ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തെ മുൾമുനയിലാക്കി 11 മണിക്കൂർ നീണ്ട അത്യപൂർവ പൊലീസ് സമരം. കഴിഞ്ഞ ദിവസം അഭിഭാഷകരുടെ ആക്രമണത്തിനിരയായ സംഭവത്തിൽ നീതി തേടി രാവിലെ 9 ന് പൊലീസ് ആസ്ഥാനത്താരംഭിച്ച സമരം അവസാനിപ്പിച്ചത് രാത്രി 8 മണിയോടെ. 

വനിതകളടക്കമുള്ള പൊലീസുകാർ യൂണിഫോമിൽ തെരുവിലിറങ്ങിയതോടെ ഡൽഹിയിലെ സുരക്ഷാ, ക്രമസമാധാന സംവിധാനങ്ങളെല്ലാം താറുമാറായി. രാവിലെ നൂറോളം പേരാണു സമരത്തിനു തുടക്കം കുറിച്ചത്. 11 മണിയോടെ ആയിരങ്ങളായി. ഹരിയാന പൊലീസും പിന്തുണയുമായെത്തിയതോടെ സമരം അതിശക്തമായി. പൊലീസുകാരുടെ കുടുംബാംഗങ്ങൾ വൈകിട്ട് ഇന്ത്യഗേറ്റിലേക്കു പ്രതിഷേധ മാർച്ച് നടത്തി.

കേരള ഐപിഎസ് അസോസിയേഷൻ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സംഘടനകൾ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.

അഭിഭാഷകരുടെ ആക്രമണത്തിനിരയായ പൊലീസുകാർക്ക് ചികിത്സാ സഹായം, അക്രമം നടത്തിയ അഭിഭാഷകർക്കെതിരെ കേസെടുക്കുന്നതു തടഞ്ഞ  ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ എന്നീ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചതോടെയാണ് സമരം പിൻവലിച്ചത്. പൊലീസുകാർക്കെതിരെയെടുത്ത സസ്പെൻഷൻ– സ്ഥലം മാറ്റം പിൻവലിക്കുക, അക്രമത്തിനു നേതൃത്വം നൽകിയ അഭിഭാഷകരുടെ അംഗീകാരം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചായിരുന്നു സമരം. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡൽഹി പൊലീസ് അംഗങ്ങളുടെ അസാധാരണ സമരം കേന്ദ്രത്തിനും തലവേദനയായി.

പൊലീസ്  X അഭിഭാഷകർ:  സംഭവം ഇങ്ങനെ

ശനിയാഴ്ച: തീസ് ഹസാരി കോടതിവളപ്പിൽ പൊലീസ് വാഹനത്തിൽ അഭിഭാഷകന്റെ വാഹനം ഇടിക്കുന്നു. തുടർന്ന് പൊലീസ് – അഭിഭാഷക ഏറ്റുമുട്ടൽ. അഭിഭാഷകരിലൊരാളെ പൊലീസ് ലോക്കപ്പിൽ മർദിച്ചു. 

ഇദ്ദേഹത്തെ പുറത്തിറക്കാൻ മറ്റ് അഭിഭാഷകർ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. പിന്നാലെ അഭിഭാഷകർ തെരുവിൽ അക്രമം അഴിച്ചുവിട്ടു. പൊലീസ് വെടിയുതിർത്തു. 30 പേർക്കു പരുക്ക്. 20 വാഹനങ്ങൾ കത്തിച്ചു.

ഞായർ: ഡൽഹി ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. 2 പൊലീസുകാർക്ക് സ്ഥലംമാറ്റം. 5 പേർക്ക് സസ്പെൻഷൻ.

തിങ്കൾ: അഭിഭാഷകർ ജോലി ബഹിഷ്കരിച്ചു. പലയിടത്തും പൊലീസുകാർക്കു നേരെ കയ്യേറ്റം.  ദൃശ്യങ്ങൾ പുറത്തുവന്നിട്ടും അധികൃതർക്കു മൗനം.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com