ന്യൂഡൽഹി ∙ ബാബറി മസ്ജിദ് നിലനിന്നിടംതന്നെ രാമജന്മ സ്ഥാനമെന്ന് രേഖാപരവും വാമൊഴിയാലുള്ളതുമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അനുമാനിക്കാമെന്ന് സുപ്രീം കോടതി. 5 അംഗ ബെഞ്ചിന്റെ വിധിയുടെ അനുബന്ധമായി നൽകിയ, ഒരു ജഡ്ജി ഉന്നയിക്കുന്ന കാരണങ്ങളുടേതായ രേഖയിലാണ് ഇതു വ്യക്തമാക്കിയിട്ടുള്ളത്. രാമജന്മസ്ഥാനം സംബന്ധിച്ച വിശ്വാസമാണ് തെളിയിക്കപ്പെടുന്നതെന്നും ജഡ്ജി വ്യക്തമാക്കുന്നു.
2010 ൽ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വിധി പറഞ്ഞപ്പോൾ, ജസ്റ്റിസ് ധരംവീർ ശർമ മസ്ജിദ് നിലനിന്നിടംതന്നെ ജന്മസ്ഥാനമെന്നു തീർത്തുപറഞ്ഞിരുന്നു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഈ വിലയിരുത്തൽ, 1994 ഒക്ടോബർ 24 നു സുപ്രീം കോടതിയെടുത്ത നിലപാട് ചർച്ചയിലേക്കു കൊണ്ടുവരുന്നതാണ്.
അന്ന്, ചീഫ് ജസ്റ്റിസ് എം.എൻ. വെങ്കടചെല്ലയ്യ അധ്യക്ഷനായ ബെഞ്ച് 2 വിഷയങ്ങളാണു പരിഗണിച്ചത്: 1–ബാബറി മസ്ജിദ് തകർപ്പെട്ടതിനു പിന്നാലെ, അയോധ്യയിലെ ഭൂമിയും അതിനോടു ചേർന്നുള്ള പ്രദേശങ്ങളും ഏറ്റെടുത്ത് കേന്ദ്ര സർക്കാർ 1993 ഏപ്രിൽ 3 കൊണ്ടുവന്ന നിയമത്തിന്റെ ഭരണഘടനാപരമായ സാധുത. 2– ഭരണഘടനയിലെ 143ാം വകുപ്പു പ്രകാരം രാഷ്ട്രപതി സുപ്രീം കോടതിക്കു റഫർ ചെയ്ത ചോദ്യം: ബാബറി മസ്ജിദിനു മുൻപ്, അവിടെ ഹൈന്ദവ ക്ഷേത്രം ഉണ്ടായിരുന്നോ?
രാഷ്ട്രപതിയുടെ റഫറൻസിനു മറുപടി നൽകാൻ കോടതി തയാറായില്ല. അതിനു കാരണമായി കോടതി പറഞ്ഞു:‘അയോധ്യയെന്ന കൊടുങ്കാറ്റ് വീശിപ്പോകും. അതിന്റെ പേരിൽ സുപ്രീം കോടതിയുടെ അന്തസ്സും അഭിമാനവും സന്ധി ചെയ്യാനാവില്ല.’
ഇസ്മായിൽ ഫാറൂഖിയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ളതെന്ന തലക്കെട്ടിലുള്ള കേസിലെ ഈ വിധിയിലാണ്, മസ്ജിദ് ഇസ്‌ലാം മതവിശ്വാസത്തിന്റെ അഭിഭാജ്യ ഘടകമല്ലെന്നു ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്. ഈ വിധി പുനഃപരിശോധിക്കണമെന്ന സുന്നി വഖഫ് ബോർഡിന്റെയും മറ്റും ആവശ്യം കഴിഞ്ഞ വർഷം മൂന്നംഗ ബെഞ്ച് തള്ളി. തർക്കഭൂമിയും അനുബന്ധപ്രദേശങ്ങളും ഏറ്റെടുത്ത നിയമത്തിലെ 4(3) വകുപ്പ് 1994ലെ വിധിയിൽ കോടതി റദ്ദാക്കി.
തർക്കഭൂമിയും ചുറ്റുവട്ടത്തുള്ള ഭൂമിയും ഏറ്റെടുത്ത നിയമത്തിലെ 4(3) വകുപ്പും അന്നു കോടതി റദ്ദാക്കി. തർക്കപരിഹാരത്തിനു ബദൽ വഴി നിർദേശിക്കാതെ നിലവിലെ കേസുകൾ ഒഴിവാക്കുന്ന വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. കോടതിയുടെ ഈ നടപടിയിലൂടെയാണ്, അയോധ്യ തർക്കത്തെക്കുറിച്ച് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിലുണ്ടായിരുന്ന കേസുകൾ പുനരുജ്ജീവിപ്പിക്കപ്പെട്ടത്. ഈ കേസുകളിലെ വിധിക്കെതിരെയുള്ള അപ്പീലിലാണ് സുപ്രീം കോടതി ഇന്നലെ വിധി പറഞ്ഞത്.
പ്രയോഗിക്കുക ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 2 വകുപ്പുകൾ
അയോധ്യയിൽ ക്ഷേത്ര നിർമാണത്തിനും മറ്റുമായി പദ്ധതി തയാറാക്കുന്നതിനു 1993ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 6,7 വകുപ്പുകൾ പ്രയോഗിക്കാനാണു സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചത്.
ഈ വകുപ്പുകളിൽ പറയുന്നത്
6–ാം വകുപ്പ്: പ്രദേശം ട്രസ്റ്റിനോ മറ്റേതെങ്കിലും സംവിധാനത്തിനോ നൽകാൻ കേന്ദ്ര സർക്കാരിനുള്ള അധികാരം. ഏറ്റെടുത്ത ഭൂമിയോ അതിന്റെ ഭാഗമോ ഏതെങ്കിലും അധികാര കേന്ദ്രത്തിനോ ട്രസ്റ്റിനോ ഉമടസ്ഥതയുൾപ്പെടെ കൈ മാറാം.
7–ാം വകുപ്പ്: ഏറ്റെടുത്ത ഭൂമിയുടെ നടത്തിപ്പിനു കേന്ദ്ര സർക്കാരിനോ അതു ചുമതലപ്പെടുത്തുന്ന സംവിധാനത്തിനോ ഉള്ള അധികാരം സംബന്ധിച്ചതാണ് ഈ വകുപ്പ്. കെട്ടിടം നിലനിന്ന സ്ഥാനത്തിന്റെ സ്ഥിതി, നിയമം പ്രാബല്യത്തിലാവും മുൻപുള്ള അവസ്ഥയിൽ നിലനിർത്തണമെന്നാണ് 7 (2) വ്യക്തമാക്കുന്നത്. അപ്പോൾ, നിയമമനുസരിച്ചാണെങ്കിൽ അവിടെ ക്ഷേത്ര നിർമാണത്തിനു വ്യവസ്ഥയില്ല. ഭൂമി പഴയ സ്ഥിതിയിൽ നിലനിർത്താനാണ് അതിനാൽ കേന്ദ്ര സർക്കാരിനുള്ള അധികാരം. എന്നാൽ, ഈ നിയമം പ്രയോഗിച്ചു രൂപീകരിക്കുന്ന സംവിധാനത്തിനു ക്ഷേത്ര നിർമാണത്തിനും അധികാരം നൽകണമെന്നാണു കോടതി നിർദേശം എന്നതു ശ്രദ്ധേയം.