ADVERTISEMENT

ന്യൂഡൽഹി ∙ ഹരിയാനയിലും മഹാരാഷ്ട്രയിലും സർക്കാരുണ്ടാക്കിയശേഷം നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലത്തിന്റെ വിശദമായ വിലയിരുത്തലിലേക്കു നീങ്ങാമെന്നാണ് ബിജെപിയുടെ തീരുമാനം. മുന്നേറ്റത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾക്കു വീര്യം കൂട്ടാമെന്ന ധാരണയിലാണ് കോൺഗ്രസ്.

ഹരിയാനയിൽ സർക്കാർ രൂപീകരണത്തിനുള്ള എണ്ണമൊപ്പിക്കാൻ വേഗത്തിൽ ബിജെപിക്കു സാധിച്ചു. എന്നാൽ, മഹാരാഷ്ട്രയിൽ ശിവസേന വിട്ടുകൊടുക്കാൻ തയാറല്ലെന്നത് ബിജെപിയെ അലോസരപ്പെടുത്തുന്നു. നഷ്ടപ്പെട്ട മേൽക്കൈ തിരിച്ചുപിടിക്കാനെന്നോണം സേന തിരഞ്ഞെടുപ്പിൽ തന്ത്രപരമായി വോട്ടു ചെയ്തെന്ന സംശയവും ബിജെപിക്കുണ്ട്. 

ഫലം വന്നതിനു തൊട്ടുപിന്നാലെ ബിജെപിയെ സേനാനേതൃത്വം വിമർശിച്ചത് ഇനിയങ്ങോട്ട് ബന്ധം സുഗമമാകില്ലെന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു.

ബിജെപി ജനകീയ പ്രശ്നങ്ങളിലേക്ക്

രണ്ടു സംസ്ഥാനങ്ങളിലും വിമതരുണ്ടാക്കിയ പ്രശ്നങ്ങൾ മാത്രമല്ല, ഭരണഘടനയുടെ 370ാം വകുപ്പ് പരിഷ്കരിച്ചതും ദേശീയ പൗരത്വ റജിസ്റ്ററും മാത്രം എടുത്തുപറഞ്ഞുള്ള ദേശീയ നേതാക്കളുടെ പ്രചാരണവും ദോഷമായെന്ന് ഫലം വന്നതിനു പിന്നാലെ ബിജെപി വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.

പാർട്ടിയുടെ പ്രത്യയശാസ്ത്ര താൽപര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികൾ മാത്രമല്ല, പൊതുവിൽ ജനത്തെ നേരിട്ടു സ്വാധീനിക്കുന്ന കാര്യങ്ങളും മുന്നോട്ടുവച്ചുവേണം ജാർഖണ്ഡിലും ഡൽഹിയും പ്രചാരണമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണ് രണ്ടാം ഗണത്തിൽ പ്രധാനം. ആഭ്യന്തര മന്ത്രിയും പാർട്ടി അധ്യക്ഷനുമായ അമിത് ഷാ, ദീപാവലി ആശംസ നേർന്ന് അയച്ച കാർഡുകളിലും കുടിവെള്ള പദ്ധതിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകൾ പരാമർശിച്ചതു ശ്രദ്ധേയമായി.

കഴിഞ്ഞ 5 വർഷമായി പാർട്ടിക്കുള്ളിൽ വിമതശബ്ദങ്ങൾ അമർത്തപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻനേട്ടമുണ്ടായപ്പോൾ ആ ഗുജറാത്ത് മോഡലിനോടുള്ള അവശേഷിച്ച എതിർപ്പുകളും ഇല്ലാതായെന്ന സ്ഥിതിയായിരുന്നു. എന്നാൽ, 2 സംസ്ഥാനങ്ങളിൽ സീറ്റ് കുറഞ്ഞപ്പോൾതന്നെ ജനറൽ സെക്രട്ടറി കൈലാസ് വിജ

യവർഗിയ, ഉമാഭാരതി തുടങ്ങിയവർ പരസ്യവിമർശനത്തിനു തയാറായി. സമീപനം മാറ്റാൻ ഇത് നേതൃത്വത്തെ പ്രേരിപ്പിക്കുമെന്ന് കരുതാറായിട്ടില്ല. 

കോണ്‍ഗ്രസ് പ്രക്ഷോഭ പാതയിലേക്ക്

ദേശീയ നേതൃത്വം പ്രചാരണത്തിൽ കാര്യമായ ശ്രദ്ധ ചെലുത്താതിരുന്നിട്ടും മുന്നേറ്റം നടത്താൻ സാധിച്ചത് ജനങ്ങൾ ഇപ്പോഴും കൂടെയുണ്ടെന്നതിനു തെളിവാണെന്നു കോൺഗ്രസ് വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ, ജനകീയ വിഷയങ്ങൾ ഉന്നയിച്ച് പാർട്ടി വരും നാളുകളിൽ തെരുവിലിറങ്ങും.

ജില്ലാതലം മുതൽ ഡൽഹി വരെ പ്രക്ഷോഭങ്ങൾക്കു തുടക്കമിടാൻ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി നിർദേശം നൽകി. ആദ്യ ഘട്ടമായി നവംബർ 5 – 15 തീയതികളിൽ സാമ്പത്തിക മാന്ദ്യം, മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (ആർസിഇപി) വിഷയങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ, പിസിസി ഘടകങ്ങൾക്കു പുറമേ യൂത്ത് കോൺഗ്രസ്, പോഷക സംഘടനകൾ എന്നിവയുടെ സജീവ പങ്കാളിത്തം പരിപാടികളിൽ ഉറപ്പാക്കും.

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലും ഭരണപക്ഷത്തിനെതിരായ പോരാട്ടത്തിനു കോൺഗ്രസ് മൂർച്ച കൂട്ടും. രണ്ടാം മോദി സർക്കാരിന്റെ മധുവിധു അവസാനിച്ചുവെന്നും ഭരണകൂടത്തെ കടന്നാക്രമിക്കാനുള്ള ഒരവസരവും പാഴാക്കരുതെന്നുമാണ് എംപിമാർക്കുള്ള സോണിയയുടെ നിർദേശം. പൗരത്വ ഭേദഗതി ബിൽ, കശ്മീർ വിഷയങ്ങളിൽ പാർലമെന്റിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷത്തിന്റെ ഐക്യനിര രൂപീകരിക്കാനുള്ള ശ്രമങ്ങൾക്കു സോണിയ മുൻകയ്യെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com