ADVERTISEMENT

മുംബൈ ∙ രാഷ്ട്രീയ പ്രതിസന്ധിക്ക് ശിവസേനയെ രൂക്ഷമായി കുറ്റപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചു. മുഖ്യമന്ത്രിപദം പങ്കുവയ്ക്കാമെന്ന വാക്കു തെറ്റിച്ച ബിജെപി ജനങ്ങളുടെ മുന്നിൽ തന്നെ കള്ളനാക്കാൻ നോക്കുകയാണെന്നും അമിത് ഷായിൽ വിശ്വാസമില്ലെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ തുറന്നടിച്ചതോടെ ഇരു പാർട്ടികളുടെയും തമ്മിലടി പരസ്യ യുദ്ധമായി മാറി.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മുതിർന്ന കോൺഗ്രസ്, എൻസിപി നേതാക്കൾ ശരദ് പവാറിന്റെ വസതിയിൽ അടിയന്തര യോഗം ചേരുന്നതിനിടെ, ശിവസേനയുടെ സഞ്ജയ് റാവുത്ത് അവിടെയെത്തിയത് അഭ്യൂഹങ്ങൾക്കു വഴിതുറന്നു. ഇന്നലെത്തന്നെ, അതിനു മുൻപും റാവുത്ത് പവാറിനെ വീട്ടിൽ പോയി കണ്ടിരുന്നു.

ശിവസേന എംഎൽഎമാരെ ബാന്ദ്രയിലെ ഹോട്ടലിൽ നിന്നു മലാഡിലെ റിസോർട്ടിലേക്കു മാറ്റി. തങ്ങളുടെ എംഎൽഎമാർക്കായി ബിജെപി വലവിരിച്ചിരിക്കുകയാണെന്നും 50 കോടി രൂപ വരെയാണ് വാഗ്ദാനമെന്നും കോൺഗ്രസ് ആരോപിച്ചു. എംഎൽഎമാരെ ജയ്പുരിലേക്കു മാറ്റുമെന്നും അറിയിച്ചു.

കഴിഞ്ഞ നിയമസഭയുടെ കാലാവധി തീരുന്ന അവസാന ദിവസവും പുതിയ ബിജെപി– സേനാ സർക്കാർ രൂപീകരിക്കാനാകാത്ത സാഹചര്യത്തിലാണു ഫഡ്നാവിസ് ഗവർണറെ കണ്ടു രാജിക്കത്ത് നൽകിയത്. കാവൽ മുഖ്യമന്ത്രിയായി തുടരും.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ‌മുംബൈയിലെത്തിയതു ബിജെപിക്കു വേണ്ടി പ്രശ്നപരിഹാര നീക്കങ്ങളുമായിട്ടാണെന്നു റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു കാര്യമായ ഇടപെടലുകളുണ്ടായില്ല. ബിജെപി കേന്ദ്രനേതൃത്വം മൗനം തുടർന്നു.

∙ ‘ശിവസേനാ മുഖ്യമന്ത്രിയെ വാഴിക്കുമെന്നു പിതാവ് ബാൽ താക്കറെയ്ക്കു നൽകിയ വാക്കു പാലിക്കും. അതിന് അമിത് ഷായുടെയോ ഫഡ്നാവിസിന്റെയോ സഹായം വേണ്ട.’ – ഉദ്ധവ് താക്കറെ

English Summary: Shivsena BJP issue continues; Fadnavis resigns as CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com