത്തിനു മന്ത്രിസഭയുടെ അനുമതിയില്ലാതെ 225 കോടി ചെലവിട്ടെന്നും മന്ത്രിസഭ പരിഗണിച്ച രേഖയും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തയാറാക്കിയ രേഖയും തമ്മിൽ പൊരുത്തമില്ലെന്നും മുഖ്യമന്ത്രി ബിപ്ലവ് ദേബ് കഴിഞ്ഞ മാസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

വിജിലൻസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ചയാണ് കേസ് റജിസ്റ്റർ ചെയ്തത്. ബാദലിനു പശ്ചിമ ത്രിപുര സെഷൻസ് കോടതി ആദ്യം രണ്ടു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. 

പിന്നീടതു റദ്ദാക്കി. തുടർന്ന്, പാർട്ടി ഓഫിസിൽനിന്ന് അറസ്റ്റ് ചെയ്യാൻ പൊലീസ് നടത്തിയ ശ്രമം വിജയിച്ചില്ല. അറസ്റ്റ് തടഞ്ഞെന്നാരോപിച്ച് പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം നാരായൺ കറിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യമനുവദിച്ചു.

ഇതിനിടെ, ബാദലിനെ അറസ്റ്റ് ചെയ്യാത്തതിനു ത്രിപുര വെസ്റ്റ് ജില്ലാ പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ 8 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ബാദൽ ഒളിവിലാണെന്നും അറസ്റ്റിനുള്ള ശ്രമം തുടരുന്നുവെന്നും പിന്നീടു പൊലീസ് വ്യക്തമാക്കി. ഇതിനിടെ, ബാദലിന്റെ ജാമ്യ ഹർജി ഹൈക്കോടതി പരിഗണിച്ചെങ്കിലും ഉത്തരവുണ്ടായിട്ടില്ല. ചികിത്സയ്ക്കായി ബാദലിനെ ഭാര്യയും മകളുമാണ് ആശുപത്രിയിലെത്തിച്ചത്.

∙ ഫ്ലൈ ഒാവർ പദ്ധതിയെക്കുറിച്ചു പൊതു മരാമത്ത് വകുപ്പ് തൃപ്തികരമായ വിശദീകരണം നൽകിയതോടെ സിഎജി റിപ്പോർട്ടിലെ പരാമർശം ഒഴിവാക്കിയിരുന്നു.  എന്നാൽ, സിഎജിക്കു പ്രശ്നമില്ലെങ്കിലും ഞങ്ങൾ നടപടിയെടുക്കുമെന്നാണ് സർക്കാർ നിലപാട്. ഇത് പ്രതിപക്ഷത്തെ വേട്ടയാടലാണ്. 

സംശുദ്ധരാഷ്ട്രീയത്തിന്റെ വക്താവാണ് ബാദൽ ചൗധരി. ഗുരുതരകുറ്റങ്ങൾ നടത്തിയവർക്കെതിരെ നടപടിയെടുക്കാതെ, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയെന്നതാണ് ബിജെപി സർക്കാരുകളുടെ രീതി’- സീതാറാം യച്ചൂരി (സിപിഎം ജനറൽ സെക്രട്ടറി )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com