ADVERTISEMENT

മുംബൈ ∙ സർക്കാർ രൂപീകരിക്കാൻ താൽപര്യമോ, അതിനുള്ള അംഗബലമോ ഉണ്ടെങ്കിൽ അക്കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി കത്തു നൽകി. നാളെ രാത്രി എട്ടിനകം മറുപടി നൽകാനാണ് ഗവർണറുടെ നിർദേശമെന്നറിയുന്നു. തീരുമാനമെടുക്കാൻ ബിജെപി സംസ്ഥാന ഏകോപനസമിതി  ഇന്നു ചേരും. 

നിയമസഭയുടെ കാലാവധി തീരുന്ന ഇന്നലെയും സർക്കാർ രൂപീകരണത്തിന് ആരും മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ  അഭിപ്രായം വൈകിട്ട് ഗവർണർ ആരാഞ്ഞത്. ബിജെപി സന്നദ്ധത അറിയിച്ചാൽ  പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ കത്ത് സഹിതം ഭൂരിപക്ഷം ഉണ്ടെന്ന് വ്യക്തമാക്കുകയാണ് അടുത്ത നടപടി.  അതിനു കഴിയുന്നില്ലെങ്കിൽ  രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ  ക്ഷണിച്ചേക്കാം.  

ഒരു പാർട്ടിക്കും ഭൂരിപക്ഷം അവകാശപ്പെടാനായില്ലെങ്കിൽ നിയമസഭ മരവിപ്പിച്ചു നിർത്തി രാഷ്ട്രപതി ഭരണത്തിനുള്ള നടപടികളിലേക്ക് ഗവർണർ കടക്കാനാണു സാധ്യത. 

ഇന്നലെ ശിവസേന ക്യാംപിൽ കാര്യമായ കൂടിയാലോചനയുണ്ടായില്ല. സേനാ എംഎൽഎമാർ മലാഡിലെ ഹോട്ടലിൽ തന്നെ തങ്ങിയപ്പോൾ 44 തങ്ങളുടെ എംഎൽഎമാരിൽ 35 പേർ ജയ്പുരിലെത്തിയതായി കോൺഗ്രസ് അറിയിച്ചു. രണ്ടു ദിവസത്തിനകം എൻസിപി യോഗം ചേരും.

കണക്കുകൾ ഇങ്ങനെ

105 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. സ്വതന്ത്രരും ചെറു കക്ഷികളുമടക്കമുള്ള 29 ൽ  15 അംഗങ്ങളുടെ പിന്തുണ പാർട്ടി അവകാശപ്പെടുന്നുണ്ട്. അപ്പോൾ അംഗബലം 120 ആകും. എന്നാൽ, കേവല ഭൂരിപക്ഷത്തിനു വേണ്ട  145 എത്താൻ 25 പേർ  കൂടി  വേണം.  ശിവസേനയ്ക്കു പിന്തുണ പ്രഖ്യാപിച്ച 8 പേരെയും ശേഷിക്കുന്ന 6 പേരെയും ബിജെപി പാളയത്തിലെത്തിക്കാൻ കഴിഞ്ഞാൽ അംഗബലം 134.

അപ്പോഴും 11 പേരുടെ കുറവുണ്ട്. ഇതരപാർട്ടികളിൽ നിന്നുള്ളവരെ അടർത്തിയെടുത്ത് ഇൗ കുറവു പരിഹരിക്കാമെന്നു കരുതിയാലും  ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനായിരിക്കും സേനയും എൻസിപിയും കോൺഗ്രസും ശ്രമിക്കുക. ചുരുക്കത്തിൽ, ശിവസേനയുമായി കൈകോർക്കുകയാണ് ബിജെപിക്കു മുന്നിലെ എളുപ്പവഴി. ∙ മറ്റു പാർട്ടികളുടെ നില: ശിവസേന– 56, എൻസിപി – 54, കോൺഗ്രസ് – 44.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com