sections
MORE

കസേര കിട്ടാതെ ഭൂരിപക്ഷം, മൗനം പാലിച്ച് ഗവർണർ; മഹാരാഷ്ട്രയിൽ സഖ്യ പ്രതിസന്ധി

uddhav-thackeray-fadnavis
ഉദ്ധവ് താക്കറെ, ദേവേന്ദ്ര ഫഡ്നാവിസ്
SHARE

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പിനു മുൻപുതന്നെ നിലവിലുള്ള ബിജെപി – ശിവസേന സഖ്യത്തിന് സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമുണ്ട്.  വ്യവസ്ഥകളനുസരിച്ച്, ഗവർണർ ഭഗത്‌സിങ് കോഷിയാരി ഈ സഖ്യത്തെ സർക്കാരുണ്ടാക്കാൻ വിളിക്കേണ്ടതാണ്.

എന്നാൽ, ഗവർണർ അതു ചെയ്യുന്നില്ല; സഖ്യം അത് ആവശ്യപ്പെടുന്നുമില്ല. നിലവിലെ സഭയുടെ കാലാവധി അവസാനിക്കാൻ ഒരു ദിവസമേയുള്ളു. ബിജെപി–സേന സഖ്യത്തിനു ഭൂരിപക്ഷമുള്ള ഫലം വന്നിട്ട് 14 ദിവസമായി. സഖ്യത്തിന്റെ തർക്കം തീരാത്തതും ഗവർണർ ഇടപെടാത്തതും ഇപ്പോൾ ഭരണപ്രതിസന്ധിയായി; ഇനിയത് ഭരണഘടനാപരമായ പ്രതിസന്ധിയായേക്കാം. 

കണ്ടു, കണ്ടു, വെവ്വേറെ

കഴിഞ്ഞ മാസം 24ന് ഫലം വന്നശേഷം ബിജെപിയും സേനയും വെവ്വേറെ രണ്ടു തവണ ഗവർണറെ കണ്ടു. പ്രതിപക്ഷത്തെ എൻസിപി–കോൺഗ്രസ് സഖ്യം ഒരുമിച്ചും  ഗവർണറെ കണ്ടു. സുസ്ഥിരഭരണത്തിനു നടപടിയെടുക്കേണ്ടത് ഗവർണറുടെ ഉത്തരവാദിത്തമാണ്. എന്നാൽ, ബിജെപി–സേന തർക്കം തീർന്നിട്ട് അതിനു തുനിയാമെന്ന മട്ടിലാണ് ഗവർണർ.

ഇപ്പോൾ ബിജെപി–സേന സഖ്യത്തെ ക്ഷണിച്ചാൽ, ബിജെപിയും സേനയും വെവ്വേറെയാവും മറുപടി നൽകുക. ഭൂരിപക്ഷമുള്ള സഖ്യമില്ലെങ്കിൽ, അവകാശവാദമുന്നയിക്കുന്ന ഏറ്റവും വലിയ ഒറ്റക്കക്ഷിയെയാണ് ക്ഷണിക്കേണ്ടത്. ബിജെപിയെ ക്ഷണിച്ചാൽ, ഇപ്പോഴത്തെ സ്ഥിതിയിൽ സ്വീകരിക്കണമെന്നില്ല. സ്വീകരിച്ചാൽ നിശ്ചിത സമയത്തിനകം  ഭൂരിപക്ഷം തെളിയിക്കണം.

ബിജെപി ഒറ്റയ്ക്കു വിശ്വാസവോട്ട് തേടി പരാജയപ്പെടുന്നത് രാജ്ഭവൻ താൽപര്യപ്പെടുന്നില്ലെന്നാണു സൂചന. രണ്ടാമത്തെ വലിയ കക്ഷി ശിവസേനയാണ്. തിരഞ്ഞെടുപ്പിനുമുൻപുള്ള സഖ്യമായി പരിഗണിച്ചാൽ എൻസിപി–കോൺഗ്രസ് സഖ്യമാണ് രണ്ടാമത്.  സേനയെയോ എൻസിപി–കോൺഗ്രസ് സഖ്യത്തെയോ ഗവർണർ ക്ഷണിക്കുമെന്ന സൂചനയുമില്ല. 

