ADVERTISEMENT

ന്യൂഡൽഹി ∙ ഹരിയാനയിൽ മനോഹർ ലാൽ ഖട്ടർ സർക്കാർ ഇന്ന് അധികാരമേൽക്കും. ജനനായക് ജനതാപാർട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാകും. ജെജെപിക്ക് ഇതടക്കം 3 മന്ത്രിസ്ഥാനം നൽകാനാണു ധാരണ.

രാജ്ഭവനിൽ 2.15നാണ് സത്യപ്രതിജ്ഞ. സ്വതന്ത്രരിൽ ചിലരെയും മന്ത്രിമാരായി പരിഗണിക്കുമെന്നറിയുന്നു. കഴിഞ്ഞ തവണ ധനമന്ത്രി ആയിരുന്ന അനിൽ വിജിനെയും ഉപമുഖ്യമന്ത്രിയാക്കണമെന്ന് ബിജെപി നിയമസഭാകക്ഷി യോഗത്തിൽ ആവശ്യമുയർന്നിരുന്നു.

വിവാദ എംഎൽഎ എച്ച്എൽപിയുടെ ഗോപാൽ കാണ്ഡയുടെ പിന്തുണ ആവശ്യമില്ലെന്ന് നിയമസഭാ കക്ഷി യോഗത്തിൽ കേന്ദ്ര പ്രതിനിധിയായി പങ്കെടുത്ത രവിശങ്കർ പ്രസാദ് പറഞ്ഞു. കാണ്ഡയുടെ പിന്തുണ സ്വീകരിച്ചതിനെച്ചൊല്ലി ബിജെപിയിൽത്തന്നെ എതിരഭിപ്രായമുയർന്നിരുന്നു.

ദുഷ്യന്തിന്റെ അമ്മ നൈന ചൗട്ടാലയാകും ഉപമുഖ്യമന്ത്രിയെന്ന് അഭ്യൂഹമുയർന്നെങ്കിലും ഖട്ടർ അതു നിഷേധിച്ചു.

സഭാകക്ഷി യോഗത്തിനു ശേഷം ഖട്ടർ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ദുഷ്യന്ത് ചൗട്ടാല എന്നിവർക്കൊപ്പം ഗവർണർ സത്യദേവ് നാരായൺ ആര്യയെ സന്ദർശിച്ച് കത്തു നൽകി. 40 ബിജെപി അംഗങ്ങൾ, 10 ജെജെപി അംഗങ്ങൾ, 7 സ്വതന്ത്രർ എന്നിവരുടെ പിന്തുണ ബിജെപി അവകാശപ്പെട്ടു.

അവശേഷിക്കുന്ന വിമതൻ ബൽരാജ് കുണ്ടുവിന്റെ പിന്തുണയും ലഭിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

അജയ് ചൗട്ടാലയ്ക്ക് പരോൾ

അഴിമതിക്കേസിൽ ജയിലിൽ കിടക്കുന്ന ജെജെപി സ്ഥാപക നേതാവും ദുഷ്യന്തിന്റെ പിതാവുമായ അജയ് സിങ് ചൗട്ടാലയ്ക്ക് രണ്ടാഴ്ചത്തെ പരോൾ അനുവദിച്ചു. ഹരിയാനയിൽ ബിജെപിക്ക് ജെജെപി പിന്തുണ നൽകിയതിനു തൊട്ടുപിന്നാലെയാണിത്.

ഇന്നു സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കും.അജയും 4 തവണ ഹരിയാന മുൻമുഖ്യമന്ത്രിയായിരുന്ന പിതാവ് ഓംപ്രകാശ് ചൗട്ടാലയും സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ 2013 മുതൽ ജയിലിലാണ്. 

ബിജെപിക്കു പിന്തുണ നൽകാൻ തീരുമാനമെടുക്കുന്നതിനു മുൻപ് ദുഷ്യന്ത് തിഹാർ ജയിലിൽ പിതാവിനെ സന്ദർശിച്ചിരുന്നു.

ജയിലിലെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പരോൾ നൽകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

തേജ് ബഹദൂർ ജെജെപി വിട്ടു 

ന്യൂഡൽഹി ∙ ദുഷ്യന്ത് ചൗട്ടാല ജനങ്ങളെ വഞ്ചിച്ചുവെന്നും ജെജെപി ബിജെപിയുടെ ബി ടീം ആയി മാറിയെന്നും ആരോപിച്ച് മുൻ ബിഎസ്എഫ് ജവാൻ തേജ് ബഹദൂർ യാദവ് പാർട്ടി വിട്ടു.

ബിഎസ്എഫ് ജവാന്മാർക്കു മോശം ഭക്ഷണം നൽകുന്നുവെന്ന് ആരോപിച്ച വിഡിയോയിലൂടെ വിവാദനായകനായ ആളാണ് തേജ് ബഹദൂർ. തുടർന്ന് അച്ചടക്കലംഘനത്തിന് ഇദ്ദേഹത്തെ ബിഎസ്എഫിൽ നിന്നു പിരിച്ചുവിട്ടു.

കഴിഞ്ഞ മാസം ജെജെപിയിൽ ചേർന്ന തേജ് ബഹദൂർ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ കർനാലിൽ മത്സരിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർഥിക്കും പിന്നിൽ മൂന്നാമതായ തേജ് ബഹദൂറിനെ ആകെ 3175 വോട്ടേ കിട്ടിയുള്ളൂ.

ഒടുവിൽ ഹൂഡ പറഞ്ഞു ‘ഒന്ന്ആഞ്ഞു പിടിച്ചിരുന്നെങ്കിൽ...’

ന്യൂഡൽഹി ∙ ഹരിയാനയിൽ കോൺഗ്രസ് സംഘടനാ അഴിച്ചുപണി നടത്തുന്നതിൽ ദേശീയ നേതൃത്വം വരുത്തിയ കാലതാമസമാണു കേവല ഭൂരിപക്ഷം ലഭിക്കാത്തതിനു കാരണമെന്നു പ്രസിഡന്റ് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ മുതിർന്ന നേതാവ് ഭൂപീന്ദർ സിങ് ഹൂഡ ചൂണ്ടിക്കാട്ടി.

‘തിരഞ്ഞെടുപ്പ് ചുമതല നേരത്തേ ഏൽപിച്ചിരുന്നെങ്കിൽ ഫലം കൂടുതൽ മെച്ചപ്പെടുമായിരുന്നു’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com