ADVERTISEMENT

തിരുവനന്തപുരം ∙ ‘പ്രിയ സുഹൃത്തേ, അഡ്വാൻസ്ഡ് ഹെവി വാട്ടർ റിയാക്ടറിനെക്കുറിച്ചുള്ള പ്രബന്ധം അയയ്ക്കുന്നു, താങ്കൾക്കിതിൽ താൽപര്യമുണ്ടാകുമെന്നു കരുതുന്നു. ഇതെവിടെയും പ്രസിദ്ധീകരിച്ചിട്ടില്ല. വായിച്ചിട്ടു ദയവായി മറുപടി അയയ്ക്കുമല്ലോ’– ആണവഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന ഒരാൾക്ക് മറ്റൊരു ഗവേഷകന്റെ ഇമെയിൽ വിലാസത്തിൽ നിന്ന് ഇത്തരമൊരു ഇമെയിൽ ലഭിച്ചാൽ അതിനൊപ്പമുള്ള അറ്റാച്ച്മെന്റ് ഫയൽ തുറന്നുനോക്കാനുള്ള സാധ്യതയേറെയാണ്, ഭാഭ അറ്റോമിക് സെന്ററിന്റെ ഔദ്യോഗിക വെബ്‍ വിലാസം മെയിലിനൊപ്പം കാണുമ്പോൾ  പ്രത്യേകിച്ചും. വിവരങ്ങൾ ചോർത്താനായി ഈ സാധ്യതയും ഉത്തരകൊറിയൻ ഹാക്കർമാർ ഉപയോഗിച്ചിരിക്കുന്നു!

ഭാഭ അറ്റോമിക് റിസർച്ച് സെന്ററിന്റെ (ബിഎആർസി) കെഎസ്കെആർഎ ഫെലോഷിപ്പിന് അർഹരായ ഗവേഷകർക്ക് അപകടകരമായ മാൽവെയർ ചേർത്ത ഇമെയിലുകൾ ഹാക്കർമാർ അയച്ചത് ദക്ഷിണ കൊറിയൻ സൈബർ സുരക്ഷാ സ്ഥാപനമായ ‘ഇഷ്യുമേക്കേഴ്സ് ലാബ്’ പുറത്തുവിട്ടു. മറ്റു ഗവേഷകരുടേതെന്നു തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഇമെയിൽ വിലാസമുപയോഗിച്ചായിരുന്നു ശ്രമം. 

ഇത്തരം മെയിലുകൾ ബ്ലോക് ചെയ്യുന്ന സാങ്കേതികവിദ്യയും കടന്ന് വ്യക്തികൾക്കു മെയിൽ ഇൻബോക്സിൽ തന്നെ ലഭിച്ചിട്ടുണ്ടോയെന്നു വ്യക്തമല്ല. തോറിയം അധിഷ്ഠിതമായ പുതുതലമുറ ആണവ റിയാക്ടറുകളുടെ ഇന്ത്യൻ രൂപകൽപനയാണ് അഡ്വാൻസ്ഡ് ഹെവി വാട്ടർ റിയാക്ടർ (എഎച്ച്ഡബ്ല്യുആർ).

തോറിയം അധിഷ്ഠിതമായ റിയാക്ടറുകളുമായി ബന്ധപ്പെട്ട ഗവേഷണവിവരങ്ങൾ ചോർത്താൻ ആണവമേഖലയിലെ ഉന്നതർക്കു വൈറസ് അടങ്ങിയ ഇമെയിലുകൾ അയച്ചുവെന്ന് ഇഷ്യുമേക്കേഴ്സിന്റെ മുൻപു വെളിപ്പെടുത്തിയിരുന്നു. 2014 ൽ ദക്ഷിണ കൊറിയൻ ആണവനിലയങ്ങൾക്കെതിരെ ഉപയോഗിച്ച വൈറസാണ് ഈ ഇമെയിലിനൊപ്പമുണ്ടായിരുന്നതെന്ന് ഇഷ്യുമേക്കേഴ്സ് സ്ഥാപകൻ സൈമൺ ചോയി മനോരമയോടു പറഞ്ഞു.

ചുരുളഴിഞ്ഞതിങ്ങനെ

ഫെലോഷിപ് പട്ടികയിലുൾപ്പെട്ട പരേഷ് ഹാൽഡർ എന്ന വ്യക്തിയുടെ പേരിലാണ് അതേ പട്ടികയിലുള്ള മറ്റൊരു വ്യക്തിക്ക് മെയിലെത്തിയത്. പരേഷിന്റെ ജിമെയിൽ വിലാസത്തിനു സമാനമായി '@barc.gov.in' എന്നവസാനിക്കുന്ന വിലാസത്തിൽ നിന്നാണു മെയിൽ അയച്ചതായി കാണുന്നത്.

എന്നാൽ തനിക്കു ബാർക്കിന്റെ ഇമെയിൽ വിലാസമില്ലെന്നും ഇതു വ്യാജമാണെന്നും പരേഷ് ‘മനോരമ’യോടു പറഞ്ഞു. മറ്റൊരാളുടെ ഇമെയിൽ വിലാസത്തിൽ നിന്നയയ്ക്കുന്നതുപോലെ ഇമെയിൽ ചെയ്യാൻ കഴിയുന്ന വിദ്യയാണ് ഹാക്കർമാർ ഉപയോഗിച്ചതെന്ന് ഇഷ്യുമേക്കേഴ്സ് ലാബും വ്യക്തമാക്കുന്നു.

English Summary: North Korea Hackers aimed Indian Nuclear Experts

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com