ADVERTISEMENT

ന്യൂഡൽഹി ∙ ബംഗാളിൽ 3 നിയമസഭാ മണ്ഡലങ്ങളിൽ അടുത്ത മാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റു പങ്കിടുന്നതു സംബന്ധിച്ചു സംസ്ഥാനത്തെ ഇടതു മുന്നണി ഇന്നു തീരുമാനമെടുക്കും. സീറ്റ് പങ്കിടാൻ തയാറെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തര ദിനാശ്പുർ ജില്ലയിലെ കാലിയഗഞ്ച്, പശ്ചിമ മിഡ്നാപുരിലെ ഖരഗ്പുർ സദർ, നാദിയ ജില്ലയിലെ കരിംപുർ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.

കോൺഗ്രസ് എംഎൽഎ പ്രമത റേയുടെ നിര്യാണത്തെത്തുടർന്നാണു കാലിയഗഞ്ചിൽ ഉപതിരഞ്ഞെടുപ്പ്. എംഎൽഎമാരായിരുന്ന ദിലീപ് ഘോഷും (ബിജെപി –ഖരഗ്പുർ സദർ), മൊഹുവ മൊയിത്രയും (തൃണമൂൽ–കരിംപുർ) ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണു മറ്റിടങ്ങളിൽ.

2016 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപക്ഷവുമായി സീറ്റ് ധാരണയുണ്ടായിരുന്നു. കാലിയഗഞ്ചിലും ഖരഗ്പൂർ സദറിലും ഇടതു പാർട്ടികൾ കോൺഗ്രസിനെ പിന്തുണച്ചു; കരിംപുരിൽ ഇടതിനെ കോൺഗ്രസും. ഈ രീതി തുടരാനാണ് ഇടതുമുന്നണി ആലോചിക്കുന്നതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സൂചിപ്പിച്ചു.

ബിജെപിയുമായി തൃണമൂൽ സന്ധിചെയ്യുന്നുവെന്ന വിലയിരുത്തലിലാണ് ഇടതു പാർട്ടികളുമായി സഹകരിക്കാൻ താൽപര്യപ്പെടുന്നതെന്നു കോൺഗ്രസ് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സീറ്റ് പങ്കിടൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമോയെന്നു വ്യക്തമാക്കാൻ ഇടതു നേതാക്കൾ തയാറല്ല.

2016 ൽ, കാലിയഗഞ്ചിൽ 52.58 % വോട്ട് നേടിയാണ് കോൺഗ്രസ് വിജയിച്ചത്. എന്നാൽ, ഖരഗ്പുർ സദറിൽ ഇടതു പിന്തുണയുണ്ടായിട്ടും കോൺഗ്രസ് മൂന്നാമതായി. അവിടെ ബിജെപിക്ക് 39.29%, തൃണമൂൽ–35.26%, കോൺഗ്രസ്– 21.80% എന്നിങ്ങനെയായിരുന്നു വോട്ടുവിഹിതം. കരിംപുരിൽ തൃണമൂൽ–45.24%, സിപിഎം–37.29%, ബിജെപി–11.59%.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com