ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യയിൽ ബാബറി മസ്ജിദ് നിലനിന്നിടത്തും മറ്റും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ ഉത്ഖനനത്തിലെ കണ്ടെത്തലുകൾ തള്ളിക്കളയാനാവില്ലെന്ന് സുപ്രീം കോടതി. മസ്ജിദിനു ചുവട്ടിലുണ്ടായിരുന്നത് രാമക്ഷേത്രമെന്ന് എഎസ്ഐയുടെ കണ്ടെത്തലില്ല എന്നും ബുദ്ധ, ജൈന പാരമ്പര്യങ്ങളുമായുള്ള ബന്ധവും പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ക്ഷേത്രമോ കെട്ടിടമോ തകർത്തിട്ടാണോ മസ്ജിദ് നിർമിച്ചതെന്നു കണ്ടെത്തലില്ലെന്നതായിരുന്നു എഎസ്ഐയുടെ റിപ്പോർട്ടിനെതിരെ ഉന്നയിക്കപ്പെട്ട പ്രധാന വാദം.

കോടതിയുടെ നിരീക്ഷണങ്ങൾ

∙ എഎസ്ഐയുടേത് ആർക്കിയോളജി മേഖലയിലെ വിദഗ്ധ സർക്കാർ ഏജൻസിയുടെ അഭിപ്രായമാണ്. വിദഗ്ധാഭിപ്രായം അന്തിമമല്ല, കോടതി അത് സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. എഎസ്ഐയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുമാവില്ല. വിദേശ നിയമം, ശാസ്ത്രം, കല, കയ്യക്ഷരം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധാഭിപ്രായത്തെ പ്രസക്തമായ വസ്തുതയായി പരിഗണിക്കാൻ തെളിവു നിയമത്തിലെ 45ാം വകുപ്പ് അനുവദിക്കുന്നു.

∙ എഎസ്ഐയുടെ നിലപാട് കണക്കിലെടുക്കുമ്പോൾ, ഉത്ഖനനത്തിൽ കണ്ടെത്തിയ ഭിത്തി ഈദ്ഗാഹിന്റേതാണെന്ന വഖഫ് ബോർഡിന്റെ വാദം അംഗീകരിക്കാനാവില്ല. അംഗീകരിച്ചാൽ, തകർക്കപ്പെട്ട ഈദ്ഗാഹിന്റെ അടിത്തറയിലാണ് മസ്ജിദ് നിർമിച്ചതെന്നാവും. ഒഴിഞ്ഞുകിടന്ന ഭൂമിയിലാണ് മസ്ജിദ് നിർമിച്ചതെന്നായിരുന്നു ആദ്യ വാദം. അടിയിലുണ്ടായിരുന്ന നിർമാണം ഇസ്‌ലാമുമായി ബന്ധമുള്ളതല്ല. ഈദ്ഗാഹ് സംബന്ധിച്ച വാദം പിന്നീടുണ്ടായ തോന്നലാണ്.

∙ വൃത്താകൃതിയിലുളള ആരാധനാസ്ഥലമാണ് ഉത്ഖനനത്തിൽ വ്യക്തമായത്. ഇത് ശിവനെ ആരാധിക്കുന്നതും 7–9 നൂറ്റാണ്ടുകളിലേതുമാവാം. മസ്ജിദിനു ചുവട്ടിലെ മന്ദിരം 12ാം നൂറ്റാണ്ടിലേതാണ്. അപ്പോൾ, രണ്ടും വ്യത്യസ്ത കാലഘട്ടങ്ങളിലേതാണ്.

∙ താഴെയുള്ള മന്ദിരം രാമക്ഷേത്രമായിരുന്നു എന്നു കൃത്യമായ കണ്ടെത്തലില്ല. തർക്ക മന്ദിരം നിർമിച്ചത് ക്ഷേത്രം നിർമിച്ചിട്ടാണോയെന്ന് എഎസ്ഐ കൃത്യമായി പറയുന്നില്ല. പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കു മുകളിലാണ് പുതിയ മന്ദിരം നിർമിച്ചത് എന്നത്, പഴയതു തകർത്ത് പുതിയതു നിർമിച്ചു എന്ന് അനുമാനിക്കാൻ വക നൽകുന്നില്ല. അത്തരമൊരു അനുമാനത്തിന് എഎസ്ഐ തയാറായില്ല. എന്നാൽ, ഹൈക്കോടതി അതിനു തുനിഞ്ഞു.

∙ഹിന്ദു ക്ഷേത്രം തകർത്തിട്ടാണോ മസ്ജിദ് നിർമിച്ചതെന്ന സംശയത്തിന് എഎസ്ഐ ഉത്തരം നൽകിയില്ല. അന്തിമ വിശകലനത്തിൽ, തെളിവുകൾ മൊത്തത്തിൽ പരിഗണിക്കുമ്പോൾ എഎസ്ഐയുടെ ഈ പരിമിതി കണക്കിലെടുക്കേണ്ടതുണ്ട്.

∙എഎസ്ഐയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പരിഗണിക്കുമ്പോൾ, നിർമാണങ്ങൾക്ക് ബുദ്ധ, ജൈന പാരമ്പര്യങ്ങളുമായി ബന്ധമെന്ന സാധ്യത തള്ളിക്കളയാനാവില്ല. ഉത്ഖനനം വ്യക്തമാക്കുന്നത് സംസ്കൃതികളുടെയും സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും കൂടിച്ചേരലാണ്.

English Summary: Ayodhya Verdict Updates

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com