ADVERTISEMENT

ദേര ബാബാ നാനാക് (ഗുരുദാസ്പുർ) ∙ ആദ്യ തീർഥാടക സംഘത്തെ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കർതാർപുർ‍ ഇടനാഴി രാജ്യത്തിനു സമർപ്പിച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ, നവജ്യോത് സിങ് സിദ്ദു, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കു പുറമേ പഞ്ചാബിലെ 117 എം‌എൽ‌എമാരും 500 പേരടങ്ങുന്ന ആദ്യസംഘത്തിൽ ഉണ്ടായിരുന്നു. 

പഞ്ചാബിലെ ഗുർദാസ്പുരിൽ ദേര ബാബ നാനാക്കിൽ നിന്നു പാക്കിസ്ഥാനിലെ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കാണ് നാലര കിലോമീറ്റർ വരുന്ന ഇടനാഴി. പാക്കിസ്ഥാൻ ഭാഗത്ത് ഇടനാഴി ഉദ്ഘാടനം ചെയ്ത അവിടുത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയിൽ നിന്നുള്ള ആദ്യസംഘത്തെ സ്വീകരിച്ചു.

Indian Sikh pilgrims visit the Gurdwara Darbar Sahib in Kartarpur, Pakistan November 9, 2019. REUTERS/Akhtar Soomro
സിഖ് തീർഥാടന കേന്ദ്രമായ പാക്കിസ്ഥാനിലെ കർതാർപുരിലെത്തിയ ഇന്ത്യൻ സിഖ് മതവിശ്വാസികൾ. ചിത്രം:റോയിട്ടേഴ്സ്

 സിഖ് ജനതയ്ക്കു വേണ്ടി പാക്കിസ്ഥാന്റെ ഹൃദയവും തുറക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.  ഇന്ത്യയുടെ വികാരം മനസ്സിലാക്കിയ പാക്ക് പ്രധാനമന്ത്രിയെ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇടനാഴി ഇന്ത്യ– പാക്ക് ബന്ധം മെച്ചപ്പെടുത്തുമെന്നു മൻ‍മോഹൻസിങ് പ്രത്യാശിച്ചു.

ഇടനാഴിയുടെ ഇന്ത്യൻ ഭാഗത്തെ പാസഞ്ചർ ടെർമിനൽ കെട്ടിടവും മോദി ഉദ്ഘാടനം ചെയ്തു. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള 5,000 തീർഥാടകർക്ക് ദിവസവും ദേവാലയം സന്ദർശിക്കാം.

കുങ്കുമവർണത്തിലുള്ള തലപ്പാവു ധരിച്ചെത്തിയ മോദി ചടങ്ങിനു മുൻപ് പഞ്ചാബ് ഗവർണർ വി.പി. സിങ് ബഡ്നോർ, അമരീന്ദർ സിങ്, സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് സുനിൽ ഝാക്കർ തുടങ്ങിയവരോടൊപ്പം സമൂഹ അന്നദാനത്തിൽ പങ്കെടുത്തു. നവംബർ 12ന് ഗുരുനാനാക്കിന്റെ 550 ാം ജന്മവാർഷിക ദിനത്തിനു മുന്നോടിയായാണ് ഇടനാഴി തുറന്നത്.

സിദ്ദുവിന് വൻ വരവേൽപ്

കർതാർപുർ ഇടനാഴി കടന്ന് പാക്കിസ്ഥാന്റെ മണ്ണിലെത്തിയ കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിന് ഹർഷാരവങ്ങളോടെ സ്വീകരണം. സിദ്ദുവിനെ സ്വീകരിച്ച പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വേദിയിൽവച്ച് അദ്ദേഹത്തെ ആലിംഗനം ചെയ്തപ്പോൾ ജനം ഇളകിമറിഞ്ഞു. ‘ഒരു ആലിംഗനത്തിന് ഇത് ചെയ്യാൻ കഴിയുമെങ്കിൽ, ഞങ്ങൾ കൂടുതൽ ആലിംഗനം ചെയ്യേണ്ടിയിരിക്കുന്നു’– സിദ്ദു പറഞ്ഞു.

English summary: PM Inaugurates Kartarpur corridor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com