ADVERTISEMENT

ന്യൂഡൽഹി ∙ കർതാർപുർ ഇടനാഴിയുടെ പാക്കിസ്ഥാനിലെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിനു കേന്ദ്ര സർക്കാരിന്റെ അനുമതി. സിദ്ദുവിനു പാക്കിസ്ഥാൻ വീസ അനുവദിച്ചു.

നാളത്തെ ചടങ്ങിലേക്കു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ക്ഷണം ലഭിച്ചതിനു പിന്നാലെ യാത്രാ അനുമതി തേടി സമീപിച്ചെങ്കിലും കേന്ദ്രം നിലപാടു വ്യക്തമാക്കുന്നില്ലെന്നു സിദ്ദു ആരോപിച്ചിരുന്നു. ഇന്നലെ അദ്ദേഹം മൂന്നാമത്തെ കത്തു നൽകിയതിനു പിന്നാലെയാണു കേന്ദ്രം സമ്മതിച്ചത്. പങ്കെടുക്കുന്നതിൽ കേന്ദ്രത്തിന് എതിർപ്പുണ്ടെങ്കിൽ വ്യക്തമാക്കണമെന്നു സിദ്ദു ആവശ്യപ്പെട്ടിരുന്നു. അനുമതിയില്ലെങ്കിൽ സാധാരണ തീർഥാടകരെപ്പോലെ പോകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു.

ഇടനാഴി ഉദ്ഘാടനം ചരിത്രസംഭവമാണെന്നും ഒരു വ്യക്തിയെ മാത്രം ഉയർത്തിക്കാണിക്കുന്നതു നീതിയുക്തമല്ലെന്നും നേരത്തേ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാർ പ്രതികരിച്ചു.

അതേസമയം, ഇന്ത്യയിൽനിന്നുള്ള സിഖ് തീർഥാടകർക്കു പാസ്പോർട്ട് ഇല്ലാതെ പ്രവേശനം നൽകുമെന്ന ഇമ്രാൻ ഖാന്റെ പ്രഖ്യാപനം സൈന്യം തിരുത്തി. പാസ്പോർട്ട് ഇല്ലാത്തവരെ സുരക്ഷാ കാരണങ്ങളാൽ പ്രവേശിപ്പിക്കില്ലെന്നു സേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു.

പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽനിന്ന് 4 കിലോമീറ്റർ അകലെ പാക്കിസ്ഥാനിലെ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകൻ ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നതു ദർബാർ സാഹിബിലാണ്. ഇന്ത്യയിൽ നിന്നു ദിവസം 5000 പേർക്ക് സന്ദർശനാനുമതി നൽകും.

English summary: Kartarpur: Sidhu gets permission

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com