ADVERTISEMENT

ജാഗ്രതയും നിശ്ശബ്ദതയുമായിരുന്നു സുപ്രീം കോടതി വിധി പറയുമ്പോൾ അയോധ്യയുടെ മുഖമുദ്ര. ഏതാനും ദിവസങ്ങളായി കനത്ത സുരക്ഷയുടെ വേലിക്കെട്ടിനുള്ളിൽ ശ്വാസം മുട്ടിയ അയോധ്യ നഗരം ഇത്തിരി ആശ്വാസം കൊണ്ടത് ഇന്നലെ വിധി വന്ന ശേഷമാണ്. വെള്ളിയാഴ്ച രാത്രി വരെ തീർഥാടകരുടെ തിരക്കായിരുന്നു. സുപ്രീം കോടതി വിധി വരുമെന്ന വാർത്ത പരന്നതോടെ ആളൊഴിഞ്ഞു. മടിച്ചു നിന്നവരെ പൊലീസ് പറഞ്ഞയച്ചു.

എങ്ങും തോക്കുള്ളതും ഇല്ലാത്തതുമായ പൊലീസുകാർ. അടഞ്ഞതും പാതി തുറന്നതുമായ കടകൾ. പതിറ്റാണ്ടുകൾ വിവാദം കേന്ദ്രീകരിച്ച രാം ലല്ലയും കർസേവപുരവും ഹനുമാൻ ഗഡിയും ദ്രുതകർമ സേനയുടെ നിയന്ത്രണത്തിൽ. അവരുടെ കണ്ണു വെട്ടിച്ച് ഒരില പോലും അനങ്ങുന്നില്ല. നിരത്തിൽ സുരക്ഷാ സൈനിക വാഹനങ്ങളല്ലാതെ ഒരു സൈക്കിൾ റിക്ഷ പോലും ഇല്ല. സന്യാസിമാരെയും തോക്കേന്തിയ ഭടന്മാരെയും പശ്ചാത്തലമാക്കി ചാനലുകളുടെ ലൈവ് ടെലികാസ്റ്റ്.

വാർത്തകളറിയാതെ ഗ്രാമാന്തരങ്ങളിൽ നിന്നെത്തിയ ഭക്തർ ഇതെല്ലാം കണ്ട് അന്തംവിട്ടു നിന്നു. തുറന്ന കടകളിലെ ടിവിക്കു മുൻപിലും മൊബൈൽ സ്ക്രീനുകൾക്കു മുൻപിലും ജനങ്ങൾ കൂട്ടംകൂടിനിന്ന് ഡൽഹി വാർത്തയ്ക്ക് കാതോർത്തു. ഒടുവിൽ വിധി വന്നപ്പോൾ ചിലർ ജയ് ശ്രീറാം വിളിച്ചു. അത്ര മാത്രം. ഉച്ചയ്ക്കു ശേഷം തെരുവുകൾ സജീവമായി. ജില്ലാ ആസ്ഥാനമായ ഫൈസാബാദിലും ആളനക്കം കുറവായിരുന്നു.

വിധി വന്നതോടെ സന്തോഷിക്കുന്നത് നഗരത്തിലെ കച്ചവടക്കാരാണ്. ഹനുമാൻ ഗഡിക്കടുത്ത് വിഗ്രഹങ്ങൾ വിൽക്കുന്ന രാകേശ് പാണ്ഡെയും തുണിക്കട നടത്തുന്ന സുഹൃത്ത് കെ.ആർ. അഗർവാളും അതു പറഞ്ഞു, ‘‘അയോധ്യ എന്നാൽ യുദ്ധമില്ലാത്ത ഇടമാണ്. അയോധ്യയുടെ പേരിൽ പലരും പോരടിക്കുമ്പോഴും ഇവിടെ ഹിന്ദുക്കളും മുസ്‍ലിംകളും ഒരുമിച്ചാണ് നീങ്ങുന്നത്. തർക്കത്തിന്റെ പേരിൽ ഇനി കടകൾ അടയ്ക്കേണ്ടിവരില്ലല്ലോ.’’

അയോധ്യയ്ക്കു പുറത്ത് ഫൈസാബാദിലെ ചൗക്കിൽ കച്ചവടം നടത്തുന്ന തൊപ്പിവച്ച ചെറുപ്പക്കാരനും അതേ പറയാനുള്ളൂ, ‘‘ഇനി അതിന്റെ പേരിൽ ഇവിടെ ബുദ്ധിമുട്ടുണ്ടാവില്ലായിരിക്കും.’’

വാഹനമൊഴിഞ്ഞ അയോധ്യയുടെ തെരുവിൽ തോക്കേന്തിയ പൊലീസുകാർക്കിടയിൽ പട്ടം പറത്തുന്ന ഹിമാംശുവെന്ന അഞ്ചാം ക്ലാസുകാരൻ അതിലേറെ സന്തുഷ്ടനാണ്. 2 ദിവസം സ്കൂളില്ല. എന്താണ് ഇവിടെ നടക്കുന്നതെന്ന് അവനോട് ചോദിച്ചു. രാം ലല്ലയ്ക്കു നേരെ കൈ ചൂണ്ടി അവൻ പറഞ്ഞു: ‘‘ഒരു കേസുണ്ടായിരുന്നു. അതിനു തീരുമാനമായി. അത്രയേ ഉള്ളൂ.’’

സാന്ധ്യശോഭയിൽ ചുവന്നു നിൽക്കുന്ന സരയൂ നദിയിൽ ചെറുപ്പക്കാർ കുളിക്കാനിറങ്ങുന്നു. അടിയൊഴുക്കുകൾക്കും ചുഴികൾക്കും മീതെ ശാന്തമാണ്, സരയു.

ഉത്തർപ്രദേശ് ശാന്തം; കനത്ത ജാഗ്രത

അയോധ്യ∙ കനത്ത സുരക്ഷാവലയത്തിലുള്ള അയോധ്യയ്ക്കു പുറമേ ഉത്തർപ്രദേശിന്റെ മറ്റു ഭാഗങ്ങളും സുപ്രീംകോടതി വിധി വന്ന ദിവസം ശാന്തമായിരുന്നു. അലിഗഡ് ജില്ലയിൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ ഉപയോഗത്തിന് ഇന്നലെ അർധരാത്രി വരെ നിയന്ത്രണമേർപ്പെടുത്തിയതൊഴിച്ചാൽ വാർത്താ വിനിമയ ബന്ധങ്ങൾ തടസ്സപ്പെട്ടില്ല.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എവിടെയും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുപി ഡിജിപി ഓംപ്രകാശ് സിങ് പറഞ്ഞു. വൈകുന്നേരം ഡിജിപി അയോധ്യയിലെത്തിയിരുന്നു. ലക്നൗവിൽ സജ്ജമാക്കിയ കൺട്രോൾ റൂമിലിരുന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ നിരീക്ഷിച്ചു. മാധ്യമ റിപ്പോർട്ടുകളും സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളും നിരീക്ഷിക്കാനാണ് ഈ കേന്ദ്രം സജ്ജമാക്കിയത്.

സാഹചര്യങ്ങൾക്കനുസരിച്ച് ഇടപെടാൻ അധിക സേനയെ ഒരുക്കി നിർത്തിയിട്ടുണ്ട്. 4000 അർധസൈനികരെ കേന്ദ്രവും എത്തിച്ചിട്ടുണ്ട്. അയോധ്യയിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മജിസ്ട്രേട്ട് അനുജ് കുമാർ ഝാ പറഞ്ഞു. വിധിപ്പകർപ്പ് ലഭിച്ച ശേഷം തുടർനടപടികളുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com