ഭൂരിപക്ഷം 

ഭരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കിയിട്ടുവേണം കക്ഷികളെ ഗവർണർ ക്ഷണിക്കാനെന്നു വ്യവസ്ഥയില്ല. എന്നാൽ, പിന്തുണക്കത്തുകൾ പരിശോധിച്ചശേഷം മാത്രം ക്ഷണിച്ച സാഹചര്യമുണ്ട്;. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കക്ഷിയെ രാഷ്ട്രപതിയും ഗവർണറും ക്ഷണിച്ചിട്ടുണ്ട്. രണ്ടു കൂട്ടർ അംഗബലം അവകാശപ്പെടുമ്പോൾ, ഇരുകൂട്ടർക്കും ശക്തിതെളിയിക്കാൻ സമഗ്രപരിശോധന നിർദ്ദേശിച്ച ചരിത്രം ഉത്തർപ്രദേശിലും അരുണാചലിലുമുണ്ട്. മേൽപറഞ്ഞതിൽ ഏതു സാഹചര്യമാണെങ്കിലും, ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണ്. 

chair

രാഷ്ട്രപതിഭരണം

ഭൂരിപക്ഷം തെളിയിക്കാൻ ആരും തയ്യാറാതിരിക്കുകയോ, തയ്യാറാകുന്നവർക്ക് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് രാഷ്ട്രപതിഭരണത്തിലേക്കു നീങ്ങുക. നിയമസഭയുടെ കാലാവധി നാളെ അവസാനിക്കുന്നുവെന്നത് ഉടനടി ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാക്കുന്നില്ല. തൽക്കാലം ദേവേന്ദ്ര ഫഡ്നാവിസ് കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർക്കു നിർദ്ദേശിക്കാം; ന്യായമായ കാലയളവിലേക്കാവണമെന്നു മാത്രം. 

പ്രതിസന്ധി മുൻപും:

2005 ബിഹാർ

ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. മന്ത്രിസഭ രൂപീകരിക്കാൻ കഴിയാതിരുന്നതിനാൽ അന്ന്  സംസ്ഥാനത്ത് നിയമസഭ മരവിപ്പിച്ചു നിർത്തി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു. ആറു മാസം നിയമസഭ മരവിപ്പിച്ചു നിർത്തിയ ശേഷമാണ് സർക്കാർ രൂപീകരണം സാധ്യമായത്.

1999 മഹാരാഷ്ട്ര

കോൺഗ്രസും എൻസിപിയും സഖ്യമില്ലാതെ മത്സരിച്ചു. ഫലം ഒക്ടോബർ 7ന് വന്നു. കോൺഗ്രസ് (75 സീറ്റ്) ഏറ്റവും വലിയ ഒറ്റകക്ഷി; എൻസിപിക്ക് 58 സീറ്റ്. ബിജെപി–ശിവസേന സഖ്യത്തിന് 125 സീറ്റ്.  (ശിവസേന: 69, ബിജെപി: 56) . ഗവർണർ പി.സി.അലക്സാണ്ടർ ബിജെപി– സേന സഖ്യത്തെ ക്ഷണിച്ചെങ്കിലും അവർ  ശ്രമിച്ചില്ല.

ഇതിനിടെ കോൺഗ്രസ്– എൻസിപി മന്ത്രിസഭയ്ക്കുള്ള നീക്കമാരംഭിച്ചു. ഫലം വന്നതിന്റെ 11–ാം ദിവസം കോൺഗ്രസ് നേതാവ് വിലാസ്റാവു ദേശ്മുഖ് മുഖ്യമന്ത്രിയായി കോൺഗ്രസ് – എൻസിപി സഖ്യസർക്കാർ അധികാരമേറ്റു. 

2004 മഹാരാഷ്ട്ര

ഇപ്പോഴത്തെ തർക്കത്തിനു സമാനമായത് മറുപക്ഷത്ത്. മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസും എൻസിപിയും കലഹിച്ചു. ഫലം വന്ന് 16 ദിവസത്തിനു ശേഷം, നിലവിലെ സഭയുടെ കാലാവധി തീരുന്ന ദിവസം ഇരുപാർട്ടികളും ധാരണയിലെത്തി. കൂടുതൽ കാബിനറ്റ് മന്ത്രിമാർ എൻസിപിക്കും മുഖ്യമന്ത്രി കോൺഗ്രസിനും. 

English summary: Maharashtra political crisis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA