ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യം നേരിട്ട ഏറ്റവും പ്രയാസമേറിയ രാഷ്ട്രീയ–നിയമപ്രശ്നം തീർപ്പാക്കിയാണു സുപ്രീം കോടതിയുടെ ഏകകണ്ഠമായ വിധിന്യായം. ഭരണഘടനാപരമായി കോടതിക്ക് ഇടപെടുന്നതിനുള്ള സാധ്യത വിപുലീകരിക്കുകയാണ് ഈ വിധിയെഴുത്ത്. ഇതിന്റെ പ്രത്യാഘാതങ്ങൾ നിയമവിദഗ്ധർക്കിടയിലല്ല, രാഷ്ട്രീയക്കാർക്കിടയിലും പൊതുസമൂഹത്തിലുമാണു സംവാദമുയർത്തുക.

ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാൻ പുതിയ ട്രസ്റ്റിനെ ചുമതലപ്പെടുത്തുന്ന വിധിയെ സ്വാഗതം ചെയ്ത രാഷ്ട്രീയ കക്ഷികൾ, വിധി അംഗീകരിക്കാൻ ജനങ്ങളോട് ശക്തമായ അഭ്യർഥനകളും നടത്തിക്കഴിഞ്ഞു. ക്ഷേത്രത്തിനു കൊടുത്ത സ്ഥലത്തല്ലാതെ, അയോധ്യയിൽ മറ്റൊരിടത്ത് മുസ്‌ലിം പള്ളി നിർമിക്കണമെന്നു കോടതി വ്യക്തമാക്കി.

ദശകങ്ങളായി നടത്തിവന്ന പ്രക്ഷോഭം തങ്ങൾക്ക് അനുകൂലമായി നിയമപരമായി തീർപ്പാക്കിയത് ഭൂരിപക്ഷ ഹിതത്തിനുള്ള അംഗീകാരമായി ബിജെപിയും സംഘപരിവാറും കാണുന്നു. രാമക്ഷേത്ര നിർമാണത്തിനു നിയമ അംഗീകാരം ലഭിച്ചതോടെ ബിജെപിയുടെ മുഖ്യവിഷയങ്ങളിലൊന്നു നടപ്പിലാക്കാനാകുമെന്ന സംതൃപ്തിയിലാണു നരേന്ദ്ര മോദി. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എളുപ്പത്തിൽ വെല്ലുവിളിക്കാനാവില്ലെന്ന തത്വത്തിനു നിയമപരമായ സാധുത നൽകിയതിലൂടെ, അടുത്ത ആഴ്ച തീരുമാനം പ്രതീക്ഷിക്കുന്ന ശബരിമല കേസു സംബന്ധിച്ചും ഈ വിധി സൂചന നൽകുന്നു.

മുസ്‍ലിം സംഘടനകൾക്കിടയിൽ അസ്വസ്ഥതയും ഞെട്ടലും ഈ വിധി ഉണ്ടാക്കിയിട്ടുണ്ട്. ബാബറി മസ്‍ജിദ് തകർത്തത് നിയമവിരുദ്ധ പ്രവൃത്തിയാണെന്നു വിധിന്യായത്തിൽ പറയുമ്പോഴും ഭൂമിക്കു മേലുള്ള സുന്നി വഖഫ് ബോർഡിന്റെ അവകാശം കോടതി നിഷേധിച്ചു. വിവിധ സംസ്ഥാനങ്ങളിൽ വിശ്വാസവുമായി ബന്ധപ്പെട്ട മറ്റു തർക്കസ്ഥലങ്ങളിൽ ഹിന്ദുത്വ സംഘടനകളുടെ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിനു കോടതി വിധി തിരി കൊളുത്തുമെന്ന് ആശങ്കയുണ്ട്.

ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശ സംരക്ഷണവും സുപ്രധാന നിയമങ്ങളും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുമേയേറി. എന്നാൽ, കോടതിവിധിയെ വികാരങ്ങൾ ആളിക്കത്തിക്കാൻ ഉപയോഗിക്കില്ലെന്നും ക്രമസമാധാനം പരിപാലിക്കലാണു പ്രധാനമെന്നും വിവിധ രാഷ്ട്രീയ കക്ഷികളും സംസ്ഥാന സർക്കാരുകളും വ്യക്തമാക്കിക്കഴിഞ്ഞു.

English Summary: Ayodhya Verdict Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com