രാജ്യം അയോധ്യാ വിധി സ്വീകരിച്ചത് സംയമനത്തോടെ

supreme-court
SHARE

ന്യൂഡൽഹി ∙ അയോധ്യ കേസിലെ സുപ്രീം കോടതി വിധി രാജ്യം സ്വീകരിച്ചത് തികഞ്ഞ സംയമനത്തോടെ. രാജ്യമെമ്പാടും വൻ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും എങ്ങുനിന്നും അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരും അച്ചടക്കം പാലിച്ചു. സംയമനം പാലിക്കണമെന്ന് രാഷ്ട്രീയ നേതാക്കളും വിവിധ സംഘടനകളും ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.

സുപ്രീം കോടതിയും പരിസരവും ഇന്നലെ രാവിലെ മുതൽ കനത്ത സുരക്ഷാ വലയത്തിലായിരുന്നു. വിധി പ്രഖ്യാപന നടപടികൾ ആരംഭിച്ചതിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സാഹചര്യം വിലയിരുത്താൻ അടിയന്തര യോഗം വിളിച്ചു.

ഉത്തർപ്രദേശ് ഉൾപ്പെടെ പ്രശ്ന സാധ്യതയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നേരിട്ടു സംസാരിക്കുകയും ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജിത് ഭല്ല, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

വിവിധ സംസ്ഥാനങ്ങളിൽ പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. വ്യാജ പ്രചാരണം നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചതിനു ഡൽഹിയിലെ നോയിഡയിൽ 2 പേരും രാജസ്ഥാനിലെ ബിക്കാനിറിൽ ഒരാളും അറസ്റ്റിലായി. ഡൽഹിയിൽ ഡ്രോണുകൾ ഉപയോഗിച്ചും പൊലീസ് നിരീക്ഷണം നടത്തി. ചില സ്ഥലങ്ങളിൽ നേരിയ സംഘർഷാവസ്ഥ രൂപപ്പെട്ടെങ്കിലും പൊലീസ് ഇടപെട്ട് പരിഹരിച്ചു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഡൽഹി ജുമാ മസ്ജിദിനു സമീപം കൂടുതൽ സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു.

മധ്യപ്രദേശിലെ ഭോപാലിൽ 30 വരെ എല്ലാ പ്രതിഷേധ പരിപാടികൾക്കും ജില്ലാ അധികൃതർ അനുമതി നിഷേധിച്ചു. ഇന്നു നടത്താനിരുന്ന നബിദിന റാലി സംഘാടകർ ഉപേക്ഷിച്ചു. പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കമൽനാഥ് സ്ഥിതി വിലയിരുത്തി. ജമ്മു കശ്മീരിൽ കർശന സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയത്. ഉത്തർപ്രദേശിലെ അലിഗഡിൽ ഇന്റർനെറ്റ് സേവനം 24 മണിക്കൂർ നിർത്തിവച്ചു.

സ്ഥാനപതിമാർക്ക്  വിശദീകരണം നൽകി

ന്യൂഡൽഹി ∙ അയോധ്യ കേസിലെ സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങൾ റഷ്യ, ഫ്രാൻസ്, ഇറാൻ തുടങ്ങിയവ അടക്കമുള്ള രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളെ വിദേശകാര്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ധരിപ്പിച്ചു.

ദക്ഷിണപൂർവേഷ്യ, ദക്ഷിണ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഗൾഫ് മേഖല എന്നിവിടങ്ങളിലെ രാജ്യങ്ങളുടെ പ്രതിനിധികൾക്കും വിധി സംബന്ധിച്ച വിവരങ്ങൾ കൈമാറി. പ്രധാന രാജ്യങ്ങൾക്കു പുറമേ ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളും ഇതിൽ പെടും. പ്രധാന രാജ്യങ്ങളുടെ സ്ഥാനപതിമാർക്ക് വിശദീകരണം നൽകിയത് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ തന്നെയാണ്.

English summary: India receive Ayodhya Verdict peacefully

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA