ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യയിൽ ശ്രീരാമന്റെ ജന്മസ്ഥാനം ഏത് ? മസ്ജിദ് നിന്നിരുന്നിടത്ത് മുൻപു രാമക്ഷേത്രമായിരുന്നോ ? അതു തകർത്തശേഷമാണോ മസ്ജിദ് നിർമിച്ചത് ? – ഈ ചോദ്യങ്ങൾക്കൊന്നും വസ്തുതാപരമായ ഉത്തരം കണ്ടെത്താൻ സുപ്രീം കോടതി ശ്രമിച്ചിട്ടില്ല. കാരണം അതൊന്നും കോടതിക്കു സാധ്യമായ കാര്യങ്ങളല്ല. മസ്ജിദ് നിന്നിരുന്ന സ്ഥാനം ശ്രീരാമന്റെ ജന്മസ്ഥാനമെന്ന വിശ്വാസത്തിനാണു ഭരണഘടനാ ബെഞ്ച് ഊന്നൽ നൽകിയത്. തങ്ങളുടെ ആരാധനാലയം നഷ്ടമായ മുസ്‌ലിം സമുദായത്തിനു പകരം അഞ്ചേക്കർ ഭൂമി നൽകിയും കോടതി ഉത്തരവായി.

വിശ്വാസവും ചരിത്രവും

വിശ്വാസമനുസരിച്ചുള്ള രാമജന്മസ്ഥാനം സരയൂനദിയുടെ തെക്കേ കരയിലാണ്. അവിടെ 2.77 ഏക്കർ ഭൂമിയിലാണു ബാബറി മസ്ജിദ് 1992 ഡിസംബർ 6 വരെ നിലനിന്നിന്നത്. ഈ ഭൂമിയുടെ വടക്കേ അതിർത്തിയിൽ സീത കീ രസോയി (സീതയുടെ പാചകശാല) എന്ന കെട്ടിടം. അൽപം കൂടി കിഴക്കോട്ടു മാറി ഹനുമാൻഗഡി എന്ന ചെറിയ കോട്ട പോലുള്ള കെട്ടിടം. തെക്കു പടിഞ്ഞാറായി സങ്കടമോചൻ ക്ഷേത്രം. കൂടാതെ ചുറ്റുമുള്ള ഇടുങ്ങിയ വഴികളുടെ വശങ്ങളിലായി ചെറിയ ക്ഷേത്രങ്ങളും സത്രങ്ങളും.

ഇവിടെ 2200 കൊല്ലം മുൻപു മനുഷ്യവാസമുണ്ടായിരുന്നുവെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഉത്ഖനനത്തിൽ കണ്ടെത്തിയത്. അക്കാലത്ത് ഉത്തരേന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന കറുത്ത മൺപാത്രങ്ങളുടെ ഭാഗങ്ങൾ ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്.

ഇവിടെ ‌എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയ്ക്കു നിർമിച്ചതെന്നു കരുതുന്ന മന്ദിരത്തിന്റെ അടിത്തറയിലാണു 16–ാം നൂറ്റാണ്ടിൽ മസ്ജിദ് നിർമിച്ചതെന്നാണു എഎസ്ഐയുടെ നിഗമനം. എന്നാൽ ആദ്യമുണ്ടായിരുന്നതു തകർത്തശേഷമാണോ മസ്ജിദ് നിർമിച്ചതെന്നു കണ്ടെത്താൻ അവർക്കു സാധിച്ചിട്ടില്ല. മസ്ജിദ് നിർമിക്കാൻ മുൻപുണ്ടായിരുന്ന എടുപ്പുകളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ചിരുന്നോ എന്നും ഉത്ഖനനത്തിൽ വ്യക്തമായില്ല.

 തർക്കങ്ങളുടെ തുടക്കം

അവകാശത്തർക്കം ആരംഭിക്കുന്നതു പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്. കൂടുതൽ പ്രശ്നമുണ്ടാകാതിരിക്കാൻ ബ്രിട്ടിഷ് ഭരണകൂടം മതിൽ കെട്ടി ഹൈന്ദവാരാധനാ സ്ഥലവും മുസ്‌ലിം ആരാധനാ സ്ഥലവും വേർതിരിക്കുകയാണു ചെയ്തത്. ഇരു സമുദായങ്ങളും രണ്ടു ഭാഗങ്ങളിലായി ആരാധന തുടർന്നു. മുസ്‌ലിംകൾ ഇവിടെ നമസ്കാരം നിർത്തിവച്ചിരുന്നുവെന്ന വാദം കോടതി അംഗീകരിച്ചിട്ടില്ല.

എന്നാൽ മസ്ജിദിന്റെ പ്രധാന താഴികക്കുടത്തിനു താഴെയായിരുന്നു ശ്രീരാമന്റെ ജന്മസ്ഥാനമെന്ന വിശ്വാസം തുടർന്നുകൊണ്ടേയിരുന്നുവെന്നും കോടതി നിരീക്ഷിക്കുന്നു. തങ്ങൾക്കു ലഭിച്ച കോണിൽ അവർ രാം ഛബൂത്ര നിർമിച്ച് ആരാധന തുടർന്നുവെന്നും കോടതി വിധിയിൽ പറയുന്നു. മസ്ജിദിന്റെ പ്രധാന താഴികക്കുടത്തിനു താഴെയായിരുന്നു ശ്രീരാമന്റെ ജന്മസ്ഥാനമെന്ന വിശ്വാസത്തിലൂന്നിയാണു ഭൂമി അവർക്കു നൽകി കോടതി വിധിയെഴുതിയത്.

1940കൾ വരെ ഇരുകൂട്ടരും ഇവിടെ ആരാധന നടത്തിയിരുന്നു. തുടർന്നുണ്ടായ നടപടികൾ (1949ൽ പൂട്ടുപൊളിച്ചതും 1992ൽ ബാബറി മസ്ജിദ് തകർത്തതും മറ്റും) നിയമലംഘനമായാണു സുപ്രീം കോടതി ബെഞ്ച് കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com